ന്യൂഡല്‍ഹി: സാധാരണയായി ഒരു യാത്രക്കാരന്‍ ട്രെയിനില്‍ എസി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കനത്ത ചൂടില്‍ നിന്ന് രക്ഷ നേടിയുള്ള യാത്രയ്ക്ക് വേണ്ടിയാണ്. സ്ലീപ്പര്‍, സെക്കന്‍ഡ് സിറ്റിംഗ് കമ്പാര്‍ട്‌മെന്റുകളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് എ.സി കോച്ചുകളില്‍ കൂടുതലുമാണ്. പൂര്‍ണമായി ശീതീകരിച്ച കോച്ചുകള്‍ മാത്രമുള്ള വന്ദേഭാരത് ട്രെയിനുകളിലാകട്ടെ മറ്റ് ട്രെയിനുകളെക്കാള്‍ കൂളിംഗ് ലഭിക്കുകയും ചെയ്യും. എന്നാല്‍ തണുപ്പിന് പകരം ചൂട് ലഭിക്കുന്ന പുതിയ വന്ദേഭാരത് നിരത്തിലിറക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.
ട്രെയിന്‍ ഓടാന്‍ പോകുന്നത് ഇന്ത്യയില്‍ തന്നെയാണെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇന്ത്യയിലെ മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശമായ കാശ്മീരിന് വേണ്ടിയാണ് പ്രത്യേക വന്ദേഭാരത് ഡിസൈന്‍ ചെയ്യുന്നത്. 2025 ജനുവരി മാസം മുതല്‍ ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കാശ്മീരിന് വേണ്ടത് തണുപ്പിനെ നേരിടാന്‍ പറ്റിയ ചൂടന്‍ കോച്ചുകളാണെന്ന് തിരിച്ചറിഞ്ഞാണ് റെയില്‍വേയുടെ നടപടി.
തണുപ്പിന് പകരം ചൂട് ലഭിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങളാണ് സ്‌പെഷ്യല്‍ വന്ദേഭാരതില്‍ ഒരുക്കുന്നത്. ജമ്മുകശ്മീരിനുള്ള പ്രത്യേക വന്ദേഭാരത് ട്രെയിനുകളിലെ കോച്ചുകളില്‍ സംയോജിത സംവിധാനത്തിലൂടെ ചൂടു പകരുന്നതിനൊപ്പം ചെയര്‍ കാര്‍ ഡിസൈന്‍ നവീകരിച്ചു വരുകയുമാണ്. അധിക സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്. ഡ്രൈവറുടെ മുന്നിലെ ചില്ലില്‍ മഞ്ഞ് വരാതിരിക്കാന്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തും. തണുപ്പ് പൂജ്യം ഡിഗ്രിക്ക് താഴെയാണെങ്കിലും ഗ്ലാസില്‍ മഞ്ഞു കട്ട പിടിക്കില്ല.
വാട്ടര്‍ ടാങ്കുകള്‍ക്ക് സിലിക്കോണ്‍ ഹീറ്റിംഗ് പാഡുകള്‍ നല്‍കും. വെള്ളം കട്ടിയാകാതിരിക്കാന്‍ പ്ലംബിംഗിന് പ്രത്യേക ഹീറ്റിംഗ് കേബിളാണ് ഉപയോഗിക്കുന്നത്. പൊതുമേഖല സ്ഥാപനമായ ബെമല്‍ (ബി.ഇ.എം.എല്‍) ആണ് നിര്‍മാണം നടത്തുന്നത്.
Source link