ആലപ്പുഴയിൽ കാറും കെ.എസ്.ആർ.ടി.സി ഫാസ്റ്റും കൂട്ടിയിടിച്ചു, 5 മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
മൂന്നു പേരുടെ നില ഗുരുതരം
ആലപ്പുഴ: ദേശീയപാതയിൽ കളർകോട് ഭാഗത്ത് കാറും കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, കോട്ടയം സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദേവ്,ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന ഗൗരീശങ്കർ, കൃഷ്ണദേവ്, ആൽവിൻ എന്നിവരെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആൽവിന്റെ നില അതീവ ഗുരുതരമായതോടെ ഇയാളെ വെന്റിലേറ്ററിലേക്ക് മാറ്റി.
ഇന്നലെ രാത്രി 9.30 ഓടെ കളർകോട് ചങ്ങനാശേരി മുക്കിലായിരുന്നു അപകടം. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും വണ്ടാനം ഭാഗത്തുനിന്നു ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ടവേര കാറുമാണ് കൂട്ടിയിടിച്ചത്.
നിശ്ശേഷം തകർന്ന കാറിന്റെ മുൻ സീറ്റിലുണ്ടായിരുന്ന മൂന്നുപേരും പിൻസീറ്റിലുണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. മെഡിക്കൽ കോളേജിൽ നിന്ന് ആലപ്പുഴയിൽ സിനിമയ്ക്കായി കാറിൽ വരികയായിരുന്നു പതിനൊന്നംഗ സംഘമെന്നാണ് ലഭിക്കുന്ന വിവരം.കാറോടിച്ചിരുന്ന ഗൗരീശങ്കറിന്റെ കാലൊടിഞ്ഞിട്ടുണ്ട്. കാറിലുണ്ടായിരുന്ന മറ്റ് സഹപാഠികളായ കൃഷ്ണദേവ്, മുഹ്സീൻ,സെയ്ൻ,ആനന്ദ് എന്നിവരെയും തിരുവനന്തപുരംമെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെയും ആരുടെയും നില ഗുരുതരമല്ല.
അപകടത്തിൽ ബസ് യാത്രക്കാരായ ചിലർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിനുള്ളിലുണ്ടായിരുന്നവരെ ഓടിക്കൂടിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. കുട്ടികളിൽ ഒരാളുടെ രണ്ട് കൈകളും അറ്റനിലയിലായിരുന്നു. കാറിൽ നിന്ന് പുറത്തെടുത്തപ്പോൾതന്നെ മൂന്നുപേർ മരിച്ച നിലയിലായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയശേഷമാണ് അഞ്ചുപേരുടെയും മരണം സ്ഥിരീകരിച്ചത്. അപകടസമയത്ത് നല്ല മഴയുണ്ടായിരുന്നു. കാർ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
Source link