കാട്ടാനകളെ തടയാൻ 1400 കി. മീറ്റർ സൗരോർജ വേലി പുനഃസ്ഥാപിക്കും

തിരുവനന്തപുരം: കാട്ടാനകളെ തടയാൻ വനംവകുപ്പ് സൗരോർജ്ജവേലി പുനഃസ്ഥാപിക്കൽ യജ്ഞം തുടങ്ങി. സംസ്ഥാനത്തെ 1,400 കിലോമീറ്രറിലെ സൗരോ‌ർജ്ജ വേലികളിലെ തകരാർ 25ന് മുമ്പ് പരിഹരിക്കും. ഫെബ്രുവരിക്ക് മുമ്പ് പൂർണസജ്ജമാക്കും. ഇതിൽ 668 കിലോമീറ്ററിൽ ഹാഗിംഗ് സോളാർ പാനലുകളിൽ നിന്നാണ് വൈദ്യുതി കിട്ടുന്നത്. ബാറ്ററി കേടായതും ആന നശിപ്പിച്ചതുമായ ഭാഗങ്ങൾ പുനഃസ്ഥാപിക്കും.

ജനവാസ മേഖലയുമായി ചേർന്ന വനപ്രദേശങ്ങളിലും വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റിലുമായി 2,200 കിലോമീറ്ററിലാണ് സൗരോർജ്ജ വേലി. 850 കിലോമീറ്റർ വൈദ്യുതി വേലിയും തകരാറിലാണ്. വേനൽ കടുക്കുന്നതോടെ കാട്ടാന അടക്കമുള്ള വന്യജീവികൾ ജനവാസമേഖലയിലേക്ക് എത്തുന്നത് തടയുകയാണ് ലക്ഷ്യം. തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഉരുളൻതണ്ണി, തട്ടേക്കാട് സെക്‌ഷനുകളിലെയും കൊല്ലങ്കോട് നെന്മാറ, ഇളവഞ്ചേരി കോളനി എന്നിവിടങ്ങളിലെയും പണി പൂർത്തിയാക്കി. ഇടുക്കി, കാസർകോട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ പണി ആരംഭിച്ചിട്ടുണ്ട്.

മിഷൻ ഫെൻസിംഗ് 2024

വന്യജീവി സംഘർഷം രൂക്ഷമായ പ്രദേശങ്ങളിൽ ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് തീവ്രയജ്ഞം. ആദ്യ 10 ദിവസത്തിനകം തകരാറിലായവ കണ്ടെത്തി ഫണ്ട് അനുവദിക്കാനുള്ള പദ്ധതിരേഖ തയ്യാറാക്കും. ബാക്കി ദിവസങ്ങളിൽ അറ്റകുറ്റപ്പണി പൂർണമാക്കും.

 273 വന്യജീവി സംഘർഷ മേഖലകൾ

 30 പഞ്ചായത്തുകളിൽ അതിതീവ്ര മേഖലകൾ

 ആകെ വനാതിർത്തി 11,554.74 കിലോമീറ്റർ

 സൗരോർജ്ജ വേലി 2,200 കിലോമീറ്റർ

 ബാക്കി 9,341.83 കിലോമീറ്റ‌ർ


Source link
Exit mobile version