കേരള മെഡിക്കൽ പി.ജി: ആദ്യ റൗണ്ട് ചോയ്‌സ് ഫില്ലിംഗ് 23 വരെ

ഡോ.ടി.പി. സേതുമാധവൻ | Friday 22 November, 2024 | 12:00 AM

കേരളത്തിൽ 2024 ലെ നീറ്റ് പി.ജി റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള പി.ജി ഓൺലൈൻ ആദ്യറൗണ്ട് കൗൺസലിംഗിനുള്ള ചോയ്‌സ് ഫില്ലിംഗ് നാളെ വൈകിട്ട് അഞ്ചിനകം പൂർത്തിയാക്കണം. കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്കുള്ള മെരിറ്റ്, എൻ.ആർ.ഐ സീറ്റുകളിലേക്ക് ഓപ്ഷൻ നൽകാം. ഓപ്ഷൻ നൽകുമ്പോൾ ഫീസ്, താല്പര്യമുള്ള കോഴ്‌സ്, മുൻവർഷങ്ങളിലെ റാങ്ക് നിലവാരം എന്നിവ വിലയിരുത്തണം.

സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണറാണ് കൗൺസലിംഗ് നടത്തുന്നത്. ഇതിനായി പൊതുവിഭാഗത്തിൽപ്പെട്ടവർ 10000 രൂപയും, മറ്റുള്ളവർ 5000 രൂപയും അടയ്ക്കണം. താത്കാലിക ലിസ്റ്റ് 25 നും അന്തിമ ലിസ്റ്റ് 26 നും പ്രസിദ്ധീകരിക്കും. നവംബർ 28 മുതൽ ഡിസംബർ നാല് വരെ പ്രവേശനം ലഭിച്ച കോളേജുകളിൽ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം.

എം.ഡി, എം.എസ് സീറ്റുകൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽ 57890 രൂപയാണ് വാർഷിക ഫീസ്. സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ക്ലിനിക്കൽ കോഴ്‌സുകൾക്ക് 18 ലക്ഷം രൂപയോളം വരും. നോൺ ക്ലിനിക്കൽ കോഴ്‌സുകൾക്ക് 11.23 ലക്ഷം രൂപയാണ് ഫീസ്. എൻ.ആർ.ഐ ഫീസ് 38.86 ലക്ഷം രൂപയാണ്. www.cee.kerala.gov.in.
കർണ്ണാടകയിൽ കെ.ഇ.എയും തമിഴ്‌നാടിൽ ടി.എൻ ഹെൽത്തും പുതുച്ചേരിയിൽ സെന്റാക്കും കൗൺസലിംഗ് പൂർത്തിയാക്കും.

2. യു.ജി.സി നെറ്റ് 2024: ഡിസംബർ 10 വരെ അപേക്ഷിക്കാം
ഡിസംബറിലെ യു.ജി.സി നെറ്റ് 2024 ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്കും അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ഡിസംബർ 10 വരെ അപേക്ഷിക്കാം. 2025 ജനുവരി ഒന്ന് മുതൽ 19 വരെയാണ് പരീക്ഷ. അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനു യോഗ്യതയായും ഗവേഷണത്തിനുള്ള ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും നെറ്റ് സ്‌കോർ ആവശ്യമാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. www.ugcnet.nta.ac.in.


Source link
Exit mobile version