കേരളകൗമുദി സമൂഹത്തിന്റെ കണ്ണാടി: സി.വി.ആനന്ദബോസ്

തൃശൂരിൽ സുവർണ ജൂബിലി ഓഫീസ് ഉദ്ഘാടനം ചെയ്തു
തൃശൂർ: സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയാണ് കേരളകൗമുദിയെന്നും ഇതാണ് പത്രധർമ്മമെന്നും പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ്. തൃശൂരിൽ കേരളകൗമുദിയുടെ സുവർണജൂബിലി ആഘോഷമായ ‘സുവർണ മധുരവും’ ഗോൾഡൻ ജൂബിലി ഓഫീസ് ഉദ്ഘാടനവും പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പത്രാധിപരെന്ന് പറഞ്ഞാൽ കേരളകൗമുദി പത്രാധിപർ കെ.സുകുമാരനെയാണ് ഓർമ്മവരിക.
നിശബ്ദതയുടെ ശബ്ദം കേൾക്കാൻ കഴിയുന്നതുകൊണ്ടാണ് കേരളകൗമുദിക്ക് നിലനിൽക്കാനും വളരാനുമാകുന്നത്. പത്രാധിപർക്കും സി.വി.കുഞ്ഞുരാമനും സഹോദരൻ അയ്യപ്പനുമൊക്കെ ആരും കാണാത്തത് കാണാനും കേൾക്കാത്തത് കേൾക്കാനുമുള്ള കഴിവുണ്ടായിരുന്നു. തൊട്ടുകൂടാത്തവനെയും തീണ്ടിക്കൂടാത്തവനെയും സ്വന്തം ആന്തരിക ശക്തി തിരിച്ചറിയാൻ പ്രാപ്തമാക്കിയതാണ് കേരളകൗമുദി ചെയ്ത ഏറ്റവും വലിയകാര്യം. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ശബ്ദമുയർത്തുന്ന കേരളകൗമുദി വിദ്വേഷ രാഷ്ട്രീയത്തിൽ വിശ്വസിക്കാതെ വികസനത്തിന് പ്രാധാന്യം നൽകുന്നു.
സ്വതന്ത്ര പത്രപ്രവർത്തനം ജനാധിപത്യത്തിന്റെ നിലനില്പിന് ആവശ്യമാണ്. ഗ്രീക്ക് പുരാണത്തിൽ പറയുന്ന മെഡ്യൂസയെന്ന രാക്ഷസി നിരവധി യുവ വീരമാരെ വധിച്ചു. പെർസിയൂസ് എന്ന ധീരൻ ആയുധമില്ലാതെ മെഡ്യൂസയ്ക്കു നേരെ കണ്ണാടി കാട്ടുകയാണ് ചെയ്തത്. സ്വന്തം ബീഭത്സരൂപം കണ്ട് രാക്ഷസി ഞെട്ടിത്തരിച്ച് മരിച്ചുവീണു. മെഡ്യൂസമാർക്ക് മുമ്പിൽ കണ്ണാടി കാണിക്കലാണ് പത്രധർമ്മം.
സത്യം ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ ധൈര്യം കാണിച്ചയാളാണ് പത്രാധിപർ. ആ ധൈര്യമാണ് അതിന്റെ പിന്മുറക്കാർ പിന്തുടരുന്നത്. കേരളകൗമുദിക്ക് ജനമനസിലുള്ള സ്ഥാനവും അതുതന്നെയാണ്. അക്ഷരം ആയുധമാക്കുകയാണ് പത്രാധിപർ ചെയ്തത്. തൊട്ടുകൂടാത്തവനെയും തീണ്ടിക്കൂടാത്തവനെയും ദൃഷ്ടിയിൽ പെട്ടാൽപോലും ദോഷമുള്ളവനെയും തങ്ങളുടെ ആന്തരിക ശക്തി ബോദ്ധ്യപ്പെടുത്തി, അവരെ സ്വയം തിരിച്ചറിയാൻ സഹായിക്കുന്നു.
നെല്ലിൻ ചുവട്ടിൽ മുളയ്ക്കും കാട്ടുപുല്ലല്ല സാധു പുലയനെന്ന് കുമാരനാശാൻ പാടിയതുപോലുള്ള സാഹചര്യത്തിലാണ് പത്രാധിപർ ഈ ദൗത്യമേറ്റെടുത്തത്. സകല ശക്തിയുമുപയോഗിച്ചാണ് പിന്നാക്കക്കാരുടെ ശക്തി വീണ്ടെടുക്കാൻ സഹായിച്ചത്. സ്വന്തം ശക്തി തിരിച്ചറിഞ്ഞാൽ ഏത് യുദ്ധവും ജയിക്കാം. അതാണിപ്പോൾ കൗമുദി ചെയ്യുന്ന സേവനം.
റവന്യുമന്ത്രി കെ.രാജൻ അദ്ധ്യക്ഷനായി. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും യൂണിറ്റ് ചീഫുമായ പ്രഭുവാര്യർ സ്വാഗതവും ആമുഖപ്രഭാഷണവും നടത്തി. 114 വിശിഷ്ട വ്യക്തികളുടെ വിജയകഥ ഉൾപ്പെടുത്തി പുറത്തിറക്കിയ ‘അമേസിംഗ് മൈൻഡ്‌സ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം നോർക്ക റൂട്ട്‌സ് ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ.മേനോന് നൽകി സി.വി.ആനന്ദബോസ് നിർവഹിച്ചു. ആനന്ദബോസിന് കേരളകൗമുദിയുടെ ഉപഹാരം ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി സമർപ്പിച്ചു. വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. പാറമേക്കാവ് പത്തായപ്പുര ബിൽഡിംഗിൽ രണ്ടാംനിലയിലാണ് ഗോൾഡൻ ജൂബിലി ഓഫീസ്.
Source link