തെറ്റായ പ്രവണതകൾ വച്ചുപൊറുപ്പിക്കില്ല: എം.വി. ഗോവിന്ദൻ

കൊല്ലം: പാർട്ടിയിൽ തെറ്റായ ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ലെന്ന് കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കൊല്ലത്ത് കരുനാഗപ്പള്ളി ഒഴികെയുള്ള 17 ഏരിയാ സമ്മേളനങ്ങൾ ആരോഗ്യകരമായാണ് പൂർത്തിയാക്കിയത്. കരുനാഗപ്പള്ളിയിൽ വ്യത്യസ്തമായ ചിത്രമാണ് ഉണ്ടായത്. ഇക്കാര്യം നേരത്തെ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് സംസ്ഥാന സെന്ററിൽ നിന്നുള്ളവർ പങ്കെടുത്ത് ജില്ലാ സെക്രട്ടേറിയറ്റും കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി യോഗവും വിളിച്ച് യോജിച്ച് ഫലപ്രദമായി സമ്മേളനം നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നതാണ്. പക്ഷേ സമ്മേളനം ആരംഭിച്ചപ്പോൾ കൂടുതൽ ലോക്കൽ സമ്മേളനങ്ങളിലും പ്രശ്നങ്ങളുണ്ടായി. അത് പരിഹരിക്കാൻ ശ്രമിച്ചപ്പോൾ തെറ്റായ നിലയിലുള്ള സമീപനമാണ് ചില ലോക്കലുകളിൽ ഉണ്ടായത്. പാർട്ടിക്ക് ആകെ പ്രയാസമുണ്ടാക്കിയ നിലപാടിനെ ഒരു തരത്തിലും അംഗീകരിക്കില്ല. തെറ്റായ പ്രവണതകൾ വച്ചുപൊറുപ്പിക്കില്ല. തെറ്റ് തിരുത്തൽ പ്രക്രിയയിലൂടെയാണ് പാർട്ടി ഓരോ ദിവസവും കടന്നുപോകുന്നത്. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിക്ക് അവിടുത്തെ പാർട്ടിയെ നയിക്കാൻ കഴിയുന്നില്ലെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് പിരിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വനിതാ നേതാക്കൾക്ക് ഗെറ്റ്‌ഔട്ട്

പുതുതായി നിശ്ചയിച്ച അഡ്ഹോക് കമ്മിറ്റിയുടെ യോഗം എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ചേരുന്നതിനിടെ അവിടേക്കെത്തിയ സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിയോടും ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. രാധാമണിയോടും എം.വി. ഗോവിന്ദൻ പുറത്തുപോകാൻ നിർദ്ദേശിച്ചു. കരുനാഗപ്പള്ളിയിലെ കാര്യങ്ങൾ ഇനി അഡ്ഹോക്ക് കമ്മിറ്റി നോക്കിക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. മുൻ ഏരിയാ സെക്രട്ടറിമാരായ എൻ. സന്തോഷ്, പി.ബി. സത്യൻ എസ്.എൽ. സജികുമാർ, എ.എം. ഇക്ബാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി. മുരളീധരൻ, എസ്.ആർ. അരുൺബാബു എന്നിവരാ ണ് കൺവീനർക്കു പുറമേ അഡ്ഹോക് കമ്മിറ്റിയിലുള്ള അംഗങ്ങൾ. അഡഹോക്ട് കമ്മിറ്റി ഇന്ന് രാവിലെ 9ന് ജില്ലാ കമ്മിറ്റി ഓഫീസിൽ യോഗം ചേർന്ന് തുടർപ്രവർത്തനങ്ങൾ ആലോചിക്കും.


Source link
Exit mobile version