മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കും; ശുപാർശ ചെയ്ത് സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് പ്രഖ്യാപിച്ച് ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ പാർട്ടി നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി വ്യക്തമാക്കി. മധു മുല്ലശേരിയെ പുറത്താക്കാൻ സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കുമെന്ന് വി ജോയി പറഞ്ഞു.
‘മധു പറഞ്ഞതെല്ലാം അവാസ്തവമാണ്. ഏരിയാ കമ്മിറ്റിയെ തിരഞ്ഞെടുത്ത ശേഷം സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരുകൾ വന്നു. ജലീലിനെ കമ്മിറ്റി അംഗങ്ങൾ ജനാധിപത്യപരമായാണ് തിരഞ്ഞെടുത്തത്. ഏരിയാ സമ്മേളനത്തിനിടെയല്ല, സമ്മേളനം സമാപിച്ച ശേഷമാണ് മധു പോയതും പാർട്ടിക്കെതിരെ പരാമർശം നടത്തിയതും. ഉപരി കമ്മിറ്റിയുമായി ആലോചിച്ച് മധുവിനെതിരായ നടപടി തീരുമാനിക്കും’,- വി ജോയി വ്യക്തമാക്കി.
തന്നെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു മധു മുല്ലശ്ശേരിയുടെ ഇറങ്ങിപ്പോക്ക്. ഇതു സംബന്ധിച്ച ജില്ലാ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയായിരുന്നു ഇറങ്ങിപോയത്. സമ്മേളനം വിട്ട അദ്ദേഹം പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായ വിമർശനം നടത്തുകയും ചെയ്തിരുന്നു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എ. റഹീം എം.പി, എം. വിജയകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലായിരിന്നു മധുവിന്റെ പ്രതിഷേധം. പ്രാദേശിക തലത്തിലെ വിഭാഗീയതകൾ പലേടത്തും പരസ്യമാകുകയും ഏരിയാകമ്മിറ്റികൾ പോലും പിരിച്ചുവിടുകയും ചെയ്യുന്നതിനിടെയാണ് മംഗലപുരം ഏരിയാ സമ്മേളനവും തർക്കത്തിൽ കലാശിച്ചത്.
ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ച് എം.ജലീലിനെ പുതിയ സെക്രട്ടറിയാക്കിയതോടെയാണ് മധു പ്രതിഷേധിച്ച് ഇറങ്ങിപ്പോയത് . രണ്ട് തവണ ഇറങ്ങിപ്പോയ മധുവിനെ നേതാക്കൾ അനുനയിപ്പിച്ച് തിരികെ എത്തിച്ചെങ്കിലും ജില്ലാ നേതൃത്വം തീരുമാനത്തിൽ ഉറച്ചു നിന്നതോടെ സമ്മേളന ഹാൾ വിട്ട് പുറത്തിറങ്ങി താനും പ്രവർത്തകരും പാർട്ടി വിടുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. മംഗലപുരത്ത് കഴിഞ്ഞ രണ്ട് തവണയും മധു മുല്ലശ്ശേരിയായിരുന്നു സെക്രട്ടറി.
Source link