CINEMA

സത്യത്തില്‍ നസ്രിയ മാജിക്കലാണോ?


2024 നസ്രിയയ്ക്ക് ഭാഗ്യവര്‍ഷമാണ്. ഹഫദ് നിർമാണ പങ്കാളിയായ പ്രേമലു 100 കോടി ക്ലബ്ബും കടന്നപ്പോള്‍ നസ്രിയ നായികയായി വന്ന സൂക്ഷ്മദര്‍ശിനി വന്‍ഹിറ്റിലേക്ക് കുതിക്കുന്നു. ഡിസംബര്‍ മാസത്തില്‍  30 -ാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുകയാണ് നസ്രിയ. ഫഹദുമായുളള വിവാഹബന്ധത്തിന്റെ പത്താം വാര്‍ഷികവും ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. ഫഹദ് ഒരു പാന്‍ ഇന്ത്യന്‍ ആക്ടര്‍, സ്റ്റാര്‍ എന്നീ നിലകളില്‍ പൂര്‍ണ്ണതയെത്തിയ വര്‍ഷം കൂടിയായിരുന്നു ഇത്. 
നസ്രിയ മാജിക്കലാണെന്ന് പറഞ്ഞത് അവരുടെ ജീവിതപങ്കാളി ഫഹദ് ഫാസില്‍ തന്നെയാണ്. വിവാഹം തീരുമാനിക്കപ്പെട്ട സന്ദര്‍ഭത്തില്‍ നസ്രിയയെക്കുറിച്ച് ഫഹദ് പറഞ്ഞ ആദ്യത്തെ വാചകമിതാണ്. അക്ഷരാര്‍ഥത്തില്‍ അതൊരു തികഞ്ഞ സത്യവുമാണ്. വിജയത്തിന്റെ മറുവാക്കാണ് എക്കാലവും നസ്രിയ. അഭിനയിച്ച സിനിമകളെല്ലാം ബമ്പര്‍ഹിറ്റ്. ചെന്നു കയറിയ ഇടത്തും സൗഭാഗ്യങ്ങളുടെ വസന്തം നിറയ്ക്കാന്‍ അവര്‍ക്ക് കഴിയുന്നു. നസ്രിയയെ വിവാഹം കഴിക്കുന്നതിനു മുന്‍പേ ഫഹദ് താനൊരു മികച്ച നടനാണെന്ന് തെളിയിച്ചിരുന്നു. വിപണനമൂല്യമുളള താരമായും മാറിയിരുന്നു. എന്നാല്‍ ‘1 പ്ലസ് 1 ഈക്വല്‍സ് ഇമ്മിണി ബല്യ 1’ എന്ന പോലെയായി വിവാഹശേഷം കാര്യങ്ങള്‍. ഫഹദിന്റെ സിനിമകള്‍ ഒന്നൊന്നായി സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റുകളായി. 

നടന്‍ എന്നതിനപ്പുറം നിര്‍മാതാവെന്ന നിലയിലുളള പടങ്ങളും ചരിത്രവിജയം കൈവരിച്ചു. ഇതര ഭാഷകളിലും മികച്ച അഭിപ്രായവും ഒപ്പം താരമൂല്യവുമുളള വലിയ നടനായി ഫഹദ് വളര്‍ന്നു. ഇതെല്ലാം നസ്രിയയുടെ ഭാഗ്യം കൊണ്ടാണെന്ന് അര്‍ഥമില്ല. ഫഹദിന്റെ കഴിവുകള്‍ തന്നെയാണ് അദ്ദേഹത്തിന്റെ കരുത്ത്. എന്നാല്‍ ഒപ്പമുളളവരുടെ നക്ഷത്രബലവും വിജയത്തില്‍ ഒരു ഘടകമാണെന്നതിന് ഉദാഹരണങ്ങള്‍ അനവധിയുണ്ട് സിനിമയില്‍. നസ്രിയ ഭാര്യ എന്നതിനപ്പുറം നിര്‍മാതാവായും അഭിനേത്രിയായും ഫഹദിന് ഒപ്പമുണ്ട്. 

സൂക്ഷ്മദര്‍ശിനി മെഗാഹിറ്റായി മുന്നേറുമ്പോള്‍ ഭാഗ്യതാരം നസ്രിയ നസിം സിനിമയുടെ വിജയഘടകങ്ങളിലെ സുപ്രധാന സാന്നിധ്യമാണെന്ന് ഉറപ്പിക്കപ്പെടുന്നു. കൂട്ടിന് മിനിമം ഗ്യാരണ്ടി ഹീറോ ബേസിലും. പോരേ പൂരം?  തിയറ്ററുകള്‍ നിറഞ്ഞ് കവിഞ്ഞ് ഒഴുകുമ്പോള്‍ ഇടക്കാല മാന്ദ്യം വിട്ടകന്ന് മലയാള സിനിമ വീണ്ടും ഉഷാറാകുന്നു. ഫീമെയില്‍ സെന്‍ട്രിക്കായ സിനിമകളില്‍ പച്ചതൊടില്ലെന്ന് വാദിക്കുന്ന സിനിമാ പണ്ഡിതന്‍മാരെ ഞെട്ടിച്ചുകൊണ്ടാണ് സുൃൂക്ഷ്മദര്‍ശിനിയുടെ മുന്നേറ്റം. 
സ്വപ്നതുല്യ നേട്ടങ്ങളിലേക്ക്…
ഒരു സ്വപ്നം പോലെ വന്ന് സ്വപ്നതുല്യമായ വിജയങ്ങളിലേക്ക് നടന്നു കയറിയ ഒരാളാണ് നസ്രിയ. ദുബായിലായിരുന്നു നസ്രിയയുടെ കുടുംബം. 2016ല്‍ തിരുവനന്തപുരത്ത് വന്ന് താമസമാക്കി. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബ്ലെസിയുടെ പളുങ്ക് എന്ന സിനിമയില്‍ മുഖം കാണിച്ച നസ്രിയ ‘പ്രമാണി’യില്‍ മമ്മൂട്ടിയുടെയും ‘ഒരു നാള്‍വരും’ എന്ന പടത്തില്‍ ശ്രീനിവാസന്റെയും മകളായി അഭിനയിച്ചു. ഈ സിനിമകളൊന്നും നസ്രിയയിലെ നടിയെ അടയാളപ്പെടുത്താന്‍ പര്യാപ്തമായില്ല. ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ടെലിവിഷന്‍ ചാനലില്‍ അവതാരകയാവുന്നത്. ആ സന്ദര്‍ഭത്തില്‍ ചില ഓഫറുകള്‍ ലഭിച്ചെങ്കിലും സിനിമ അന്നൊന്നും ലക്ഷ്യമായിരുന്നില്ല. നായികയാകാനുളള ആത്മവിശ്വാസം തീരെയില്ല.

ആ സമയത്താണ് അല്‍ഫോന്‍സ് പുത്രന്‍ ‘യുവ’ എന്ന മ്യൂസിക്ക് ആല്‍ബത്തിലേക്ക് ക്ഷണിക്കുന്നത്. അത് വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു. നസ്രിയ-നിവിന്‍പോളി കോംബോയുടെ തുടക്കം അവിടെ നിന്നാണ്.  പില്‍ക്കാലത്ത് നസ്രിയയുടെ കരിയര്‍ മാറ്റി മറിച്ച ‘നേര’ത്തിലും നിവിനായിരുന്നു നായകന്‍. അന്ന് നസ്രിയ ഒരു വലിയ താരമായി മാറുമെന്നോ ഇന്ന് കാണുന്ന ജനപ്രീതി കൈവരിക്കുമെന്നോ സിനിമാ പ്രവര്‍ത്തകരോ പ്രേക്ഷകരോ എന്തിന് അവര്‍ പോലും കരുതിയിരുന്നില്ല. നസ്രിയയുടെ ഏറ്റവും വലിയ സവിശേഷത അനായാസതയ്‌ക്കൊപ്പം കുസൃതിയും കൗതുകവും ഓളം വെട്ടുന്ന ഭാവചലനങ്ങളാണ്. മിനിസ്‌ക്രീന്‍ കാലത്ത് തന്നെ കുടുംബസദസുകളുടെ ഓമനയായിരുന്ന നസ്രിയ നന്നായി പാടുകയും ചെയ്തിരുന്നു. 
ആദ്യം നായികയാവുന്നത് ‘മാഡ് ഡാഡ്’ എന്ന പടത്തിലാണ്. ആ സിനിമ വേറിട്ടതാണെങ്കിലും  വിജയചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചില്ല. നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, കൂടെ എന്ന സിനിമകളാണ് നായകനൊപ്പം  പ്രസക്തിയുളള നായിക എന്ന തലത്തിലേക്ക് നസ്രിയയെ എത്തിച്ചത്. മലയാളത്തിലും തമിഴിലും ഒരേസമയം റിലീസ് ചെയ്ത നേരത്തിന്റെ വന്‍വിജയത്തിന് ശേഷം സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ അറ്റ്‌ലിയുടെ രാജാറാണി ഉള്‍പ്പെടെ രണ്ട് തമിഴ് സിനിമകളിലും നസ്രിയ അഭിനയിച്ചു. രണ്ടും മികച്ച വിജയം നേടുകയും ചെയ്തു. ‘ഓം ശാന്തി ഓശാന’യിലെ പ്രകടനം അവര്‍ക്ക് മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്തു. നസ്രിയ–മഞ്ജു വാരിയര്‍ക്ക് സമാനമായ തലത്തില്‍ വലിയ നായികയായി വളരുമെന്ന് അക്കാലത്ത് പലരും പ്രവചിച്ചെങ്കിലും വിധി മറ്റൊരു രൂപത്തിലാണ് അവരെ കടാക്ഷിച്ചത്.

ഒരു നാൾ വരും എന്ന ചിത്രത്തിൽ നിന്നും

ഹഫദിന്റെ ജീവിതത്തിലെ മാജിക്ക്
ഫഹദ് ഫാസിലുമായി ബാംഗ്ലൂർ ഡെയ്‌സിന്റെ സെറ്റില്‍ വച്ചുണ്ടായ പരിചയം ഹൃദയബന്ധത്തോളം വളര്‍ന്നു. ആ പ്രണയകഥ പില്‍ക്കാലത്ത് അതിന്റെ ബഹുവര്‍ണങ്ങളോടെ മാധ്യമങ്ങളില്‍ നിറഞ്ഞു. 12 വയസ്സിന്റെ  അന്തരമുളള കമിതാക്കള്‍. അതൊന്നും ആ സ്‌നേഹത്തിന് തടസമായില്ല. 2014ല്‍ ഫഹദും നസ്രിയയും ഇരുകുടുംബങ്ങളുടെയും അനുവാദത്തോടെ വിവാഹിതരായി. വിവാഹശേഷം കുറച്ചു കാലം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇനി സിനിമയിലേക്കില്ല എന്ന മട്ടില്‍ പതിവ് കാപട്യങ്ങള്‍ക്കൊന്നും ഫഹദും നസ്രിയയും നിന്നില്ല. 4 വര്‍ഷങ്ങള്‍ക്ക് ശേഷം അഞ്ജലി മേനോന്റെ ‘കൂടെ’ എന്ന ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രം വന്നപ്പോള്‍ ക്യാമറയ്ക്ക് മുന്നിലെത്താന്‍ നസ്രിയ മടിച്ചില്ല. ആ സിനിമയും ഹിറ്റായെങ്കിലും വരുന്ന ഓഫറുകള്‍ക്കൊന്നും അവര്‍ കൈകൊടുത്തില്ല. താന്‍ ചെയ്‌തെങ്കിലേ പറ്റൂ എന്ന് തോന്നിയ കഥാപാത്രങ്ങള്‍ക്കായിരുന്നു മുഖ്യപരിഗണന. ഫഹദിനൊപ്പം ട്രാന്‍സില്‍ അഭിനയിച്ച ശേഷം ഇപ്പോള്‍ സൂക്ഷ്മദര്‍ശിനി എന്ന നായികാ കേന്ദ്രീകൃത ചിത്രത്തിലേക്ക് ക്ഷണം വന്നപ്പോള്‍ നസ്രിയ അതും ഏറ്റെടുത്ത് വന്‍വിജയമാക്കി. 

ഇതിനിടയില്‍ മൂന്ന് സിനിമകളില്‍ പിന്നണി പാടാനുളള അവസരവും ലഭിച്ചു. സലാലാ മൊബൈല്‍സ്, ബാം ഗ്ലൂര്‍ ഡെയ്‌സ്, വരത്തന്‍ എന്നീ സിനിമകളില്‍ യഥാക്രമം ലാ ലാ ലസാ, എന്റെ കണ്ണില്‍, പുതിയൊരു പാതയില്‍ എന്നീ ഗാനങ്ങള്‍ ആലപിച്ച് പാട്ടിലും താന്‍ മോശമല്ലെന്ന് തെളിയിച്ചു. വരത്തന്‍ ആയിരുന്നു നസ്രിയ നിര്‍മാണ പങ്കാളിയായ ആദ്യചിത്രം. പിന്നീട് കുമ്പളങ്ങി നൈറ്റ്‌സിലും നിര്‍മാണ സഹകാരിയായി. രണ്ടും കമേഴ്‌സ്യല്‍ സക്‌സസിനൊപ്പം മികച്ച അഭിപ്രായം നേടിയ സിനിമകള്‍.
ദാമ്പത്യവും സൂപ്പര്‍ഹിറ്റ്
സിനിമകള്‍ക്കൊപ്പം വ്യക്തിജീവിതവും സൂപ്പര്‍ഹിറ്റാക്കിയ ദമ്പതികളാണ് ഫഹദും നസ്രിയയും. നസ്രിയ മാജിക്കലാണെന്ന് പറഞ്ഞ ഫഹദിന്റെ 38 -ാം ജന്മദിനത്തില്‍ സമൂഹമാധ്യമത്തില്‍  നസ്രിയ ഇങ്ങനെ കുറിച്ചു.  ‘‘പ്രിയ ഷാനു നീ ജനിച്ചതില്‍ ഞാന്‍ എല്ലാ ദിവസവും അളളാഹുവിനോട് നന്ദി പറയാറുണ്ട്’’
ഷാനു എന്നത് ഏറെ പ്രിയപ്പെട്ടവര്‍ സ്‌നേഹവാത്സല്യങ്ങളോടെ ഫഹദിനെ വിളിക്കുന്ന പേര്. അവരുടെ കണ്ടുമുട്ടലും സൗഹൃദവും പ്രണയവുമെല്ലാം ഒരു നവകാല സിനിമ പോലെ വേറിട്ടതായിരുന്നല്ലോ? ബാം ഗ്ലൂര്‍ ഡെയ്‌സില്‍ അഭിനയിക്കുമ്പോള്‍ ദുല്‍ഖറും നിവിനുമെല്ലാം വളരെ ജോളിയായി തന്നോട് ഇടപെടുമ്പോള്‍ ഗൗരവക്കാരനായി മാറി നില്‍ക്കുന്ന ഫഹദിനെ നസ്രിയ ശ്രദ്ധിക്കുന്നു എന്ന് പുറമെ ഭാവിക്കാത്ത വിധത്തില്‍ നോക്കി കണ്ടു. ഫഹദിനാവട്ടെ മറിച്ചാണ് അനുഭവപ്പെട്ടത്. ഓരോ പെണ്‍കുട്ടികളും തന്റെ സാന്നിധ്യത്തില്‍ എക്‌സൈറ്റഡാകുമ്പോള്‍ കണ്ടമട്ട് നടിക്കാതെ അശ്രദ്ധമായി നടക്കുന്ന നസ്രിയ ഷാനുവിന് കൗതുകമായി. 

ആ സമയത്ത് ദൈവത്തിന്റെ ഇടപെടല്‍ പോലെ ഷാനുവിന്റെ വീട്ടില്‍ ഒരു അദ്ഭുതം സംഭവിക്കുന്നുണ്ടായിരുന്നു. ചെറുപ്പം മുതലേ നസ്രിയയുടെ കുടുംബത്തെ അറിയുന്ന ഫാസില്‍ മകനു വേണ്ടി നസ്രിയയെ വിവാഹം ആലോചിച്ചു. കുട്ടികള്‍ എന്ത് പറയുമെന്നായിരുന്നു നസ്രിയയുടെ പിതാവിന്റെ ആശങ്ക. അദ്ദേഹം മകളെ വിവരമറിയിച്ചു. അത് വേണോ എന്ന ഒരു ഒഴിഞ്ഞുമാറലായിരുന്നു നസ്രിയയുടെ പ്രതികരണം. ഷാനുവിനോട് വിവരം അവതരിപ്പിച്ചത് ഉമ്മയാണ്. നോക്കാമെന്ന ഒഴുക്കന്‍ മറുപടിയായിരുന്നു അവിടെയും. എന്നാല്‍ ലൊക്കേഷനിലെ കുറഞ്ഞ ദിവസങ്ങള്‍ക്കുളളില്‍ നസ്രിയ ഷാനുവിനെ മനസിലാക്കുകയായിരുന്നു. സിനിമയുടെ കളളത്തരങ്ങള്‍ മരുന്നിന് പോലുമില്ലാത്ത സ്ട്രയിറ്റ് ഫോര്‍വേഡ് നേച്ചറുളള വ്യക്തി. മറ്റുളളവരോട് അനുകമ്പയും സ്‌നേഹവും ആത്മാര്‍ഥതയും സൂക്ഷിക്കുന്ന ഒരു നല്ല മനുഷ്യന്‍. ആര്‍ക്കും ഷാനുവിനെക്കുറിച്ച് വിരുദ്ധാഭിപ്രായമില്ല. ഷാനുവിനും നസ്രിയ എന്ന കുട്ടിയുടെ നല്ല വശങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ബോധ്യമായി. 
മനസ്സു തുറക്കുന്നു
ബാംഗ്ലൂരിലെ ലൊക്കേഷനില്‍ ഷൂട്ടിങിനിടയില്‍ ഷാനുവും നസ്രിയയും സംസാരിച്ചുകൊണ്ട് ഒരു മുറിയിലിരിക്കുന്നു. പെട്ടെന്ന് നസ്രിയ ഷാനുവിനോട് ചോദിച്ചു. ‘‘എടോ തനിക്ക് എന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ? ജീവിതം മുഴുവന്‍ ഞാന്‍ തന്നെ പൊന്നുപോലെ നോക്കാം’’

അത്ര സത്യസന്ധമായ മനസ് തുറന്നുളള ചോദ്യം മറ്റൊരു പെണ്‍കുട്ടിയില്‍ നിന്നും അന്നോളം താന്‍ കേട്ടിട്ടില്ലെന്നായിരുന്നു പിന്നീട് ഷാനു തുറന്ന് പറഞ്ഞത്. അതേ ഉറപ്പ് തന്നെ നസ്രിയ ഷാനുവിന്റെ ഉമ്മയ്ക്കും നല്‍കി. ഉമ്മ നോക്കും പോലെ ഷാനുവിനെ താന്‍ നോക്കി കൊളളാമെന്ന്. ആ വാക്കുകള്‍ ഉമ്മയുടെയും ഹൃദയത്തില്‍ കൊണ്ടു. ഈ സംഭവത്തിന് ശേഷം ഇരുവരും തമ്മില്‍ ഗാഢപ്രണയത്തിലായി. വിവാഹത്തെക്കുറിച്ച് ഉമ്മ തിരക്കിയപ്പോള്‍ ഷാനു പറഞ്ഞ മറുപടി ഇതായിരുന്നു.

‘‘ഷി ഈസ് മാജിക്കല്‍..’’
പ്രായത്തിലെ അന്തരത്തെക്കുറിച്ച് ആകുലപ്പെട്ടവര്‍ക്ക് ഫഹദ് നല്‍കിയ മറുപടി പോലും മാതൃകാപരം. ‘‘എന്റെ ഉപ്പയും ഉമ്മയും തമ്മിലുളള പ്രായവ്യത്യാസമേ ഞങ്ങള്‍ തമ്മിലുമുളളു. അവര്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷവും സന്തോഷത്തോടെ ജീവിക്കുന്നു’’.
വിവാഹശേഷം പല പുരോഗമന നാട്യക്കാരും ഭാര്യയെ കൂട്ടിലടച്ച കിളിയാക്കുമ്പോള്‍ ഫഹദ്, നസ്രിയയെ ‘കൂടെ’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അയച്ചു. അത് നസ്രിയയുടെ ആഗ്രഹത്തെ പരിഗണിക്കാനായി കേവലം വഴിപാട് പോലെ ചെയ്തതായിരുന്നില്ല. പ്രിയപ്പെട്ടവളുടെ ഇഷ്ടത്തെ സ്വന്തം ഇഷ്ടമായി കരുതി ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു ഭര്‍ത്താവിന്റെ മനസ്സ് അതിന് പിന്നിലുണ്ടെന്ന് പൊതുസമൂഹം തിരിച്ചറിയുന്നത് കുടെയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു കൊണ്ട് ഫഹദ് ഇട്ട പോസ്റ്റാണ്. 
‘‘ജീവിതത്തില്‍ ഇന്നേവരെ അനുഭവിക്കാത്ത സന്തോഷത്തോടെയാണ് കൂടെ എന്ന സിനിമയുടെ പോസ്റ്റര്‍ ഞാന്‍ ഷെയര്‍ ചെയ്യുന്നത്. നാലു വര്‍ഷമായി ഞാന്‍ സ്‌ക്രീനില്‍ കാണാന്‍ ഇഷ്ടപ്പെടുന്നയാളുടെ മടങ്ങി വരവ് കൂടെയാണിത്. എനിക്ക് വീടും കുടുംബവുമാകാനാണ് 4 വര്‍ഷം അവള്‍ എല്ലാം ഉപേക്ഷിച്ചത്. എനിക്കുളളതെല്ലാം ചേര്‍ത്തു വച്ച് ഞാന്‍ നിന്നെ പ്രണയിക്കുന്നു നസ്രിയാാാ..’’
കുട്ടിക്കളി മാറാത്ത നസ്രിയ
വിവാഹം കഴിഞ്ഞ് ഒരു ദശകം പിന്നിട്ടിട്ടും കുടുംബജീവിതത്തിന്റെ സംഘര്‍ഷങ്ങളിലും ഉത്തരവാദിത്തങ്ങളിലും മുങ്ങി ജീവിതം നഷ്ടപ്പെടുത്താതെ എല്ലാം കൂള്‍ കൂളായി എടുക്കുന്ന പെണ്‍കുട്ടിയാണ് നസ്രിയ.കാലത്ത് 9 മണിക്ക് താന്‍ ഉറക്കമുണര്‍ന്നു വരുമ്പോള്‍ ഡ്രോയിങ് റൂമിലിരുന്ന് ടിവിയില്‍ വാര്‍ത്ത കാണുന്ന ഷാനുവിനോട് ചായ വേണ്ടെയെന്ന് ചോദിക്കുമ്പോള്‍ നീ ഉറക്കമായിരുന്നതു കൊണ്ട് ഞാന്‍ ചായ ഇട്ടു എന്ന് കൂളായി പറയുന്നത് ഒക്കെ നസ്രിയ അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ആ പുലര്‍കാല ചായയ്ക്ക് അവരുടെ പ്രണയത്തിന്റെ നിറവും മണവും കടുപ്പവും ചൂടും മധുരിമയും എല്ലാമുണ്ട്.
അത് തെല്ലും കുറയാതെ ഇന്നും സൂക്ഷിക്കുന്നതാവാം വിജയങ്ങളിലേക്ക് നിരന്തരം സഞ്ചരിക്കാന്‍ ഇരുവര്‍ക്കും കരുത്താവുന്നത്. സിനിമയിലെന്ന പോലെ ജീവിതത്തിലും സ്‌പെഷലായ നസ്രിയ നര്‍മം കലര്‍ന്ന കുസൃതിയോടെയാണ് പല കാര്യങ്ങളെയും സമീപിക്കുന്നത്. ഭര്‍ത്താവ് നായകനായ സിനിമയുടെ നിര്‍മാതാവായ അനുഭവത്തെക്കുറിച്ച് ഒരിക്കല്‍ നസ്രിയ പറഞ്ഞ തമാശയാണ് രസം.
‘‘പണ്ടൊക്കെ ഷാനു കാലത്ത് ഷൂട്ടിന് പോകുമ്പോള്‍ കുറച്ചുകൂടി കഴിഞ്ഞ് പോകാമെന്ന് പറയും. ഇപ്പോള്‍ അതിരാവിലെ തട്ടിവിളിച്ച് എണീച്ചേ.. ഇന്ന് സണ്‍റൈസ് എടുക്കണ്ടേ… കമോണ്‍..എന്ന് പറയും’’
കൂടെക്കൂടെ മൊബൈല്‍ നമ്പര്‍ മാറ്റുന്ന ശീലമുളള ഷാനുവിനെക്കുറിച്ചും നസ്രിയ കമന്റ് ചെയ്യുന്നതിങ്ങനെ: ‘‘ചിലര്‍ വിളിച്ച് എന്നോട് പുതിയ നമ്പര്‍ ചോദിക്കും. ഞാന്‍ പറയും എനിക്കറിയില്ല. ഇന്നലെ ഒന്ന് മാറ്റിയതേയുളളു’’
‘‘നസ്രിയയ്ക്ക് ഇപ്പഴും കുട്ടിക്കളി മാറിയിട്ടില്ല. കല്യാണം കഴിഞ്ഞാലെങ്കിലും മെച്ചപ്പെടുംന്നാ വിചാരിച്ചത്’’ എന്ന്  കമന്റ് ചെയ്തവര്‍ക്ക് നല്‍കിയ മറുപടി ഇതാണ്.
‘നേരത്തെ കെട്ടിയതും പോരാ..ഇനി മച്യൂരിറ്റിയും വേണോ?’’
അതും പറഞ്ഞ് നസ്രിയ പൊട്ടിച്ചിരിക്കുമ്പോള്‍ ആ ചിരിയുടെ ഭംഗിയില്‍ സ്വയം മറക്കുന്നത് ഒരു മഹാജനതയാണ്. അവര്‍ എന്നും ‘കൂടെ’ നില്‍ക്കുന്നതു കൊണ്ടാണല്ലോ വിജയം ഒരു തുടര്‍ക്കഥയാവുന്നത്.


Source link

Related Articles

Back to top button