3 ഇൻ 1 കാ‌ർ നി‌ർമ്മിച്ച് പ്ളസ് ടു വിദ്യാർത്ഥി , പെട്രോൾ, ഇലക്ട്രിക്, സോളാർ…

സോളാർ ഹൈബ്രിഡ് കാറുമായി ജോസ്‌വിൻ ബിജോ

കൊച്ചി: പഴയ വാഹനങ്ങളുടെ യന്ത്രവും മറ്റുഭാഗങ്ങളും വാങ്ങി പ്ലസ്ടു വിദ്യാർത്ഥി ജോസ്‌വിൻ ബിജോ നിർമ്മിച്ച കാർ പെട്രോളിലും ബാറ്ററിയിലും സൗരോർജത്തിലും ഓടും. പാലാ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സയൻസ് വിദ്യാർത്ഥിയായ ജോസ്‌വിൻ ഒമ്പതിൽ പഠിക്കുമ്പോൾ പെട്രോൾ കാർ നിർമ്മിച്ചിരുന്നു. അതാണ് ഹൈബ്രിഡാക്കിയത്. രണ്ടു താക്കോലുണ്ട്. ഒന്ന് പെട്രോൾ മോഡിനും മറ്റൊന്ന് ഇലക്ടിക്/സോളാ‌ർ മോഡിനും.

എൻജിനൊപ്പമുള്ള ആൾട്ടർനേറ്റർ ഓട്ടത്തിനിടെ കറന്റുണ്ടാക്കും. പിൻവശത്തെ സോളാർ പാനലുകളിൽ നിന്ന് വൈദ്യുതി കിട്ടും. ബാറ്ററി ചാർജാകും.

ഇലക്ട്രിക് മോഡിൽ മിനിമം സ്പീഡായാൽ പെട്രോളിലേക്ക് താനേ മാറുന്നതാണ് ഹൈബ്രിഡ് വാഹനങ്ങളുടെ രീതി.

ഈ ഓട്ടോമാറ്റിക് മാറ്റം ഒഴിവാക്കി

പെട്രോളോ വൈദ്യുതിയോ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാമെന്നതാണ് ജോസ്വിന്റെ വാഹനത്തിന്റെ പ്രത്യേകത.

ആഡംബര കാറുകളിൽ കാണുന്ന തരം ഇലക്ട്രോണിക് ഹാൻഡ് ബ്രേക്കുമുണ്ട്. നോബ് വിരൽ കൊണ്ടുതട്ടിയാൽ മതി. വാഹനം പൊളിക്കുന്നിടത്തു നിന്ന് വാങ്ങിയതാണ് എൻജിനും മറ്റും. ഇരുമ്പുപട്ട സ്വയം വെൽഡു ചെയ്താണ് ഷാസിയുണ്ടാക്കിയത്.

പ്രവിത്താനം രാമപുരത്ത് ബിസിനസുകാരനായ ബിജോയുടെയും അദ്ധ്യാപിക ജിൻസിമോളുടെയും മകനാണ് ജോസ്‌വിൻ. സഹോദരിമാർ: ജിയ, ജെയിൻ. അപ്പൂപ്പൻ ജോസും അമ്മൂമ്മ കുട്ടിയമ്മയും പ്രോത്സാഹനമേകി.

80,000 രൂപ

60 കിലോമീറ്റർ വരെ വേഗം കിട്ടുമെന്നാണ് ജോസ്‌വിൻ പറയുന്നത്. മുറ്റത്താണ് ഓട്ടം. നിർമ്മാണത്തിന് ഒരു വർഷമെടുത്തു. 80,000 രൂപയാണ് മുടക്ക്.

കണ്ടുപിടിത്തങ്ങൾ പലതുണ്ട്

ഇലക്ട്രിക് ബൈക്ക്, റോബോട്ട് മാതൃക, ഇൻക്യുബേറ്റർ, തെങ്ങുകയറ്റയന്ത്രം തുടങ്ങിയവ നിർമ്മിച്ചിട്ടുണ്ട്. ഹൈബ്രിഡ് കാർ സബ് ജില്ല ശാസ്ത്ര മേളയിലും പാലാ സെന്റ് തോമസ് കോളേജിലെ ഫിസിക് 3.2 പ്രദർശനത്തിലും ശ്രദ്ധേയമായിരുന്നു.

`മെക്കാനിക്കൽ എൻജിനിയറിംഗ് പഠിക്കണം. പൈലറ്റാകണമെന്നാണ് മോഹം’

-ജോസ്‌വിൻ


Source link
Exit mobile version