മുംബയ്: രാജ്യത്തെ ഏറ്റവും വലിയ മഹാനഗരമായ മുംബയുടെ ജീവനാഡിയാണ് ലോക്കല്‍ ട്രെയിനുകള്‍. ഒരു ദിവസം ലോക്കല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തിയില്ലെങ്കില്‍ നഗരജീവിതത്തിന്റെ താളം തെറ്റുമെന്ന് പറയാറുണ്ട്. ഇപ്പോഴിതാ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷം സമ്മാനിക്കുന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിനുകള്‍ എയര്‍കണ്ടീഷനിങ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
അടുത്ത ഒന്നര വര്‍ഷത്തിനുള്ളില് പൂര്‍ണമായും ശീതീകരിച്ച 238 കമ്പാര്‍ട്‌മെന്റുകള്‍ തയ്യാറാക്കാനാണ് മുംബയ് റെയില്‍ വികാസ് കോര്‍പ്പറേഷന്‍ (എം. ആര്‍. വി. സി ) ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തില്‍ ഇത്തരത്തിലുള്ള ഒരു പുതിയ എ. സി ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. പലപ്പോഴും അമിതമായ തിരക്ക് കാരണം വീര്‍പ്പമുട്ടുന്ന യാത്രക്കാരെ സംബന്ധിച്ച് വളരെ അനുകൂലമായ തീരുമാനമാണിത്.
ദിവസവും 75 ലക്ഷം ആളുകളാണ് മുംബയ് നഗരത്തിലെ ലോക്കല്‍ ട്രെയിനുകളില്‍ യാത്രചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കുപിടിച്ച സബര്‍ബന്‍ റെയില്‍വേ ശൃംഖലയാണ് നഗരത്തിലുള്ളത്. മുംബയ് നഗരത്തിന്റെ ഏറ്റവും ദൂരെയുള്ള കോണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വെസ്റ്റേണ്‍, സെന്‍ട്രല്‍, ഹാര്‍ബര്‍ എന്നിങ്ങനെ മൂന്ന് പ്രധാന ലൈനുകളാണ് ലോക്കല്‍ ട്രെയിന്‍ സര്‍വീസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഈ ശൃംഖല 390 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഒന്നാണ്.
Source link