പാർലമെന്റ്: ഭരണഘടന ചർച്ച ചെയ്യാമെന്ന് സർക്കാർ

പാർലമെന്റ്: ഭരണഘടന ചർച്ച ചെയ്യാമെന്ന് സർക്കാർ | Parliament | Government | Constitution | Discussion | Opposition | Malayala Manorama Online News | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് | മലയാളം വാർത്തകൾ – Parliament: Government agrees to constitution discussion, opposition co-operation expected | India News, Malayalam News | Manorama Online | Manorama News

പാർലമെന്റ്: ഭരണഘടന ചർച്ച ചെയ്യാമെന്ന് സർക്കാർ

മനോരമ ലേഖകൻ

Published: December 03 , 2024 02:52 AM IST

1 minute Read

ലോക്സഭയിൽ 13നും 14നും ചർച്ച; രാജ്യസഭയിൽ 16നും 17നും

അദാനി വിഷയത്തിൽ ചർച്ചയില്ല; പ്രതിപക്ഷത്ത് കോൺഗ്രസ് ഒറ്റപ്പെട്ടു

ലോക്സഭ (Photo by PIB / AFP)

ന്യൂഡൽഹി ∙ അദാനിക്കെതിരായ അഴിമതി ആരോപണം, സംഭൽ സംഘർഷം എന്നിവയടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് അഞ്ചു ദിവസമായുള്ള സ്തംഭനാവസ്ഥയ്ക്കുശേഷം പാർലമെന്റിൽ മഞ്ഞുരുക്കം. ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് ഇരുസഭകളിലും ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിച്ചു. ഭരണഘടനയെക്കുറിച്ച് ലോക്സഭയിൽ 13,14 തീയതികളിലും രാജ്യസഭയിൽ 16,17 തീയതികളിലും ചർച്ച നടക്കും. ഇതോടെ ഇന്നുമുതൽ പാർലമെന്റ് നടപടികളിൽ പ്രതിപക്ഷം സഹകരിച്ചേക്കും.

സ്പീക്കർ ഓം ബിർലയുടെ അധ്യക്ഷതയിൽ ചേർന്ന സഭാനേതാക്കളുടെ യോഗത്തിലാണു ധാരണയായത്. ശൂന്യവേളയിൽ സംഭൽ സംഘർഷം ഉന്നയിക്കാൻ സമാജ്‍വാദി പാർട്ടിക്കും ബംഗ്ലദേശ് വിഷയം ഉന്നയിക്കാൻ തൃണമൂലിനും ഫെയ്ഞ്ചൽ ചുഴലിക്കറ്റ് വിഷയം ഉന്നയിക്കാൻ ഡിഎംകെയ്ക്കും അനുമതി നൽകി. എന്നാൽ അദാനി വിഷയത്തിൽ ചർച്ചയെന്ന കോൺഗ്രസിന്റെ ആവശ്യം അംഗീകരിച്ചില്ല. കേന്ദ്രസർക്കാരിന്റെ ഭിന്നിപ്പിക്കൽതന്ത്രം ഫലിച്ചതോടെ പ്രതിപക്ഷനിരയിൽ കോൺഗ്രസ് ഒറ്റപ്പെട്ടു.

ഇതോടെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ കോൺഗ്രസ് വൈകിട്ടു യോഗം ചേർന്ന് തുടർനടപടികൾ ചർച്ച ചെയ്തു. സഭാനടപടികളുമായി കോൺഗ്രസ് സഹകരിക്കുമെന്നാണു സൂചന. ഇന്നുമുതൽ ഇരുസഭകളും പ്രവർത്തിക്കാൻ മോദി സർക്കാർ അനുവദിക്കുമെന്നാണു പ്രതീക്ഷയെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. രാവിലെ 10ന് ഇന്ത്യാസഖ്യം നേതാക്കളുടെ യോഗമുണ്ട്. സഭാനടപടികളുമായി സഹകരിച്ചാലും പാർലമെന്റ് വളപ്പിൽ പ്രതിഷേധിക്കുന്നത് കോൺഗ്രസിന്റെ പരിഗണനയിലുണ്ട്.
അദാനി വിഷയത്തിൽ തുടർച്ചയായി സഭ സ്തംഭിപ്പിക്കുന്നതിൽ ഇന്ത്യാസഖ്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. കോൺഗ്രസിലും ഒരു വിഭാഗത്തിനു വിയോജിപ്പുണ്ട്. എങ്കിലും ഭരണഘടനാ ചർച്ചയിൽ വിഷയം ഉന്നയിക്കപ്പെട്ടേക്കും.

ഭരണഘടനയുമായി ബന്ധപ്പെട്ട് ചർച്ച നടത്തണമെന്നു നവംബർ 26ന് ഇരുസഭകളിലെയും പ്രതിപക്ഷനേതാക്കളെന്ന നിലയിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും സഭാധ്യക്ഷർക്കു കത്ത് നൽകിയിരുന്നു. ഈ ആവശ്യം അംഗീകരിച്ചാൽ സഭാനടപടികളുമായി സഹകരിക്കാമെന്നാണ് ഇന്നലെ രാവിലെ പ്രതിപക്ഷം സ്പീക്കറെ അറിയിച്ചത്. എന്നാൽ അനുകൂല തീരുമാനം വരാതിരുന്നതോടെ ഇന്നലെയും ഇരുസഭകളും പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി. തുടർന്നാണ് സ്പീക്കർ വൈകിട്ടു യോഗം വിളിച്ചത്.
ഇന്നലെ ലോക്സഭ: 13 മിനിറ്റ്, രാജ്യസഭ: 18 മിനിറ്റ്പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് ഇന്നലെ ലോക്സഭ 13 മിനിറ്റും രാജ്യസഭ 18 മിനിറ്റും മാത്രമാണു ചേർന്നത്. പ്രതിഷേധത്തിനിടയിലും ലോക്സഭയിൽ കേന്ദ്രം തീരദേശ ഷിപ്പിങ് ബിൽ അവതരിപ്പിച്ചു. ഈ സമ്മേളനത്തിൽ ആദ്യമായാണ് ബിൽ പരിഗണനയ്ക്ക് എടുത്തത്. ഷിപ്പിങ് വ്യവസായം ആധുനികവൽക്കരിക്കുന്നതു ലക്ഷ്യം വച്ചുള്ള ബില്ലാണിത്.

രാജ്യസഭയിൽ അദാനി, സംഭൽ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം അധ്യക്ഷൻ ജഗ്ദീപ് ധൻകർ തള്ളി. പ്രതിപക്ഷം നിലവാരമില്ലാതെ പെരുമാറുന്നുവെന്നും കുറ്റപ്പെടുത്തി. കഴിഞ്ഞ 5 ദിവസത്തിനിടെ ലോക്സഭ 67 മിനിറ്റും രാജ്യസഭ 93 മിനിറ്റും മാത്രമാണു സമ്മേളിച്ചത്.

English Summary:
Parliament: Government agrees to constitution discussion, opposition co-operation expected

mo-legislature-parliament mo-news-common-malayalamnews mo-news-common-newdelhinews mo-legislature-rajyasabha 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 5odrb9kgs68tr2r746j4ev05qc


Source link
Exit mobile version