തൃശൂർ: കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടൽ റദ്ദാക്കി. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് 125 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനായിരുന്നു തീരുമാനം. സംസ്ഥാന സർക്കാർ ഇടപെട്ടതോടെയാണ് തീരുമാനം റദ്ദാക്കിയതെന്നാണ് വിവരം. നടപടിയിൽ നിന്ന് പിൻമാറണമെന്നും ഉത്തരവ് രജിസ്ട്രാർ തിരുത്തണമെന്നും ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച് തിങ്കളാഴ്ച പുതിയ ഉത്തരവിറങ്ങുമെന്നാണ് സൂചന.
69 അദ്ധ്യാപകരടക്കം 125 താൽക്കാലിക ജീവനക്കാരുടെ സേവനം ഡിസംബർ ഒന്ന് മുതൽ അവസാനിപ്പിച്ചുകൊണ്ടാണ് വെെസ് ചാൻസലർ ഉത്തരവിറക്കിയത്. ഇത്രയധികം പേരെ ഒരുമിച്ച് പിരിച്ചുവിടുന്നത് സാമ്പത്തിക ബാദ്ധ്യതയുടെ പേരിലാണെന്നും സർക്കാർ സഹായമില്ലാത്തതിനാലാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവാണ് സർക്കാർ ഇടപെടലിലുടെ റദ്ദാക്കിയത്. പ്രതിമാസം 80 ലക്ഷം രൂപ കലാമണ്ഡലത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി ചെലവ് വരും. എന്നാൽ 40 ലക്ഷം രൂപയാണ് സാംസ്കാരിക വകുപ്പ് കലാമണ്ഡലത്തിന് നൽകുന്നത്.
Source link