തിരുവനന്തപുരം:ഏപ്രിലിലെ പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ഏരിയാ സമ്മേളനങ്ങൾ പുരോഗമിക്കവേ, സി.പി.എം പ്രാദേശിക ഘടകങ്ങളിലെ തുറന്ന പോരുകൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത് നേതൃത്വത്തെ വലയ്ക്കുന്നു. കുലശേഖരം നോർത്ത് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ചുണ്ടായ തമ്മിൽ തല്ലും സംസ്ഥാന നേതാക്കളെ പൂട്ടിയിടലും കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിടലിലാണ് ഇന്നലെ കലാശിച്ചത് .ആലപ്പുഴയിലാവട്ടെ,മുൻ കായംകുളം ഏരിയാ കമ്മിറ്റി അംഗം കൂടിയായ ജില്ലാ പഞ്ചായത്ത് മെമ്പർ
ഇന്നലെ പാർട്ടിയെ തള്ളിപ്പറഞ്ഞ് ബി.ജെ.പിയിൽ ചേർന്നത് ഏൽപ്പിച്ച ക്ഷീണം ചെറുതല്ല.
കരുനാഗപ്പള്ളിയിൽ ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ‘സേവ് സി.പി.എം’ ബാനറിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്തത് പാർട്ടിയെ ഞെട്ടിച്ചിരുന്നു.
കടുത്ത വിഭാഗീയതയിൽ പാർട്ടി നേതാക്കളും അണികളും രണ്ട് ചേരിയായി മാറിയ പാലക്കാട്ടെ കൊഴിഞ്ഞാമ്പാറയിൽ ഇന്നലെ ബദൽ പാർട്ടി ഓഫീസ് തുറക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി.ഈ ഓഫീസ് ഉദ്ഘാടനം ചെയ്തത് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കൂടിയായ പാർട്ടി ഏരിയാ കമ്മിറ്റി അംഗമാണെന്നതും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. നേതൃത്വംനൽകുന്നത് പഞ്ചായത്ത് പ്രസി
ഡന്റുമാണ്.
അഴിമതി മുതൽ ലൈംഗിക
ആരോപണങ്ങൾ വരെ
കൊള്ളക്കാരിൽ നിന്ന് പാർട്ടിയെ രക്ഷിക്കുകയെന്ന മുദ്രാവാക്യമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രധാനമായും മുഴങ്ങിക്കേട്ടത്.അതേ സമയം,ഇന്നലെ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടശേഷം സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിറയുന്നത് നേതാക്കൾക്കെതിരെയായ ലൈംഗിക, അഴിമതി ആരോപണങ്ങളാണ്.
വി.എസ് - പിണറായി ഗ്രൂപ്പുകൾ പരസ്പരം വെട്ടി നിരത്തി തളരുകയും,മുന്നേറുകയും ചെയ്തിരുന്ന കാലത്ത് പോലും ഉണ്ടാകാത്ത തരത്തിലുള്ള പ്രാദേശിക ചേരിപ്പോരുകളാണ് വി.എസ് ഗ്രൂപ്പിന്റെ തലസ്ഥാനം എന്നറിയപ്പെട്ടിരുന്ന കൊല്ലം ജില്ലയിൽ ഇപ്പോൾ നടക്കുന്നത്.അന്ന് നേതാക്കൾ രണ്ട് തട്ടിലായിരുന്നുവെങ്കിൽ ,ഇപ്പോൾ പല തട്ടിലാണ്.
കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു
കൊല്ലം: തെരുവിൽ തമ്മിലടിച്ചും പാർട്ടി ഓഫീസിലേക്ക് മാർച്ച് നടത്തിയും നേതാക്കളെ പൂട്ടിയിട്ടും പാർട്ടിയെ പരിഹാസ്യമാക്കിയ കരുനാഗപ്പള്ളി സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഏരിയാകമ്മിറ്റി അംഗങ്ങളുടെ പിന്തുണയോടെയാണ് വിഭാഗീയത എന്നാണ് വിലയിരുത്തൽ. വിഭാഗീയതയും അച്ചടക്കരാഹിത്യവും പൊറുക്കില്ലെന്ന് വ്യക്തമാക്കിയ എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കടുത്ത നിർദ്ദേശം അറിയിച്ചു.
കരുനാഗപ്പള്ളിയിലെ സംഘടനാ പ്രവർത്തനത്തിന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ആർ. മനോഹരൻ കൺവീനറായി ഏഴംഗ അഡ്ഹോക് കമ്മിറ്റിയെ നിശ്ചയിച്ചു. വൈകിട്ട് ജില്ലാ കമ്മിറ്റി ഓഫീസിൽ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ യോഗം വിളിച്ച് ജില്ലാ സെക്രട്ടറി എസ്. സുദേവൻ പിരിച്ചുവിടൽ തീരുമാനം റിപ്പോർട്ട് ചെയ്തു.
ഈ മാസം 3, 4 തീയതികളിൽ നിശ്ചയിച്ചിരുന്ന ഏരിയാ സമ്മേളനം നടത്തേണ്ടെന്നും സംസ്ഥാന സെക്രട്ടറി നിർദ്ദേശിച്ചു. അതിനാൽ ജില്ലാ സമ്മേളനത്തിൽ കരുനാഗപ്പള്ളിയിൽ നിന്ന് പ്രതിനിധികൾ ഉണ്ടാകില്ല. കൊല്ലത്തെ സി.പി.എമ്മിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏരിയയുടെ പ്രതിനിധികളില്ലാതെ ജില്ലാ സമ്മേളനം നടക്കുന്നത്. മാർച്ച് നടത്തിയവർക്കും നേതാക്കളെ പൂട്ടിയിട്ടവർക്കും സമ്മേളനങ്ങളിലെ പ്രശ്നക്കാർക്കും എതിരെ പാർട്ടി കോൺഗ്രസിന് ശേഷം അച്ചടക്ക നടപടിയെടുക്കും. സമ്മേളനത്തിനുശേഷം കരുനാഗപ്പള്ളിയിലെ വിഭാഗീയതയിൽ ജില്ലാ നേതൃത്വത്തിന്റേതടക്കം പങ്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ കമ്മിഷൻ അന്വേഷിച്ചേക്കും.
Source link