ഉദയാസ്തമന പൂജ മാറ്റിയത് തിരക്ക് പരിഗണിച്ചെന്ന് ഗുരുവായൂർ ദേവസ്വം

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ ഒഴിവാക്കിയത് തന്ത്രിയുടെ അഭിപ്രായം തേടിയ ശേഷമാണെന്ന് ഗുരുവായൂർ ദേവസ്വം ഹൈക്കോടതിയിൽ അറിയിച്ചു. വൃശ്ചികമാസത്തിലെ ഉദയാസ്തമന പൂജ തുലാമാസത്തിലെ ഏകാദശി ദിവസം നടത്താനാകുമെന്നാണ് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് അറിയിച്ചതെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. വൃശ്ചികമാസത്തിലെ ഏകാദശിക്ക് വലിയ ഭക്തജനത്തിരക്കാണ്. ഉദയാസ്തമന പൂജയ്ക്കായി അഞ്ച് മണിക്കൂളോളം സമയം നഷ്ടപ്പെടുമെന്നതിനാലാണ് ഒഴിവാക്കാൻ തീരുമാനിച്ചതെന്നും ദേവസ്വം വ്യക്തമാക്കി.

തൃശൂർ പുഴക്കര ചേന്നാസ് മനയിലെ പി.സി. ഹരി അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് വിശദീകരണം.
ഉദയാസ്തമന പൂജ വഴിപാട് മാത്രമാണെന്നും അതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റാമെന്നുമാണ് തന്ത്രി അറിയിച്ചത്. ഇക്കാര്യത്തിൽ ദേവഹിതവും നോക്കിയിരുന്നു.
ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ ആവശ്യം കണക്കിലെടുത്താണ് തന്ത്രി ഇക്കാര്യം പരിശോധിച്ചത്.
ശനി, ഞായർ, ഓണം തുടങ്ങിയ ദിവസങ്ങളിലും മുമ്പ് ഉദയാസ്തമന പൂജ നടത്തിയിരുന്നു. ഇത് പിന്നീട് ഒഴിവാക്കിയതാണ്.
ഹൈക്കോടതി ദേവസ്വംബെഞ്ച് വിഷയം ഡിസംബർ 2ന് പരിഗണിക്കും.


Source link
Exit mobile version