വാവിട്ട വാക്കിൽ ‘ചുവപ്പു കാർഡ്’ പൊതുപ്രവർത്തനത്തിന്റെ സൈഡ് ബെഞ്ചിൽ ദിവ്യ

കണ്ണൂർ: എ.ഡി.എം നവീൻബാബു ജീവനൊടുക്കാനിടയാക്കിയ വിവാദ പ്രസംഗത്തെത്തുടർന്ന് പാർട്ടി തരംതാഴ്ത്തിയ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇപ്പോൾ എന്തു ചെയ്യുന്നു? പൊതുപ്രവർത്തനത്തിന്റെ സൈഡ് ബെഞ്ചിലാണിപ്പോൾ ദിവ്യ. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അവർ തന്റെ പിൻഗാമിയായി വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രത്‌നകുമാരിക്ക് ആശംസ നേർന്ന് കഴിഞ്ഞ 14നാണ് അവസാനമായി ഫേസ് ബുക്ക് കുറിപ്പിട്ടത്. ഏറ്റവും അടുപ്പമുള്ളവരുടെ ഫോൺ കോളിനോട് മാത്രമാണ് പ്രതികരിക്കുന്നത്. ജാമ്യ വ്യവസ്ഥയിലെ ഉപാധിയനുസരിച്ച് എല്ലാ തിങ്കളാഴ്ചയും കണ്ണൂർ ടൗൺ പൊലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടാൻ മാത്രമാണ് ചെറുകുന്ന് ഇരിണാവിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത്.
ദിവ്യ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം രണ്ടു ജില്ലാ പഞ്ചായത്ത് യോഗങ്ങൾ കഴിഞ്ഞു. അംഗമെന്ന നിലയിൽ ഈ യോഗങ്ങളിലും പങ്കെടുത്തില്ല. ചട്ടപ്രകാരം മൂന്നു യോഗങ്ങളിൽ നിന്നു മാത്രമാണ് മതിയായ കാരണമില്ലാതെ വിട്ടുനിൽക്കാൻ ഒരംഗത്തിന് സാധിക്കുക. ജില്ലാ കമ്മിറ്റി സ്ഥാനത്തു നിന്ന് തരംതാഴ്ത്തപ്പെട്ട ശേഷം ദിവ്യയുടെ പാർട്ടി അംഗത്വം ഇരിണാവ് ഡാം ബ്രാഞ്ചിലാണ്. എന്നാൽ, കീഴ്ഘടകത്തിൽ നടക്കുന്ന പാർട്ടി പരിപാടികളിലും ദിവ്യയുടെ അസാന്നിധ്യം ശ്രദ്ധേയമാണ്. പാർട്ടി സമ്മേളന കാലമായതിനാൽ തിരക്കേറിയ ദിനങ്ങൾ ആകേണ്ടതായിരുന്നു.
”ഒരു നിമിഷം മതി നമുക്ക് എന്തും സംഭവിക്കാൻ, ആ നിമിഷത്തെക്കുറിച്ചോർത്ത് നമ്മളെല്ലാവരും ജോലി ചെയ്യണം എന്നു മാത്രാണ് ഞാൻ നിങ്ങളോട് പറയുന്നത്.. ‘ ക്ഷണിക്കപ്പെടാത്ത അതിഥിയായി കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിനെത്തി അധിക്ഷേപ വാക്കുകളുതിർത്ത ദിവ്യയുടെ പ്രസംഗത്തിലെ ഒരു വരിയായിരുന്നു ഇത്. അധിക്ഷേപ പ്രസംഗം നവീന്‍ ബാബുവിന്റെ ജീവനെടുക്കുക മാത്രമല്ല, ദിവ്യയുടെ പൊളിറ്റിക്കൽ ഗ്രാഫിന് കൂടിയാണ് താത്കാലികമായെങ്കിലും വിരാമം കുറിച്ചത്.
ആദ്യം പ്രതിരോധം തീർത്തെങ്കിലും ദിവ്യയ്‌ക്കെതിരെ പൊലീസ് പ്രേരണാകുറ്റം ചുമത്തിയതോടെ പാർട്ടിയും കൈവിടുകയായിരുന്നു. എന്നാൽ, ഇപ്പോഴും പാർട്ടിയിലെ പ്രബലരായ ചിലർ ദിവ്യയ്ക്കൊപ്പമുണ്ട്.അന്വേഷണം ഇഴയുന്നതിന്റെ കാരണം മറ്റൊന്നല്ല. പി.കെ.ശ്രീമതിക്കും കെ.കെ.ശൈലജയ്ക്കും ശേഷം കണ്ണൂരിൽ നിന്ന് സി.പി.എം ഉയർത്തിക്കൊണ്ടുവന്ന വനിതാ നേതാവിന്റെ പതനം മറ്റുള്ളവർക്കും പാഠമാവുകയാണ്.
നിരപരാധിത്വം
തെളിയിക്കണം
നിയമത്തിന് വിധേയമായി നിരപരാധിത്വം തെളിയിക്കുമെന്നാണ് ജയിൽ മോചിതയായശേഷം ദിവ്യ പ്രതികരിച്ചത്. അതേസമയം, പെട്രോൾ പമ്പ് വിഷയത്തിൽ അമിത താത്പര്യമെടുത്തിന് പിന്നിലെ കാരണമെന്തെന്ന് ദിവ്യ വിശദീകരിക്കേണ്ടി വരും.നവീൻബാബുവിനെ കൊന്നു കെട്ടിത്തൂക്കിയതാണോ എന്നുകൂടി വിശദമായി അന്വേഷിക്കണമെന്നാണ് കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് സി.ബി.ഐയ്ക്കു വിട്ടാൽ
കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകും.
Source link