KERALAMLATEST NEWS

കലാമണ്ഡലം: താത്കാലിക അദ്ധ്യാപകർ സമരത്തിൽ, ക്ലാസുകൾ ഭാഗികമായി മുടങ്ങി

തൃശൂർ: മുന്നറിയിപ്പില്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് കലാമണ്ഡലത്തിലെ താത്കാലിക ജീവനക്കാർ ഇന്നലെ നടത്തിയ സമരത്തിൽ ക്ലാസുകൾ ഭാഗികമായി മുടങ്ങി. അതേസമയം സ്ഥിരം അദ്ധ്യാപകരുടെ ക്ലാസ് നടന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഡിസംബർ ഒന്ന് മുതൽ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് കാട്ടിയാണ് 132 അദ്ധ്യാപക അനദ്ധ്യാപക, ജീവനക്കാരെ പിരിച്ചുവിട്ടത്.

തുടർന്ന് സാംസ്‌കാരിക മന്ത്രിയുമായി വൈസ് ചാൻസലർ ഡോ.അനന്തകൃഷ്ണനും മറ്റും നടത്തിയ ചർച്ചയെ തുടർന്ന് ഉത്തരവ് റദ്ദാക്കിയതായി ജീവനക്കാരുടെ വാട്‌സ് ആപ് ഗ്രൂപ്പിൽ കലാമണ്ഡലം രജിസ്ട്രാർ സന്ദേശമയച്ചു. എന്നാൽ റദ്ദാക്കിയെന്ന ഉത്തരവില്ലാതെ ജോലിക്ക് ഹാജരാകാൻ താത്കാലിക അദ്ധ്യാപകർ തയ്യാറായില്ല. മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് അവർ വി.സിക്ക് പ്രതിഷേധക്കുറിപ്പും നൽകി. തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് വി.സിയുമായി ചർച്ച നടത്തി ഉത്തരവിറക്കാൻ ധാരണയായി. ഉത്തരവ് ലഭിച്ചാൽ ഇന്ന് മുതൽ ജോലിയിൽ പ്രവേശിക്കുമെന്ന് താത്കാലിക അദ്ധ്യാപകർ പറഞ്ഞു. അതേസമയം അനദ്ധ്യാപക താത്കാലിക ജീവനക്കാർ ഇന്നലെ ജോലിയിൽ പ്രവേശിച്ചു.

പരിഹാരമില്ലാതെ സാമ്പത്തിക പ്രതിസന്ധി

കലാമണ്ഡലത്തിന് ലഭിക്കുന്ന 7.6 കോടി വാർഷിക ഗ്രാന്റ് അപര്യാപ്തമാണ്. അഡിഷണൽ ഗ്രാന്റ് സമ്മർദ്ദം ചെലുത്തി വാങ്ങിയെടുത്താണ് ശമ്പളം ഉൾപ്പെടെയുള്ള ചെലവ് നിർവഹിച്ചത്. ഇതിനിടെയാണ് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ ശമ്പളവും പെൻഷനും അടക്കമുള്ളവ നൽകാൻ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് സർക്കുലർ ഇറക്കിയത്. നവംബറിലെ ശമ്പളം നൽകാൻ വേണ്ട 85 ലക്ഷത്തിന് പകരം സാംസ്കാരിക വകുപ്പ് 50 ലക്ഷമാണ് നൽകിയത്.

താത്കാലിക ജീവനക്കാരുടെ പ്രതിഷേധക്കുറിപ്പ് കിട്ടിയെങ്കിലും സമരത്തിലാണെന്ന് വിവരം ലഭിച്ചിട്ടില്ല. ഇവരെ തിരിച്ചെടുത്തുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ട്.

ഡോ.ബി.അനന്തകൃഷ്ണൻ
വൈസ് ചാൻസലർ, കലാമണ്ഡലം.


Source link

Related Articles

Back to top button