KERALAMLATEST NEWS

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുലിനെ കുടുക്കാനൊരുങ്ങി പൊലീസ്, കുറ്റപത്രം ഉടൻ

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. പ്രതി രാഹുൽ പി ഗോപാലിന്റെ ജാമ്യാപേക്ഷ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിലാണ് ഉടൻ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്. ഹൈക്കോടതി റദ്ദാക്കിയ ആദ്യ കേസിൽ വീണ്ടും പരാതി നൽകുന്ന കാര്യത്തിൽ അഭിഭാഷകനുമായി കൂടിയാലോചിച്ച ശേഷം തീരുമാനം എടുക്കുമെന്നാണ് പരാതിക്കാരിയുടെ കുടുംബം അറിയിച്ചിരിക്കുന്നത്.

ഇപ്പോൾ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ മേയ് മാസത്തിൽ ഗുരുവായൂരിൽ വച്ചായിരുന്നു രാഹുൽ പി ഗോപാലിന്റെയും പരാതിക്കാരിയുടെയും വിവാഹം.

വിവാഹമോചനമാണ് യുവതി ആവശ്യപ്പെടുന്നത്. ഇനി രാഹുലുമായി ഒരുമിച്ച് ജീവിക്കാൻ താൽപ്പര്യമില്ലെന്ന് യുവതി തീരുമാനം എടുത്തതോടെയാണ് കുടുംബം നിയമനടപടികളിലേക്ക് കടക്കുന്നത്. കഴിഞ്ഞ 12നാണ് പന്തീരാങ്കാവ് സ്വദേശി രാഹുലിനെതിരെ യുവതി ആദ്യം ഗാർഹിക പീഡന പരാതി നൽകിയത്. എന്നാൽ, പൊലീസ് വേണ്ടത്ര ഗൗരവത്തോടെ അത് കൈകാര്യം ചെയ്‌തില്ല എന്ന പരാതി ഉയർന്നിരുന്നു. ഇതോടെ കേസെടുക്കുന്നതിൽ വീഴ്‌ച വരുത്തിയ സിഐ എഎസ് സരിനെ സസ്‌പെൻഡ് ചെയ്യുകയും പ്രതിയെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിനെ കേസിൽ പ്രതിയാക്കുകയും ചെയ്‌തിരുന്നു.

പിന്നീട് ഒരുമിച്ച് ജീവിക്കാനാണ് താൽപ്പര്യമെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രാഹുലും പെൺകുട്ടിയും ഹൈക്കോടതിയെ സമീപിച്ചു. രാഹുലിനെതിരെ പൊലീസ് റിപ്പോർട്ട് നൽകിയെങ്കിലും ഇരുവർക്കും കൗൺസിലിംഗ് നൽകിയ ശേഷം ഒരുമിച്ച് ജീവിക്കുന്നതിനിടെയാണ് വീണ്ടും രാഹുൽ മർദിച്ചതായി പെൺകുട്ടി പരാതി നൽകിയത്.

അതേസമയം, ജാമ്യാപേക്ഷയുമായി വീണ്ടും കോടതിയെ സമീപിക്കാനാണ് പ്രതിയുടെ കുടുംബത്തിന്റെ തീരുമാനം. ജാമ്യാപേക്ഷ തള്ളിയതിനെതിരെ ഉടൻ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷക അറിയിച്ചു.


Source link

Related Articles

Back to top button