കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; ശിശുക്ഷേമ സമിതിയിൽ ആയമാരുടെ ക്രൂരത

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ പാർപ്പിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച് ആയമാരുടെ കൊടുംക്രൂരത. കിടക്കയിൽ മൂത്രമൊഴിച്ചതിന് ശിക്ഷയായാണ് അയമാർ കുഞ്ഞിനെ ഉപദ്രവിച്ചത്. സംഭവത്തിൽ മൂന്ന് ആയമാർക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവച്ചതിനുമാണ് കേസ് എടുത്തത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയാണ് പൊലീസിൽ പരാതി നൽകിയത്.
അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന ഒരു സ്ഥാപനത്തിൽ നിന്നാണ് കണ്ണില്ലാത്ത ക്രൂരതയുടെ വാർത്ത പുറത്തുവന്നത്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഇതുമായി ബന്ധപ്പെട്ട് തൈക്കാട് ആശുപത്രിയിൽ വിവരം ലഭിക്കുന്നത്. രണ്ടരവയസുകാരിയായ കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ് സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ നീറ്റൽ അനുഭവപ്പെടുകയും മറ്റ് ജീവനക്കാർ അത് ജനറൽ സെക്രട്ടറിമാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതും. തുടർന്ന് തൈക്കാട് ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തിയത്. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് കുട്ടിയെ നോക്കുന്ന ആയമാരെ ചോദ്യം ചെയ്തപ്പോഴാണ് ഉപദ്രവിച്ച കാര്യം വെളിപ്പെടുന്നത്.
വർഷങ്ങളായി അവിടെ ജോലി ചെയ്യുന്ന അജിത എന്ന താൽക്കാലിക ജീവനക്കാരിയാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ചത്. ഈ വിവരം മറച്ചുവച്ചതിനാണ് മറ്റ് രണ്ട് പേർക്കുമെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടയുടൻ അതുമായി ബന്ധപ്പെട്ട് കർക്കശമായ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. അതിന്റെ ഭാഗമായാണ് കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയതും പൊലീസിൽ പരാതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link