സഭാ തർക്കം: ശാശ്വതപരിഹാരത്തിന് ശ്രമമെന്ന് സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി : ഓർത്തഡോക്‌സ് – യാക്കോബായ സഭാതർക്കത്തിൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കി ശാശ്വതപരിഹാരത്തിനാണ് ശ്രമമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പരിഹാരശ്രമങ്ങൾക്ക് ആറു മാസം സമയം അനുവദിക്കണം. തർക്കത്തിൽപ്പെട്ട പള്ളികൾ സമാധാനപരമായി കൈമാറാൻ ചർച്ചകൾ നടക്കുന്നു. നിയമനിർമ്മാണം അടക്കം സാദ്ധ്യതകൾ പരിഗണിക്കുന്നതായും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

തർക്കത്തിലുള്ള എറണാകുളം,​ പാലക്കാട് ജില്ലകളിലെ ആറു പള്ളികൾ ഏറ്റെടുക്കാൻ അതാത് ജില്ലാ കളക്‌ടർമാർക്ക് കേരള ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യനടപടിക്കും തുടക്കം കുറിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗസ്ഥരും,​ യാക്കോബായ സഭയും സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി സഭാതർക്കത്തിലെ വിധി നടപ്പാക്കാനുള്ള പദ്ധതി എന്തെന്ന് അറിയിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഹൈക്കോടതി ഉത്തരവ് പാലിക്കാൻ ജില്ലാഭരണക്കൂടത്തിനും പൊലീസിനും നിർദ്ദേശം നൽകിയിരുന്നതായി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. സ്ത്രീകളും കുട്ടികളും മുതിർന്നവരും അടക്കം യാക്കോബായ വിശ്വാസികൾ തടസം നിന്നതോടെ ശ്രമം പരാജയപ്പെട്ടു. വലിയ ക്രമസമാധാനപ്രശ്‌നങ്ങൾക്ക് കാരണമാകും. ബലപ്രയോഗം പരമാവധി കുറച്ച് സമാധാനത്തോടെ കൈമാറ്റം ഉറപ്പാക്കാനാണ് ശ്രമം. എറണാകുളത്ത് തർക്കത്തിൽപ്പെട്ട 43ൽ 30 പള്ളികൾ ഏറ്രെടുത്ത് നൽകിയെന്നും ചൂണ്ടിക്കാട്ടി

2022 സെപ്‌തംബർ 21ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് ഇരുവിഭാഗവുമായി ചർച്ച നടത്തി. സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഓർത്തഡോക്‌സ് വിഭാഗവും, പ്രശ്‌നപരിഹാരത്തിന് പുതിയ നിയമം സർക്കാർ കൊണ്ടുവരണമെന്ന ആവശ്യത്തിൽ യാക്കോബായ വിഭാഗവും ഉറച്ചുനിൽക്കുകയാണ്. 2023 ജനുവരി 16ന് മുഖ്യമന്ത്രി വീണ്ടും യോഗം വിളിച്ചപ്പോഴും ഇരുസഭകളും നിലപാടിൽ നിന്ന് അയഞ്ഞില്ല

.


Source link
Exit mobile version