‘ഏക മകൻ ഡോക്ടറായി വരുമെന്ന് സ്വപ്നം കണ്ട കുടുംബം, തിരിച്ചുവരവ് ചേതനയറ്റ്’; ശ്രീദീപ് എല്ലാവർക്കും പ്രിയപ്പെട്ടവൻ
പാലക്കാട്: പാലക്കാട് ഭാരത് മാതാ സ്‌കൂൾ അദ്ധ്യാപകനായ ശേഖരിപുരം സ്വദേശി വത്സനും അഭിഭാഷകയായ ബിന്ദുവും വിങ്ങിപ്പൊട്ടുകയാണ്. ആലപ്പുഴയിലെ കാർ അപകടത്തിൽ അവർക്ക് നഷ്ടമായത് ഏക മകൻ ശ്രീദീപിനെയാണ്. സുഹൃത്തുക്കളോടൊപ്പം സിനിമയ്ക്ക് പോയ് വരാമെന്ന് അറിയിച്ചാണ് ശ്രീദീപ് അവസാനമായി വീട്ടിലേക്ക് ഫോൺ വിളിച്ചത്. എന്നാൽ ഇനി ഒരിക്കലും കേൾക്കാനാകാതെ അവസാനത്തെ ഫോൺവിളിയാകുമെന്ന് കരുതിയാകില്ല അവർ ഫോൺ വച്ചത്.
ഏകമകൻ ശ്രീദീപ് ഇനി തിരിച്ചുവരില്ലെന്ന യാഥാർത്ഥ്യം അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. സംസ്ഥാന ഹാർഡിൽസ് താരം കൂടിയായ ശ്രീദീപ് തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് എൻട്രൻസിലൂടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം നേടിയത്. മകൻ ഡോക്ടർ കുപ്പായം അണിഞ്ഞ് വീട്ടിലേക്ക് വരുമെന്ന് സ്വപ്നം കണ്ട കുടുംബം ഇനി കാത്തിരിക്കുന്നത് മകന്റെ ചേതനയറ്റ ശരീരത്തെയാണ്.
പഠിക്കാൻ മിടുമിടുക്കനായിരുന്നു ശ്രീദീപ്. നാടിന്റെ അഭിമാനമായ കായികതാരം. ഇപ്പോൾ ഈ നാട് ഒന്നാകെ വിങ്ങുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ശേഖരീപുരത്തെ ‘ശ്രീവിഹാർ’ എന്ന വീട്ടിലേക്ക് എത്തിക്കും.
വീട്ടിൽ നിന്ന് കോളേജിലേക്ക് പോയി 55 ദിവസം പിന്നിട്ടപ്പോഴാണ് അപകട വാർത്ത ഉറ്റവരെ തേടിയെത്തിയത്. രാത്രി തന്നെ അപകട വിവരം നാട്ടിലുള്ളവർ അറിഞ്ഞിരുന്നു. അച്ഛനുമായി വലിയ ആത്മബന്ധമാണ് ശ്രീദീപിനുണ്ടായിരുന്നതെന്ന് അപകട വിവരം അറിഞ്ഞ് വീട്ടിലേക്ക് എത്തിയവർ പറയുന്നു. ശ്രീദീപിന്റെ മരണം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ആളുകളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച ശ്രീദീപിനെ വിങ്ങലോടെയാണ് നാട്ടുകാർ ഓർക്കുന്നത്.
Source link