KERALAM

ജസ്റ്റിസ് മൻമോഹൻ സുപ്രീംകോടതി ജഡ്‌ജി

ന്യൂഡൽഹി : ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൻമോഹനെ സുപ്രീംകോടതി ജഡ്‌ജിയായി രാഷ്‌ട്രപതി ദ്രൗപദി മുർമു നിയമിച്ചു. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിക്കുകയായിരുന്നു. സുപ്രീം കോടതിയിൽ ഡൽഹി ഹൈക്കോടതിയുടെ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ജസ്റ്റിസ് മൻമോഹന് സ്ഥാനക്കയറ്റം നൽകിയത്. നിലവിൽ അവിടെ നിന്നുള്ള ഒരു ജഡ്‌ജി മാത്രമാണ് സുപ്രീംകോടതിയിലുള്ളത് – ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ജസ്റ്റിസ് മൻമോഹൻ ചുമതലയേൽക്കുന്നതോടെ സുപ്രീംകോടതി ജഡ്‌ജിമാരുടെ അംഗബലം 33 ആകും. പൂർണ അംഗബലത്തിലെത്താൻ 34 ജഡ്‌ജിമാ‌ർ വേണം.

ഡൽഹി ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്റ്റിസായി മുതിർന്ന ജഡ്‌ജി വിഭു ബഖ്രുവിനെ നിയമിച്ചു.

ഹൈക്കോടതി ജഡ്‌ജിമാരുടെ ദേശീയ സീനിയോറിറ്റി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ജസ്റ്റിസ് മൻമോഹൻ. 2008 മാർച്ച് 13ന് ഡൽഹി ഹൈക്കോടതി ജഡ്‌ജിയായി. കഴിഞ്ഞ സെപ്‌തംബർ 29ന് ചീഫ് ജസ്റ്റിസായി.

നവംബർ 28നാണ് ജസ്റ്റിസ് മൻമോഹനെ സുപ്രീംകോടതി ജഡ്‌ജിയാക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌തത്. മുൻ കേന്ദ്രമന്ത്രിയും ജമ്മു കാശ്‌മീർ ഗവർണറുമായിരുന്ന ജഗ്‌മോഹൻ മൽഹോത്രയാണ് പിതാവ്.


Source link

Related Articles

Back to top button