വീൽച്ചെയറിലായ ജീവൻ സജീവ്,ഉയരങ്ങൾ കീഴടക്കിയത് കൂട്ടുകാരുടെ ചുമലിലേറി
കെ.എൻ.സുരേഷ് കുമാർ | Tuesday 03 December, 2024 | 3:49 AM
തൃശൂർ: വീൽച്ചെയറിൽ സഞ്ചരിക്കുന്ന ജീവൻ സജീവ് സമുദ്രനിരപ്പിൽ നിന്ന് 3,676 അടി ഉയരത്തിലിരുന്ന് ചിരിക്കുമ്പോൾ അതിൽ സൗഹൃദത്തിന്റെ നിലാവ് തെളിയുന്നു.
കൂട്ടുകാരുടെ മുതുകിലേറിയാണ് മഹാരാഷ്ട്ര നാസിക്കിലെ ഹരിഹർ ഫോർട്ട് കൊടുമുടിയിൽ എത്തിയത്. പേശികൾക്കും അസ്ഥികൾക്കും ബലക്കുറവായതിനാലാണ് ജീവൻ സജീവിന്റെ ജീവിതം വീൽച്ചെയറിലായത്. കഴിഞ്ഞ ദീപാവലിക്ക് ഹരിഹർ ഫോർട്ടിനേക്കാൾ ഉയരത്തിലുള്ള (4134 അടി) ശബരിമലയിലെത്തി അയ്യനെയും തൊഴുതു. പെരിഞ്ഞനം പുഴങ്കര വീട്ടിൽ ജീവൻ സജീവ് (24) ഈ ഉയരമെല്ലാം താണ്ടുന്നത് ആത്മസുഹൃത്തുക്കളായ അഖിലിന്റെയും (26) സുരേഷ് ബാബുവിന്റെയും (22) ചുമലിലേറിയാണ്.
അമ്മ സതീദേവിക്ക് പുറമേ ജീവന്റെ മറ്റ് സുഹൃത്തുക്കളായ ആൽവിൻ, ശരത്, അരുൺ, ഷിബു എന്നിവരും ശബരിമല യാത്രയിലുണ്ടായിരുന്നു. രാത്രി ഏഴിനാണ് പമ്പയിൽ നിന്ന് മലകയറിയത്. മുതുകിൽ കാരിയർബാഗിൽ ജീവനെ ചുമന്നാണ് കുത്തനെയുള്ള നീലിമലയും കടന്ന് സന്നിധാനത്തെത്തിയത്. പിറ്റേന്ന് രാവിലെ ശാസ്താവിനെ കൺകുളിർക്കെ തൊഴുത് മലയിറങ്ങി. കെ.എസ്.ഇ.ബിയിൽ മീറ്റർ റീഡറായ അഖിലും ജീവന്റെ വീഡിയോ ഗെയിംഷോപ്പിൽ സഹപ്രവർത്തകനായ സുരേഷ് ബാബുവുമാണ് മാറിമാറി ചുമന്നത്. സഹായവുമായി മറ്റുള്ളവരുമുണ്ടായിരുന്നു.
പാറക്കല്ലുകൾ നിറഞ്ഞ, 80 ഡിഗ്രി ചരിവിലൂടെ കൈകൾ കുത്തി അള്ളിപ്പിടിച്ചാണ് ഹരിഹർ ഫോർട്ടിലെത്തിയത്. ക്ഷീണം തോന്നുമ്പോൾ വിശ്രമിച്ച്, അഞ്ച് മണിക്കൂറെടുത്താണ് കഴിഞ്ഞ സെപ്തംബറിൽ അവിടെയെത്തിയത്. രണ്ടര മണിക്കൂറിൽ തിരിച്ചിറങ്ങി.
സഹപാഠികൾ എന്നും തുണ
പേശികൾക്ക് ബലക്ഷയമുണ്ടാക്കുന്ന മസ്‌കുലർ ഡിസ്‌ട്രോഫിയാണ് ജീവന്. പന്ത്രണ്ടാം വയസുമുതൽ നടക്കാൻ ബുദ്ധിമുട്ടായി. അഖിൽ ഒഴികെയുള്ളവർ വിവിധ ക്ലാസുകളിൽ ജീവന്റെ സഹപാഠികളാണ്. പ്ലസ്ടുവിന് പഠിക്കുമ്പോൾ സഹപാഠികളുടെ സഹായത്തോടെ എടയ്ക്കൽ ഗുഹ സന്ദർശിച്ചു. തൃശൂരിലെ മരോട്ടിച്ചാൽ, അതിരപ്പിള്ളി, മലയ്ക്കപ്പാറ, വാൽപ്പാറ എന്നിവിടങ്ങളിലും കൊടൈക്കനാൽ, ഊട്ടി, മസിനഗുഡി, ബന്ദിപ്പൂർ എന്നിവിടങ്ങളിലുമെത്തി. മണാലിയിൽ പോയി വന്നതോടെ ഹരിഹർ ഫോർട്ടിലും പോകാമെന്ന ആത്മവിശ്വാസമായി. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷനിൽ ബിരുദധാരിയാണ്. പിതാവ് പരേതനായ സജീവ്. സഹോദരങ്ങൾ: ഡോ.സ്‌നേഹ, അഞ്ജലി (ഇരട്ടസഹോദരി).
”സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ കൊണ്ടാണ് ഇതൊക്കെ കഴിഞ്ഞത്. ട്രക്കിംഗ് തുടരണമെന്നാണ് ആഗ്രഹം.
-ജീവൻ
”മഴയെ അതിജീവിച്ചാണ് ഹരിഹർ ഫോർട്ടിലെത്തിയത്. ജീവന്റെ ആഗ്രഹം സാധിച്ചുകൊടുത്തതിൽ സന്തോഷമുണ്ട്.
-അഖിൽ, സുരേഷ് ബാബു
Source link