നവീൻ ബാബുവിന്റെ മരണം; കുടുംബം നൽകിയ ഹർജിയിൽ കണ്ണൂർ കളക്‌ടർക്കും ടി വി പ്രശാന്തനും നോട്ടീസ്
കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കണ്ണൂർ കളക്‌ടർക്കും ടി വി പ്രശാന്തനും നോട്ടീസ്. ഹർജി പരിഗണിച്ച കണ്ണൂർ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടത്. കേസ് ഡിസംബർ പത്തിന് വീണ്ടും പരിഗണിക്കും.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ ടി വി പ്രശാന്തൻ എന്നിവരുടെ ഫോൺ കോൾ, ടവർ ലൊക്കേഷൻ, ജില്ലാ കളക്‌ടറേറ്റിലെയും നവീൻ ബാബുവിന്റെ ക്വാഴ്‌ട്ടേഴ്‌സിലെയും, റെയിൽവേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ സംരക്ഷിക്കാൻ കോടതി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹർജി നൽകിയത്. വേണ്ട തെളിവുകൾ സംരക്ഷിച്ചിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ഹർജിയിൽ പ്രോസിക്യൂഷൻ മറുപടി നൽകിയത്.
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. പാർട്ടി കുടുംബാംഗം കൂടിയായിരുന്ന നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിപിഎം നേതാവായതിനാൽ ഭരണതലത്തിലുള്ള സ്വാധീനമുപയോഗിച്ച് പി.പി ദിവ്യ അന്വേഷണം അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നവീൻ ബാബുവിന്റെ മേലധികാരിയായിരുന്ന ജില്ലാ കളക്ടർ അരുൺ കെ വിജയനെ വിശ്വാസമില്ലെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
Source link