അതൃപ്തർക്ക് സ്വാഗതം: കെ. സുരേന്ദ്രൻ

കൊച്ചി: സി.പി.എമ്മിലേത് ഉൾപ്പെടെയുള്ള അതൃപ്തരെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ജി.സുധാകരനെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും വ്യക്തിയല്ല ബി.ജെ.പിയുടെ ലക്ഷ്യം. ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ സി.പി.എമ്മിൽ നിന്ന് ബി.ജെ.പിയിലേക്ക് വലിയ ഒഴുക്കുണ്ടാകും. അവരുടെ സാധാരണ അണികൾപോലും ബി.ജെ.പിയെ മാത്രമാണ് ആശ്രയമായി കാണുന്നത്.

സംസ്ഥാനമൊട്ടാകെ സി.പി.എമ്മിൽ ഭീകരവാദികൾ പിടിമുറുക്കി. പോപ്പുലർ ഫ്രണ്ടിന്റെയും ഭീകരസംഘടനകളുടെയും പ്രവർത്തകർക്ക് സ്വാധീനമുള്ള ആൾക്കൂട്ട സംവിധാനമായി ആലപ്പുഴയിലെയും കണ്ണൂരിലെയും ശക്തികേന്ദ്രങ്ങളിൽവരെ പാർട്ടി മാറി. സി.പി.എമ്മിലേക്കും ഡി.വൈ.എഫ്.ഐയിലേക്കും ഇക്കൂട്ടരുടെ വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് നടന്നു. മണൽ മാഫിയകളുടെയും കള്ളക്കടത്തുകാരുടെയും അധോലോക സംഘങ്ങളുടെയും പിടിയിലാണ് സി.പി.എം. ജി.സുധാകരൻ ഉയർത്തുന്നതും ഇക്കാര്യമാണ്.


Source link
Exit mobile version