KERALAMLATEST NEWS

ട്രാഫിക് പിഴ: ഇ-ചെലാനിൽ പെറ്റി അടച്ചവർക്ക് പണം നഷ്ടം

തിരുവനന്തപുരം: എ.ഐ ക്യാമറകൾ കണ്ടെത്തുന്നതുൾപ്പെടെ ഗതാഗത നിയമ ലംഘനങ്ങൾക്ക് ‘ഇ- ചെലാൻ’ വെബ്‌സൈറ്റ് വഴി ഓൺലൈനിൽ പണം അടയ്ക്കുന്നവരുടെ തുക നഷ്ടമാകുന്നു. പിഴ അടയ്ക്കുമ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്നും തുക കുറവ് ചെയ്തതായി സന്ദേശം ലഭിക്കും. എന്നാൽ, പിഴ ഒടുക്കിയതായി കാണിക്കുന്നില്ല. വീണ്ടും പിഴ അടയ്ക്കണമെന്ന സന്ദേശമാണ് ലഭിക്കുന്നത്.

പൂർത്തിയാകാത്ത പണമിടപാടുകൾ പരിശോധിക്കാൻ സംവിധാനമുണ്ടെങ്കിലും അത് പ്രവർത്തനരഹിതമാണ്. പരാതിപ്പെടാൻ മറ്റു സംവിധാനങ്ങളൊന്നും വെബ്‌സൈറ്റിൽ ഇല്ലാത്തതും അപേക്ഷകരെ കുഴയ്ക്കുന്നു. ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിന് ലഭിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ‘ഇ- ചെലാൻ’ സൈറ്റിലാണ് പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾ ചുമത്തുന്ന കേസുകൾക്ക് പിഴ അടയ്‌ക്കേണ്ടത്. രണ്ടാഴ്ചയായി അപേക്ഷകരെ വലച്ച ‘വാഹൻ’ സോഫ്റ്റ്‌വെയർ തകരാറിനൊപ്പം ഇ ചെലാനും ഇടയ്ക്കിടെ പണിമുടക്കിയിരുന്നു. ഇതിനുശേഷം പ്രവർത്തിച്ച് തുടങ്ങിയപ്പോഴാണ് പണമിടപാടിൽ കുഴപ്പമുണ്ടായത്. പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു.


Source link

Related Articles

Back to top button