KERALAM

പ്രേതബാധയുടെ പേരുപറഞ്ഞ് സ്വർണം തട്ടിയെടുത്ത പൂജാരി അറസ്റ്റിൽ

വൈപ്പിൻ: ഭർത്താവിന് പ്രേതബാധയുണ്ടെന്ന് ഭാര്യയെ വിശ്വസിപ്പിച്ച് പൂജ നടത്തി സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ പൂജാരി പൊലീസ് പിടിയിലായി. പറവൂർ താണിപ്പാടം തട്ടകത്ത്‌വീട്ടിൽ ശ്യാംശിവനാണ് (37) ഞാറക്കൽ പൊലീസിന്റെ പിടിയിലായത്.

നായരമ്പലം നെടുങ്ങാട് സ്വദേശിയായ ഗൃഹനാഥന്റെ മദ്യപാനവും കുടുംബത്തിന്റെ പ്രേതബാധയും മാറ്റാമെന്ന് വാഗ്ദാനംചെയ്ത് വീട്ടിലെത്തി പൂജകൾ നടത്തി പതിനൊന്നരപ്പവന്റെ ആഭരണങ്ങളുമായി പൂജാരി സ്ഥലം വിടുകയായിരുന്നു. പൂജകൾക്ക് മുന്നോടിയായി വീട്ടിലുള്ളവരും മറ്റും ധരിച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ ഊരി കിഴികെട്ടി വാങ്ങിച്ചശേഷം 60 ദിവസം പൂജയിൽ സമർപ്പിക്കണമെന്ന് വീട്ടുകാരെ പറഞ്ഞ് ധരിപ്പിച്ചശേഷമായിരുന്നു പൂജാരി മുങ്ങിയത്.

പുറത്തറിഞ്ഞാൽ ഫലം കിട്ടില്ലെന്നും ഇയാൾ വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു. പൂജ കഴിഞ്ഞ് ആൾ മുങ്ങിയെന്ന് മനസിലായതോടെയാണ് തട്ടിപ്പാണെന്നകാര്യം വീട്ടുകാർക്ക് മനസിലായത്. തുടർന്ന് പരാതി നൽകുകയായിരുന്നു.


ഞാറക്കൽ ഇൻസ്‌പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ എസ്.ഐ. മാരായ ആന്റണി ജയ്‌സൺ, പി.ടി. സ്വപ്ന, എ.എസ്.ഐ എം.ടി. ലാലൻ, സി.പി.ഒ ഉമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Source link

Related Articles

Back to top button