കൊച്ചിയിൽ രണ്ടിടത്ത് വൻ തീപിടിത്തം, ട്രെയിൻ ഗതാഗതം നിറുത്തിവച്ചു; തീ പടർന്ന ആക്രിഗോഡൗൺ സിനിമാ നിർമാതാവിന്റേത്
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിനു സമീപം ആക്രി ഗോഡൗണിലുയായ വൻ തീപിടിത്തം നാടിനെ നടുക്കി. തീപിടിത്തത്തിൽ ഗോഡൗണിലെ ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. സമീപത്തെ ലോഡ്ജിലെയും വീടുകളിലെയും താമസക്കാരെ ഒഴിപ്പിച്ചായിരുന്നു രക്ഷാപ്രവർത്തനം. . ഗോഡൗണിലുണ്ടായിരുന്ന ഒമ്പത് അതിഥിത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. അഗ്നിരക്ഷാസേനയുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു തീ അണച്ചത്. രാവിലെ മഴ പെയ്തതും സഹായകമായി. തീ ആളിപ്പടർന്നതോടെ നിറുത്തിവച്ചിരുന്ന ട്രെനിൻ ഗതാഗതവും പുനഃസ്ഥാപിച്ചിട്ടുണ്ട്.
പുലർച്ചെ രണ്ടു മണിയോടെയാണ് ഗോഡൗണിൽ തീപിടിത്തമുണ്ടായത്. വലിയ രീതിയിൽ തീപിടിക്കുന്ന നിരവധി വസ്തുക്കൾ ആക്രി ഗോഡൗണിലുണ്ടായിരുന്നു. ഇത് അല്പസമയത്തിനകം തീ ആളിപ്പടരാൻ ഇടയാക്കി. ഇതിനിടെ ഗ്യാസ് സിലിണ്ടറുകൾ കൂടി പൊട്ടിത്തെറിച്ചതോടെ സ്ഥിതി നിയന്ത്രാതീതമായി. സമീപത്തെല്ലാം ജനവാസ മേഖലയുമായിരുന്നു. വനിതാ ഹോസ്റ്റൽ, അപ്പാർട്‌മെന്റുകൾ, വീടുകൾ എന്നിവയെല്ലാം സമീപത്തു തന്നെയായിരുന്നു. ഇതോടെ ആശങ്ക കനത്തു. വിവരമറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വിവിധ ഫയർഫോഴ്സ് ഫോഴ്സ് യൂണിറ്റുകൾ ചേർന്ന് നാല് മണിക്കൂറോളം കഠിനമായി പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപ പ്രദേശങ്ങളിലുള്ള ആളുകളെ പെട്ടെന്ന് ഒഴിപ്പിക്കാനായത് മൂലം വൻ ദുരന്തമൊഴിവാക്കാനായി. സമീപത്തെ വൈദ്യുത ലൈനിലേക്കും തീപ്പടർന്നിരുന്നു.
സിനിമാ നിർമാതാവ് രാജുഗോപിയുടെ ഉടമസ്ഥതയിലുളള ആക്രി ഗോഡൗണിനാണ് തീ പിടിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഇവിടെ അഗ്നിരക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പാർക്കിംഗ് ഏരിയയിലുണ്ടായിരുന്ന ഒരു കാർ പൂർണമായും മൂന്നു കാറുകളും ബൈക്കുകയും ഭാഗികമായും കത്തിനശിച്ചു. ഹോട്ടൽ മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി.
Source link