മൈസൂരു: നായാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ ഐക്യത്തിന്റെ മുദ്രാവാക്യമായിരുന്നു യോഗം ഉയർത്തിയിരുന്നതെങ്കിൽ ഇനി മുതൽ നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യമാണ് ഈ കാലഘട്ടത്തിൽ ഉണ്ടാവേണ്ടതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.മൈസൂരുവിൽ നടക്കുന്ന എസ്.എൻ.ഡി.പി യോഗം നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ആരുടെയും അവകാശങ്ങൾ പിടിച്ചു പറ്റാനല്ല. ജനിച്ച മണ്ണിൽ ജീവിക്കാനും സാമൂഹ്യനീതിയിലധിഷ്ഠിതമായ സമുദായ നീതി നടപ്പിലാക്കാനുമാണ്. ഓരോ വ്യക്തിക്കും രാഷ്ട്രീയ വിശ്വാസവും ആദർശവുമുണ്ട്. അതൊന്നും മാറ്റാൻ പറയില്ല. സമുദായത്തിന്റെ അവകാശ പോരാട്ടത്തിനായി ഒന്നായി നിന്നു പോരാടാനാണ് ശ്രമിക്കേണ്ടത്. ദാരിദ്യ്രം, ഭവനമില്ലായ്മ തുടങ്ങിയ വിഷമതകൾ നാം നേരിടുമ്പോൾ രാഷ്ട്രീയ അധികാരത്തിൽ നിന്ന് അയിത്തം കൽപ്പിച്ച് മാറ്റി നിറുത്തുന്ന പ്രവണത അവസാനിപ്പിച്ച് അധഃസ്ഥിതർ അധികാരത്തിൽ എത്തണം. അതിനായി വലിയ കൂട്ടായ്മയും ചർച്ചകളും അനിവാര്യമായ കാലഘട്ടത്തിലാണ് നമ്മൾ എത്തി നിൽക്കുന്നത്.
ജാതിയുടെ പേരിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് മുസ്ലിം ലീഗ്. പേരിന്റെ അർത്ഥം തന്നെ മുസ്ലിം കൂട്ടായ്മ എന്നാണ്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയ മേലങ്കിയണിഞ്ഞ് ഭരണത്തിൽ പങ്കുചേർന്ന് ദേശീയ കക്ഷികളെ വരച്ച വരയിൽ നിറുത്തുന്ന രീതിയാണ് നാം കണ്ടു വരുന്നത്.ഇടതു വന്നാലും വലതു വന്നാലും സമ്മർദ്ദ ശക്തിയായി നിന്ന് സമുദായ താത്പര്യങ്ങൾ സംരക്ഷിക്കാൻ ലീഗിന് കഴിയും. സംഘടിത മത ശക്തികളെ വോട്ട് ബാങ്കായി കണ്ട് പ്രീണിപ്പിക്കുകയെന്നതാണ് കേരള രാഷ്ട്രീയത്തിന്റെ ദുരന്തം.വോട്ട് ബാങ്കായി നിലകൊള്ളുന്നവർക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നതാണ് കണ്ടുവരുന്നത്. സ്ഥാനാർത്ഥി നിർണയത്തിലും പൊതുസ്വത്ത് വീതം വയ്ക്കുമ്പോഴും അനർഹമായി നൽകുകയും പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുകയുമാണ്. അധികാര കേന്ദ്രങ്ങളും നയരൂപീകരണങ്ങളും സംഘടിതശക്തികൾ കൈയടക്കുമ്പോൾ നോക്കി നിൽക്കാൻ മാത്രം വിധിക്കപ്പെട്ടവരായി മാറുകയാണ് ഭൂരിപക്ഷ സമുദായങ്ങൾ.
ഈഴവ സമുദായം ആൾബലത്തിൽ മുന്നിലാണെങ്കിലും സ്ഥാനാർത്ഥി നിർണയത്തിൽ സമുദായ അംഗങ്ങളോട് ഒരു രാഷ്ട്രീയ പാർട്ടിയും വേണ്ട പരിഗണന കാട്ടാറില്ല. കേരളത്തിൽ സാമൂഹ്യനീതി എന്ന ആശയമാണ് ഉയർത്തേണ്ടത് പലപ്പോഴും തിരഞ്ഞെടുക്കപ്പെടുന്നവർ സ്വ സമുദായത്തിന്റെയോ പാർട്ടിയുടെയോ പ്രതിനിധി എന്ന നിലയിലാണ് ഇടപെടുന്നത്. സാമൂഹ്യ നീതി യാഥാർത്ഥ്യമായാലേ സ്ഥിതിസമത്വവും സമുദായ നീതിയും സാധ്യമാവൂ. ന്യൂനപക്ഷം എന്ന പേരിൽ ആനുകൂല്യങ്ങളും പരിരക്ഷകളും അനുഭവിക്കുന്നവർ ഭൂരിപക്ഷത്തെ അംഗീകരിക്കാനും അവരുടെ വികാരങ്ങളെ മാനിക്കാനും ബാദ്ധ്യസ്ഥരാണ്.
ഭരണഘടന അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും പരമാവധി പിടിച്ചുപറ്റി സാമൂഹിക നീതി ഉറപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഭരണ, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ കാലാകാലങ്ങളായി നടത്തിയ വഞ്ചനയും നീതിനിഷേധവും നമ്മൾ തിരിച്ചറിയണം.
സാമുദായിക ശക്തി സമാഹരണത്തിലൂടെ മാത്രമേ സാമൂഹ്യനീതി യാഥാർത്ഥ്യമാക്കാൻ കഴിയൂവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, അഡ്വ. രാജൻ ബാബു എന്നിവർ പ്രസംഗിച്ചു. രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ, കോന്നി ഗോപകുമാർ എന്നിവർ ക്ലാസെടുത്തു.
Source link