ഒരിടവേളക്ക് ശേഷം മലയാള സിനിമയിൽ നസ്രിയ നസീം പ്രധാന കഥാപാത്രമായെത്തിയ ചിത്രമാണ് സൂക്ഷ്മദർശിനി. എം സി സംവിധാനം ചെയ്ത ചിത്രം സ്ത്രീകേന്ദ്രീകൃതമായ ഒരു മിസ്റ്ററി ത്രില്ലറാണ്. ചിത്രത്തിൽ നസ്രിയയ്‌ക്കൊപ്പം ബേസിൽ ജോസഫ്, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്, അഖില ഭാർഗവൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ആക്ടിങ്ങിൽ ഉപരിപഠനം നടത്തി നാടകത്തിലൂടെ സിനിമയില്‍ എത്തിയ പൂജ ഹ്യൂമർ ടച്ചുള്ള വളരെ വ്യത്യസ്തമായ വേഷമാണ് സൂക്ഷ്മദർശിനിയിൽ ചെയ്തത്. നസ്രിയയുടെ കഥാപാത്രത്തിന്റെ പാപ്പരാസി ഗ്യാങ്ങിലെ മെമ്പറായ അസ്മ എന്ന കഥാപാത്രമായി പൂജ കോമഡിയും തനിക്കിണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ്. ആക്റ്റിംഗിൽ ഉപരിപഠനം നടത്തിയെങ്കിലും സിനിമ തനിക്ക് എളുപ്പം എത്തിപ്പെടാൻ കഴിയുന്ന മേഖലയാണെന്ന് വിശ്വസിച്ചിരുന്നില്ലെന്ന് പൂജ പറയുന്നു. കാതൽ, ഇരട്ട, ആവേശം, പുരുഷപ്രേതം തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായ പൂജയുടെ നിരവധി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. സൂക്ഷ്മദർശിനിയുടെ വിശേഷങ്ങളുമായി പൂജ മോഹൻരാജ് മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.
നമുക്ക് ചുറ്റുമുള്ള സ്ത്രീകളുടെ കഥ
എല്ലാവര്ക്കും വളരെയധികം കണ്ടുപരിചയമുള്ള സ്ത്രീകളാണ് സൂക്ഷ്മ ദര്ശിനിയിലെ കഥാപാത്രങ്ങൾ. കണ്ടു പരിചയമുള്ളതോ അല്ലെങ്കിൽ വീട്ടിൽ തന്നെ ഉളളവരോ ആയ സ്ത്രീകൾ. അതുകൊണ്ടു തന്നെ എല്ലാവര്ക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്. സ്ത്രീകളുടെ ഒരു കൂട്ടായ്മയുള്ള സിനിമകൾ വന്നിട്ട് കുറെ നാളായി. വളരെ റിയൽ ആയിട്ടും സ്വാഭാവികമായിട്ടുമാണ് ഓരോ കഥാപാത്രങ്ങളും ചിത്രത്തിൽ പ്രതികരിക്കുന്നത് അതിന്റെ ഒരു രസം സിനിമയിൽ കാണാനുണ്ട്. അവർ ആരും അത്ര പെർഫെക്റ്റ് അല്ല പക്ഷെ എല്ലാവര്ക്കും കാര്യങ്ങൾ അറിയാനുള്ള ഒരു ആകാംഷയുണ്ട്. സ്ത്രീകൾ എങ്ങനെയായിരിക്കും പെരുമാറുക അത് വളരെ നന്നായി കാണിച്ചിട്ടുണ്ട്. നമുക്ക് ചുറ്റും കാണാൻ പറ്റുന്ന സ്ത്രീകളുടെ പ്രതിബിംബങ്ങളാണ് പ്രിയയും സ്റ്റെഫിയും അസ്മയും സുലുവുമൊക്കെ.
അസംഘടിതരിൽ നിന്ന് അസ്‌മയിലേക്ക്
സിനിമയുടെ ചീഫ് അസ്സോസിയേറ്റ് രോഹിത്ത് ആണ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്. ഒരു സീൻ ചെയ്തു നോക്കി ഓക്കേ പറഞ്ഞു. പിന്നെ ഷൂട്ടിംഗ് തീയതി തീരുമാനിക്കുകയായിരുന്നു. ഫ്രീഡം ഫൈറ്റേഴ്സ് എന്ന ആന്തോളജിയിലെ അസംഘടിതർ എന്ന സിനിമയിലെ എന്റെ കഥാപാത്രം കണ്ടിട്ടാണ് അവർ എന്നെ ഈ സിനിമയിലേക്ക് അസ്മയായി കാസ്റ്റ് ചെയ്തത് എന്ന് സിനിമയുടെ തിരക്കഥാകൃത്ത് പറഞ്ഞു. അസംഘടിതരിലും ഒരു മുസ്ലിം കഥാപാത്രമായിരുന്നു പക്ഷെ അസ്മയോട് ഒട്ടും സാമ്യമില്ല. അസ്മക്ക് പഠിപ്പുണ്ട്, വിവരമുണ്ട് , കുടുംബം നല്ല നിലയിലാണ് ഭർത്താവുവിനു സ്നേഹമുണ്ട് വളരെ സൗഖ്യകാരമായ ഒരു ജീവിതമാണ് അസ്മായ്ക്കുള്ളത് എന്നാൽ പ്രതികരണശേഷി കുറവാണ്. അസംഘടിതരിലെ കഥാപാത്രം വളരെ കഷ്ടപ്പെട്ട് ജീവിക്കുന്ന സ്ത്രീയാണ് അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും സമരം ചെയ്യേണ്ട അവസ്ഥയാണ്. രണ്ടും രണ്ട് അറ്റത്ത് നിൽക്കുന്ന കഥാപാത്രങ്ങളാണ്.
“മാനുവലിക്ക” ചിരിച്ചിട്ട് ഡയലോഗ് പറയാൻ പറ്റാത്ത അവസ്ഥ
ഒരുപാട് ആഗ്രഹിച്ചു ചെയ്ത സിനിമയാണ്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ മുതൽ ഇഷ്ടപ്പെട്ട സീൻ ആയിരുന്നു അഖിലയോടൊപ്പം ഞങ്ങൾ മാനുവലിന്റെ വീട്ടിൽ പോകുന്നതും മാനുവലിക്ക എന്ന് വിളിക്കുന്നതുമൊക്കെ. ഞങ്ങൾ വെറുതെ ഇരിക്കുമ്പോൾ അസ്മ, സുലു എന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കും. ഇടയ്ക്കിടെ ഹായ് സുലു ഹായ് സുലു എന്ന് വിളിക്കും. സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ ഞങ്ങൾ കുറെ ചിരിച്ചു . ഞങ്ങൾ ചിരി കൺട്രോൾ ചെയ്യാൻ ഒരുപാട് ശ്രമിച്ചു. ഞങ്ങൾ ഡയലോഗ് തമ്മിൽ തമ്മിൽ പറഞ്ഞ് ചിരിച്ച് തീർത്തിട്ടാണ് അഭിനയിച്ചത്.
സിനിമയെ സീരിയസായി സമീപിക്കുന്ന ബുദ്ധിശാലിയായ വ്യക്തിയാണ് നസ്രിയ
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട വ്യക്തിയാണ് നസ്രിയ. ഞങ്ങൾ നച്ചു എന്നാണ് വിളിക്കുന്നത്. നസ്രിയ ഒരുപാട് കഴിവുള്ള ബുദ്ധിയുള്ള ആളാണ്. എല്ലാകാര്യത്തെപ്പറ്റിയും കൃത്യമായ ധാരണകളും അഭിപ്രായങ്ങളുമുണ്ട് . അഭിനയിക്കുന്നില്ലെങ്കിൽ തന്നെയും സിനിമയിൽ തന്നെ എന്നും ഉണ്ട്. ചെറുപ്പം മുതലേ സിനിമയിൽ ഉള്ളതുകൊണ്ടായിരിക്കും സിനിമയെക്കുറിച്ചു വേറൊരു വീക്ഷണമാണ് നസ്രിയയ്ക്ക്. പലരും നസ്രിയയുടെ ക്യൂട്ട്നെസ്സ്നെപ്പറ്റി സംസാരിക്കുമ്പോൾ എനിക്ക് പറയാനുള്ളത് ഇന്ടസ്ട്രിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന, കഥകളൊക്കെ ശ്രദ്ധിക്കുന്ന, ഓരോ സീനിന്റെയും ഇമ്പാക്റ്റ് എന്തായിരിക്കുമെന്ന് കൃത്യമായി മനസ്സിലാക്കുന്ന ആളാണ് നച്ചു. വളരെ ജെനുവിൻ ആണ്. ഞങ്ങളൊക്കെ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ആസ്വദിക്കും. ഞങ്ങൾ “മാനുവലിക്ക” എന്ന സീൻ ചെയ്യുമ്പോൾ അത് കണ്ടുനിന്ന ബേസിലും നസ്രിയയുമൊക്കെ അപ്പോഴേ പറഞ്ഞു ഇത് പൊളിക്കും എന്ന്. നല്ല സപ്പോർട്ട് തരുന്ന ആൾക്കാരാണ് ഇവർ രണ്ടുപേരും.
പ്രതീക്ഷ തരുന്ന പുതിയ സംവിധായകർ
ജിതിൻ അധികമൊന്നും സംസാരിക്കാത്ത അധികം ബഹളമൊന്നുമില്ലാത്ത സൈലന്റ്റ് ആയി ഇരിക്കുന്ന ആളാണ്. പക്ഷെ ചെയ്യുന്ന കാര്യത്തെപ്പറ്റി വ്യക്തമായ ധാരണയുള്ള, സിനിമയെക്കുറിച്ച് നന്നായി അറിയാവുന്ന ആളാണ്. ജിതിൻ മാത്രമല്ല ഇപ്പൊ പുതുതായി വരുന്ന സംവിധായകർ എല്ലാം തന്നെ വളരെ നന്നായി സിനിമ പഠിച്ചിട്ടാണ് വരുന്നത്. നമുക്ക് വളരെ നന്നായി പറഞ്ഞു തരാനും ചെയ്യിക്കാനും കഴിയുന്ന ആളുകളാണ്. ആദ്യമായി സിനിമ ചെയ്യുന്നതായി തോന്നാറില്ല. ചിദംബരം, ജിത്തു തുടങ്ങി ഞാൻ ഒപ്പം വർക്ക് ചെയ്ത സംവിധായകർ എല്ലാം അങ്ങനെ തന്നെയാണ്. ജിതിന്റെ കഥയും സ്ക്രിപ്റ്റും വളരെ നല്ലതാണ്, വായിക്കുമ്പോൾ തന്നെ നമുക്ക് ഇത് ചെയ്യണം എന്ന് തോന്നും.
അപ്രതീക്ഷിതമായ പ്രതികരണങ്ങൾ
സിനിമയെക്കുറിച്ച് നല്ല പ്രതികരണങ്ങൾ മാത്രമേ കിട്ടുന്നുള്ളു. എന്റെയും അഖിലയുടെയും കോമഡി സീനിനെപ്പറ്റി നല്ല അഭിപ്രായമാണ് വരുന്നത്. എല്ലാവരും കഥാപാത്രത്തെപ്പറ്റി എടുത്തു പറയുന്നുണ്ട് . ഞങ്ങൾ വളരെ ആസ്വദിച്ച് ചെയ്ത സിനിമയാണ്. ഓരോ സീനും ചെയ്യാൻ വളരെ എക്സ്സൈറ്റഡ് ആയിരുന്നു. ചില സീനുകൾ ചെയ്യുമ്പോൾ ഞങ്ങൾക്ക് തന്നെ ചിരി വരുന്നുണ്ടായിരുന്നു. അത് തീയറ്ററിൽ എത്തുമ്പോൾ ആൾക്കാർ എങ്ങനെ എടുക്കും എന്ന് അറിയില്ലായിരുന്നു. പക്ഷെ ആദ്യത്തെ ഷോ കണ്ടപ്പോൾ തന്ന എല്ലവരും ഭയങ്കര ചിരി ആണ്. ഓരോരുത്തരും വിളിച്ച് ഞങ്ങൾ രണ്ടും കൂടിയുള്ള മാനുവലിക്ക സീനിനെപ്പറ്റി പറയുന്നുണ്ട്. ഞങ്ങൾ സിനിമ ചെയ്യുമ്പോൾ തന്നെ നല്ല സിനിമയായിരിക്കും എന്ന് അറിയാമായിരുന്നു പക്ഷെ ഇത്രത്തോളം നല്ല റിവ്യൂ കിട്ടുമെന്ന് കരുതിയില്ല.
ഇത്രപെട്ടെന്ന് സിനിമയിലെത്തുമെന്ന് പ്രതീക്ഷിച്ചില്ല
സൂക്ഷ്മദര്ശിനി ഇറങ്ങിയപ്പോൾ എനിക്ക് കോമഡി ചെയ്യാൻ കഴിയും എന്ന അഭിപ്രായം പലരും പറയുന്നുണ്ട്. നമ്മുടെ സിനിമയിൽ പണ്ടുമുതൽ തന്നെ കോമഡി ചെയ്യുന്ന സ്ത്രീ കലാകാരികൾ ഇഷ്ടംപോലെ ഉണ്ടായിരുന്നു. ഇപ്പോൾ അത്തരം കഥാപാത്രങ്ങൾ കാണുന്നില്ല അതുകൊണ്ടായിരിക്കും നമ്മൾ ചെറിയ കോമഡി ചെയ്യുമ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ അവരുടെ സാഹചര്യം കൊണ്ട് കോമഡി ആയി പോവുകയാണ്. അടുത്ത് ചെയ്ത രണ്ടു സിനിമകളും അങ്ങനെ തന്നെ. നമ്മൾ ചെയ്യുന്നത് കണ്ട് ആൾക്കാർ ചിരിക്കുന്നെങ്കിൽ അത്രയും സന്തോഷം. സിനിമയിൽ എന്നെങ്കിലും വരുമെന്ന് കരുതിയിരുന്നു കാരണം ഞാൻ പഠിച്ചതൊക്കെ അഭിനയം ആയിരുന്നു. പക്ഷെ ഇത്രയും കൊമേർഷ്യൽ ആയ സ്പേസിൽ ആയിരിക്കും എത്തപെടാൻ പോകുന്നതെന്ന് കരുതിയില്ല. കുറച്ചു തീയറ്റർ ഒക്കെ ചെയ്യാം അതുകഴിഞ്ഞു പതിയെ ഫെസ്റ്റിവൽ സിനിമകളിലേക്കൊക്കെ അവസരം കിട്ടും എന്നാണു കരുതിയത്. പക്ഷെ ഞാൻ സ്വപ്നം കാണാത്ത തരത്തിലാണ് സംഭവിക്കുന്നത്. എല്ലാം സ്വാഭാവികമായി വന്നു ചേരുന്നതാണ്. ഒരുപാട് സന്തോഷമുണ്ട്. ചെയ്തു വച്ച കുറെ സിനിമകൾ ഇറങ്ങാനുണ്ട്. മരണമാസ്, പടക്കളം, ഒരുജാതി ജാതകം, പാതിരാത്രി, അങ്ങനെ കുറെ പടങ്ങൾ ഇറങ്ങാനുണ്ട്.
Source link