KERALAMLATEST NEWS

ലക്ഷദ്വീപിലൊരു ആശുപത്രി: ആഗ്രഹം ബാക്കിയാക്കി മുഹമ്മദ് ഇബ്രാഹിം മടങ്ങി

കൊച്ചി: നാട്ടിലൊരു ആശുപത്രി പണിത് ഏവർക്കും ചികിത്സ ഉറപ്പാക്കണമെന്ന ആഗ്രഹം ബാക്കിയാക്കി മുഹമ്മദ് ഇബ്രാഹിം യാത്രയായി. ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച ലക്ഷദ്വീപ് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം എറണാകുളം ടൗൺ ജുമാ മസ്ജിദ് കബർസ്ഥാനിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ കബറടക്കി.

മകൻ ഡോക്ടറായി നാട്ടിലേക്ക് വരുന്നത് സ്വപ്‌നംകണ്ടിരുന്ന മാതാപിതാക്കളായ പി. മുഹമ്മദ് നസീറും മുംതാസും ചേതനയറ്റ ശരീരംകണ്ട് തളർന്നുവീണു. കൂട്ടുകാരും അദ്ധ്യാപകരും വിങ്ങിപ്പൊട്ടി.

ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് ഇബ്രാഹിമിന്റെ മൃതദേഹവുമായി ആംബുലൻസ് എറണാകുളം മാർക്കറ്റിലെ പള്ളിക്ക് മുന്നിലെത്തിയത്.

കവരത്തിയിൽ നിന്ന് ഹെലികോപ്റ്ററിൽ ആന്ത്രോത്തിൽ വന്ന മാതാപിതാക്കൾ അവിടെ നിന്ന് വിമാനമാർഗം കൊച്ചിയിലെത്തി. മയ്യത്ത് നമസ്‌കാരത്തിനുശേഷം പള്ളിയങ്കണത്തിൽ പത്ത് മിനിട്ട് പൊതുദർശനം. കൂട്ടുകാരും അദ്ധ്യാപകരും രാഷ്ട്രീയനേതാക്കളും അന്ത്യോപചാരം അർപ്പിച്ചു. ഒടുവിലാണ് മകനെ ഒരു നോക്കു കാണിക്കാൻ മുംതാസിനെ എത്തിച്ചത്. കരഞ്ഞുതളർന്ന അവർ മകനെ നെഞ്ചോടുചേർന്ന് മുറുകെപ്പിടിച്ചു.

മകനെ ഡോക്ടറാക്കണമെന്നായിരുന്നു മത്സ്യത്തൊഴിലാളിയായ നസീറിന്റെ ആഗ്രഹം. എസ്.എസ്.എൽ.സിക്ക് മികച്ച മാർക്കോടെ പാസായതോടെ പ്ലസ് ടുവിന് മലപ്പുറം കോട്ടയ്ക്കൽ യൂണിവേഴ്‌സൽ പബ്ളിക് സ്കൂളിൽ ചേർത്തു. എൻട്രൻസിനുള്ള തയ്യാറെടുപ്പുകളും നടത്തി.

ആദ്യ നീറ്റ് പരീക്ഷയിൽ തന്നെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഇബ്രാഹിം പ്രവേശനം നേടിയത് കേക്ക് മുറിച്ചാണ് ആഘോഷിച്ചതെന്ന് സുഹൃത്ത് അതുൽ കൃഷ്ണ പറഞ്ഞു. ഒന്നരമാസം മുമ്പ് പിതാവിനൊപ്പമാണ് ആലപ്പുഴയിലെത്തി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയത്. ക്രിസ്മസ് അവധിക്ക് മകൻ നാട്ടിലേക്ക് വരുമ്പോൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നസീറും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിൽ യു.ഡി ക്ലർക്കായ മുംതാസും. നാലാം ക്ലാസ് വിദ്യാർത്ഥിയായ അഷ്വാക്കാണ് സഹോദരൻ.


Source link

Related Articles

Back to top button