ആലപ്പുഴ: നഗരത്തെയും മെഡിക്കൽ കോളേജ് കാമ്പസിനെയും കണ്ണീരിലാക്കി വിദ്യാർത്ഥികളുടെ ദാരുണാന്ത്യം. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് കാമ്പസിന് ഏതാനും കിലോമീറ്റർ അകലെ ദേശീയപാതയിൽ മരിച്ചത്. ഈ വർഷം കാമ്പസിലെത്തിയശേഷം സുഹൃത്തുക്കളായവരാണ് ഇവർ.
സിനിമയ്ക്ക് പോകാനായി ഹോസ്റ്റലിൽ നിന്ന് പോയ കൂട്ടുകാരുടെ അപ്രതീക്ഷിത വിയോഗത്തിൽ മെഡിക്കൽ കോളേജ് കാമ്പസ് കണ്ണീർക്കടലായി. കാക്കാഴത്ത് നിന്ന് റെന്റിനെടുത്ത കാറിലായിരുന്നു ഇവർ പുറപ്പെട്ടത്. വണ്ടാനത്ത് നിന്ന് തിരിച്ച് ഏതാനും മിനിട്ടുകൾക്കകമായിരുന്നു അപകടം. കളർകോടിന് സമീപം അപകടമുണ്ടായെന്ന വാർത്ത നിമിഷങ്ങൾക്കകം നാടാകെ പരന്നെങ്കിലും മിനിട്ടുകൾക്ക് മുമ്പ് തങ്ങളോട് യാത്ര ചോദിച്ചിറങ്ങിയ പ്രിയപ്പെട്ടവരാണ് മരിച്ചതെന്ന് അറിഞ്ഞതോടെ കാമ്പസിൽ കൂട്ടത്തേങ്ങലായി. ഹോസ്റ്റലിൽ താമസിക്കുന്ന സഹപാഠികളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തി വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞത്.
ആശുപത്രി ജീവനക്കാരും സീനിയർ വിദ്യാർത്ഥികളും മെഡിക്കൽ കോളേജ് കാമ്പസിലെ അദ്ധ്യാപകരും പ്രിയപ്പെട്ടവരുടെ വേർപാടിന്റെ ഞെട്ടലിൽ നിന്ന് മാറിയിട്ടില്ല. ദേശീയപാതയിൽ നിന്ന് ചോരയിൽ കുളിച്ചവരെ ഒന്നിന് പിറകെ മറ്റൊന്നായി ജനറൽ ആശുപത്രിയിലേക്കും ആലപ്പുഴ മെഡിക്കൽ കോളേജിലേക്കും വാഹനങ്ങളിൽ കയറ്റി പാഞ്ഞപ്പോഴേക്കും പൊലീസും മറ്റും ഇടപെട്ട് ആശുപത്രുകളിൽ അടിയന്തര ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കി. ജില്ലാ പൊലീസ് മേധാവിയുൾപ്പെടെ അപകട സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Source link