KERALAM

തള്ളേ, ഇതാണോ വന്ദേഭാരത് സ്ലീപ്പർ; ദൃശ്യങ്ങൾ കണ്ട് കണ്ണുതള്ളി ജനം

വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. നമ്മൾ ഇതുവരെ കാണാത്ത, ആരെയും അതിശയിപ്പിക്കുന്ന സംവിധാനങ്ങളാണ് ഇതിലുള്ളത്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മാണം പൂർത്തിയായി അവസാന മിനുക്കുപണികൾ നടത്തിക്കൊണ്ടിരിക്കുന്ന സ്ലീപ്പർ ട്രെയിനിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. യൂറോപ്യന്‍ മോഡലിനെ അനുസ്മരിപ്പിക്കുന്ന കോച്ചുകൾക്ക് മികച്ച അഭിപ്രായമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ലഭിക്കുന്നത്.

ഫൈബർഗ്ലാസ് പാനലുകൾ ഉപയോഗിച്ചാണ് ഉൾഭാഗത്തിന്റെ രൂപകല്പന. അതുകണ്ടാൽ ആരും നോക്കിനിന്നുപോകും. സ്റ്റെയിൻലെസ് സ്​റ്റീൽകൊണ്ടുള്ള ബോഗികൾക്ക് ഓട്ടോമാ​റ്റിക് വാതിലുകളാണുള്ളത്. അംഗപരിമിതർ, ഭിന്നശേഷിക്കാർ എന്നിവരുൾപ്പടെ പ്രത്യേക പരിഗണനയുള്ളവർക്കായി അവർക്ക് യോജിച്ച ബെർത്തുകളും ടോയ്‌ലറ്റുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. ശുചിമുറികൾ തിരിച്ചറിയുന്നതിനായി ബ്രയിൽ ലിപിയിലും രേഖപ്പെടുത്തിയിട്ടുണ്ട്. കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളും ട്രെയിനിലുണ്ട്. യാത്രയ്ക്കിടെ വായനയ്ക്കായി പ്രത്യേക ലൈ​റ്റിംഗ് സംവിധാനം, മികച്ചനിരവാരത്തിലുള്ള ഫയർ സേഫ്​റ്റി, മോഡുലാർ പാൻട്രി എന്നിവയാണ് മറ്റുസൗകര്യങ്ങൾ.

കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ കിട്ടിയേക്കും എന്നാണ് റിപ്പോർട്ടുകൾ. കൊച്ചുവേളി- ബംഗളൂരു, ശ്രീനഗർ-കന്യാകുമാരി സർവീസുകളാണ് പരിഗണനയിലുള്ളത്. വന്ദേഭാരത് ട്രെയിനുകൾ കേരളത്തിൽ ഇപ്പോൾ മികച്ച രീതിയിൽ സർവീസ് നടത്തുന്നുണ്ട്.

ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ 2025ല്‍ തന്നെ സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. രണ്ട് മാസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷമാകും ഈ ട്രെയിന്‍ വാണിജ്യ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിക്കുക.

800 മുതല്‍ 1,200 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കാണ് സ്ലീപ്പര്‍ ട്രെയിന്‍ പരിഗണിക്കുന്നത്. 11 ത്രീ ടയര്‍ എസി കോച്ചുകള്‍, 4 ടു ടയര്‍ എസി കോച്ചുകള്‍, ഒരു ഫസ്റ്റ് ക്ലാസ് കോച്ച് എന്നിങ്ങനെ മൊത്തം 823 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍. പത്ത് ട്രെയിനുകള്‍ അടുത്ത വര്‍ഷം പുറത്തിറക്കുമെന്ന പ്രഖ്യാപനം വരുമ്പോള്‍ ഒരെണ്ണം സംസ്ഥാനത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. വന്ദേഭാരത് ചെയര്‍ കാറുകള്‍ വന്‍ ഹിറ്റായതാണ് കേരളത്തിന് പ്രതീക്ഷ നല്‍കുന്ന ഘടകം.

കൂട്ടിയിടി ഒഴിവാക്കാന്‍ കവച് സംവിധാനം, ഡ്രൈവര്‍ കാബിനിലേക്കുള്ള എമര്‍ജന്‍സി ടോക്ക് ബാക്ക് യൂണിറ്റ് തുടങ്ങിയ സൗകര്യങ്ഹളും ഇതിലുണ്ട്. ബയോ വാക്വം ടോയ്ലറ്റുകള്‍, ചൂടുവെള്ളത്തില്‍ കുളിക്കാനുള്ള സൗകര്യം, സിസിടിവി, പാസഞ്ചര്‍ അനൗണ്‍സ്‌മെന്റ് സംവിധാനം എന്നിവ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്റെ പ്രത്യേകതകളാണ്.


Source link

Related Articles

Back to top button