KERALAMLATEST NEWS

‘ബ്രേക്ക് ചവിട്ടിയപ്പോൾ സ്‌കിഡായി കാണും, എനിക്ക് മാക്സിമം ഒതുക്കാൻ പറ്റുന്ന രീതിയിൽ ബസ് ഒതുക്കി’; ഡ്രൈവർ രാജീവ്

ആലപ്പുഴ: കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ മരിച്ച അപകടത്തിന് കാരണം മഴ കാരണം വാഹനം സ്‌കിഡായാതാണെന്ന് കെഎസ്ആർടിസി ഡ്രൈവർ രാജീവ്. കാർ ബ്രേക്ക് ചവിട്ടിയപ്പോൾ സ്‌കിഡ് ചെയ്ത് ബസിന് അടിയിലേക്ക് വരുകയായിരുന്നു. ഈ സമയത്ത് മറ്റ് വാഹനങ്ങൾ ഒന്നും സമീപത്തുണ്ടായിരുന്നില്ലെന്നും കെഎസ്ആർടിസി ബസ് ഡ്രൈവർ പറഞ്ഞു.

‘അപകടം നടന്നയുടൻ ആളുകൾ എല്ലാം ഓടിയെത്തി. ബസ് കുറച്ച് റിവേഴ്സ് എടുത്തതിന് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. വണ്ടി വരുന്നത് കണ്ടതോടെ എനിക്ക് മാക്സിമം ഒതുക്കാൻ പറ്റുന്ന രീതിയിൽ ബസ് ഒതുക്കി. എന്നാൽ കാർ നേരെ വന്ന് കേറുകയായിരുന്നു. സൈഡിൽ ഒരു പോസ്റ്റ് ഉണ്ടായിരുന്നതിനാൽ കൂടുതൽ താഴേക്ക് ഇറക്കാൻ സാധിച്ചില്ല. ബസിലും യാത്രക്കാർ ഉണ്ടായിരുന്നു. അവരുടെ കാര്യവും നോക്കേണ്ടെ. നല്ല മഴയുണ്ടായിരുന്നു. അതുകൊണ്ടാവാം അവർക്ക് എതിരെ വന്ന വാഹനം കാണാൻ സാധിച്ചെന്ന് വരില്ല’- രാജീവ് പറഞ്ഞു. കെഎസ്ആർടിസി കായംകുളം ഡിപ്പോയിലെ ജീവനക്കാരനാണ് ഇദ്ദേഹം.

ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, കോട്ടയം സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദേവ്,ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഗൗരീശങ്കർ, കൃഷ്ണദേവ്, ആൽവിൻ എന്നിവരെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആൽവിന്റെ നില അതീവ ഗുരുതരമായതോടെ ഇയാളെ വെന്റിലേറ്ററിലേക്ക് മാറ്റി.

ഇന്നലെ രാത്രി 9.30 ഓടെ കളർകോട് ചങ്ങനാശേരി മുക്കിലായിരുന്നു അപകടം. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും വണ്ടാനം ഭാഗത്തുനിന്നു ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ടവേര കാറുമാണ് കൂട്ടിയിടിച്ചത്. നിശ്ശേഷം തകർന്ന കാറിന്റെ മുൻ സീറ്റിലുണ്ടായിരുന്ന മൂന്നുപേരും പിൻസീറ്റിലുണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്.

മെഡിക്കൽ കോളേജിൽ നിന്ന് ആലപ്പുഴയിൽ സിനിമയ്ക്കായി കാറിൽ വരികയായിരുന്നു പതിനൊന്നംഗ സംഘമെന്നാണ് ലഭിക്കുന്ന വിവരം. കാറോടിച്ചിരുന്ന ഗൗരീശങ്കറിന്റെ കാലൊടിഞ്ഞിട്ടുണ്ട്. കാറിലുണ്ടായിരുന്ന മറ്റ് സഹപാഠികളായ കൃഷ്ണദേവ്, മുഹ്സീൻ,സെയ്ൻ,ആനന്ദ് എന്നിവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെയും ആരുടെയും നില ഗുരുതരമല്ല.


Source link

Related Articles

Back to top button