വിടവാങ്ങിയത് കാമ്പസിന്റെ പ്രിയപ്പെട്ടവർ
ആലപ്പുഴ: ഒക്ടോബർ 14നാണ് വലിയ സ്വപ്നങ്ങളുമായെത്തിയ 175 പേരുമായി ആലപ്പുഴ മെഡിക്കൽ കോളേജിലെ ഏറ്റവും പുതിയ എം.ബി.ബി.എസ് ബാച്ച് ആരംഭിച്ചത്. ഓറിയന്റേഷൻ ക്ലാസുകൾ പൂർത്തിയാക്കി നവംബർ എട്ടുമുതൽ ലക്ചർ ക്ലാസുകൾ തുടങ്ങി. ഒന്നരമാസത്തിനുള്ളിൽ സഹപാഠികൾക്കും സീനിയർ വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രിയങ്കരരായി മാറിയിരുന്നു മരിച്ച അഞ്ചുപേരും. പഠനത്തിലും സ്പോർട്സിലും ഒരുപോലെ മിടുക്കരായിരുന്നു എല്ലാവരും.
വിദ്യാർത്ഥികൾ ഒരുമിച്ച് സിനിമയ്ക്ക് പോകുന്ന പതിവുണ്ടെങ്കിലും സാധാരണ കെ.എസ്.ആർ.ടി.സി ബസിലായിരുന്നു യാത്ര. പതിവിന് വിപരീതമായാണ് ഇത്തവണ ഒരുമിച്ച് കാറിൽ പോകാൻ തീരുമാനിച്ചത്.
തിങ്കളാഴ്ചയാണ് അനാട്ടമിയുടെ ടേബിൾ ടെസ്റ്റ് അവസാനിച്ചത്. പരീക്ഷയുടെ സമ്മർദ്ദത്തിൽ നിന്ന് മുക്തി തേടിയാണ് പുതിയ സിനിമയായ ‘സൂക്ഷ്മദർശിനി”യുടെ രാത്രി 9.30ന്റെ ഷോയ്ക്ക് ആലപ്പുഴ നഗരത്തിലെ തിയേറ്ററിൽ പോകാൻ പതിമൂന്നംഗ സംഘം തീരുമാനിച്ചത്. 11 പേർ കാറിലും രണ്ടുപേർ പിന്നാലെ ബൈക്കിലുമായി പുറപ്പെട്ടു. അമ്പലപ്പുഴ കച്ചേരിമുക്ക് സ്വദേശി ജോയൽ ഷാജിയും ഇവർക്കൊപ്പം സിനിമയ്ക്ക് പോകാൻ തീരുമാനിച്ചിരുന്നു. എന്നാൽ അച്ഛൻ സമ്മതിക്കാത്തതിനാൽ യാത്ര ഒഴിവാക്കി.
ഇനി അവനില്ല…
മരണപ്പെട്ട മുഹമ്മദ് അബ്ദുൾ ജബ്ബാറും അമ്പലപ്പുഴ സ്വദേശി ജോയൽ ഷാജിയും, കോഴിക്കോട് സ്വദേശി എസ്.വി.അനിരുദ്ധും ഒന്നരമാസമായി ഒരേ മുറിയിലാണ് താമസം. വീട് അടുത്താണെങ്കിലും പഠിക്കാൻ ഏറെയുള്ളതിനാലാണ് ജോയലും ഹോസ്റ്റലിൽ താമസിക്കുന്നത്. കഴിഞ്ഞ ദിവസം വരെ കൂടെയുണ്ടായിരുന്ന കൂട്ടുകാരനില്ലാത്ത മുറിയിൽ അവന്റെ ഓർമ്മകൾ നെഞ്ചിലേറ്റി തുടരണമല്ലോയെന്ന സങ്കടത്തിലാണിവർ.
വിട്ടൊഴിയാതെ ആഘാതം
ഇരുചക്രവാഹനത്തിൽ കാറിന് പിന്നാലെപോയ അശ്വിത്തിന് കണ്ണടച്ചാൽ മനസിൽ തെളിയുന്നത് കൈയറ്റ ശ്രീദേവിന്റെ രൂപമാണ്. അപകടം നടന്ന വാഹനത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ട ഷെയ്നിൻ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തനായിട്ടില്ല. ആരോടും സംസാരിക്കാനോ, കരയാനോ പോലും സാധിക്കാതിരിക്കുന്ന ഷെയിനെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കൂട്ടുകാരും ഡോക്ടർമാരും. വാഹനം ഓടിച്ചിരുന്ന ഗൗരി ശങ്കർ, സഹപാഠികളുടെ മരണം അറിഞ്ഞതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. വണ്ടി ഓടിക്കുന്നതിനിടെ മുന്നിൽ തടസമുള്ളതായി തോന്നിയെന്നാണ് ഗൗരിശങ്കറിന്റെ മൊഴി.
അപകടത്തിൽപ്പെട്ട ടവേര കാർ കളർകോട് ജംഗ്ഷനിലെ വഴിയരികിലുണ്ട്. ഇടിച്ച് തരിപ്പണമായ വാഹനത്തിന്റെ അവശേഷിപ്പുകൾ കാണാൻ ഇന്നലെയും പ്രദേശത്ത് വലിയ ആൾക്കൂട്ടമുണ്ടായിരുന്നു.
Source link