‘നിങ്ങളെല്ലാവരും മരിക്കാൻ പോകുന്നു’, നടി നർഗീസ് ഫക്രിയുടെ സഹോദരി കൊലക്കേസിൽ അറസ്റ്റിൽ
ന്യൂയോർക്ക്: ബോളിവുഡ് നടി നർഗീസ് ഫക്രിയുടെ സഹോദരി കൊലക്കേസിൽ ന്യൂയോർക്കിൽ അറസ്റ്റിൽ. മുൻ കാമുകൻ എഡ്വാർഡ് ജേക്കബ്‌സ് (35), ഇയാളുടെ സുഹൃത്ത് അനസ്‌താഷ്യ എറ്റിനി (33) എന്നിവരുടെ മരണത്തിലാണ് നർഗീസിന്റെ സഹോദരി ആലിയ ഫക്രി (43) അറസ്റ്റിലായത്.
നവംബർ രണ്ടിന് ന്യൂയോർക്കിൽ ജേക്കബ്‌സും സുഹൃത്തും താമസിച്ചിരുന്ന കെട്ടിടത്തിന് ആലിയ തീകൊളുത്തുകയായിരുന്നു. സംഭവസമയം ജേക്കബ്‌സ് ഉറക്കത്തിലായിരുന്നു. എറ്റിനി താഴെയെത്തിയെങ്കിലും ജേക്കബ്‌സിനെ രക്ഷിക്കാൻ അകത്തേയ്ക്ക് പോവുകയായിരുന്നു. വിഷപ്പുക ശ്വസിച്ചാണ് ഇരുവരും മരണപ്പെട്ടതെന്ന് ജില്ലാ അറ്റോർണി ജനറൽ മെലിൻഡ കാറ്റ്‌സ് വ്യക്തമാക്കി.
കൊലപാതകം, തീകൊളുത്തൽ എന്നീ കുറ്റങ്ങളാണ് ആലിയക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാമെന്ന് അറ്റോർണി ജനറൽ അറിയിച്ചു. ജേക്കബ്സിന്റെ വീടിന് തീവയ്ക്കുമെന്ന് ആലിയ മുൻപും ഭീഷണി മുഴക്കിയിരുന്നതായി സംഭവത്തിന്റെ ദൃക്‌സാക്ഷികൾ പറയുന്നു. നിങ്ങളെല്ലാവരും മരിക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് ആലിയ കെട്ടിടത്തിന് തീകൊളുത്തിയതെന്നും ഇയാൾ പറഞ്ഞു. കോടതി ഡിസംബർ ഒൻപതുവരെ ആലിയയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
അതേസമയം, സംഭവത്തിൽ നർഗീസ് ഫക്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രം റോക്ക്‌സ്റ്റാറിലൂടെയാണ് നർഗീസ് പ്രശസ്തയായത്. റൺബീർ കപൂർ ആയിരുന്നു ചിത്രത്തിലെ നായകൻ. എന്നാൽ മകൾ ഇങ്ങനെ ചെയ്യുമെന്ന് കരുതാനാവില്ലെന്ന് ആലിയയുടെ അമ്മ പറഞ്ഞു. ആലിയ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
Source link