കോൺഗ്രസ്: തിരിച്ചടികൾ പാഠമാകുന്നില്ല; ശിബിരത്തിലെ ചിന്തകൾ ഫയലിലുറങ്ങുന്നു
കോൺഗ്രസ്: തിരിച്ചടികൾ പാഠമാകുന്നില്ല; ശിബിരത്തിലെ ചിന്തകൾ ഫയലിലുറങ്ങുന്നു: കോൺഗ്രസ് | കെ.സി.വേണുഗോപാൽ | എഐസിസി | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ – Congress Stalls on Reforms: Udaipur Chintan Shivir promises remain unfulfilled | India News, Malayalam News | Manorama Online | Manorama News
കോൺഗ്രസ്: തിരിച്ചടികൾ പാഠമാകുന്നില്ല; ശിബിരത്തിലെ ചിന്തകൾ ഫയലിലുറങ്ങുന്നു
റൂബിൻ ജോസഫ്
Published: December 01 , 2024 04:08 AM IST
1 minute Read
ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങളിൽ നടപ്പാക്കിയത് വിരലിലെണ്ണാവുന്ന മാത്രം
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു തിരിച്ചടികൾക്കു പിന്നാലെ പുനഃസംഘടന അടിയന്തര അജൻഡയാണെന്നു വ്യക്തമാക്കിയ കോൺഗ്രസ്, ഇതിനായി രണ്ടരവർഷം മുൻപു കൈക്കൊണ്ട തീരുമാനങ്ങളിൽ വിരലിലെണ്ണാവുന്ന മാത്രമാണു നടപ്പാക്കിയത്. ഭാരത് ജോഡോ യാത്ര നടത്തിയതും എഐസിസി സെക്രട്ടറിമാരെ നിശ്ചയിച്ചപ്പോൾ ന്യൂനപക്ഷ, ദലിത്, സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കിയതും ചിന്തൻ ശിബിരത്തിലെ തീരുമാനപ്രകാരമായിരുന്നു. ജോഡോ യാത്ര ഫലം നൽകിയെന്നു വിലയിരുത്തുമ്പോഴാണ് മറ്റു തീരുമാനങ്ങളിൽ തുടർനടപടികൾ ഇല്ലാതെപോയത്.
ഉദയ്പുർ ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങളാണ് നിലവിൽ സംഘടനാമാറ്റങ്ങൾക്കുള്ള പ്രമാണരേഖ. 2022 മേയിൽ ചേർന്ന ശിബിരത്തിലെ പ്രധാന തീരുമാനങ്ങൾ ഇപ്പോഴും ഫയലിൽ മാത്രമാണ്. ഇനിയും നടപ്പാക്കാത്തവ വേഗത്തിലാക്കാനാണു തീരുമാനമെന്ന് കഴിഞ്ഞദിവസം സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.
ചിന്തൻ ശിബിരത്തിനുശേഷം ലോക്സഭാ അങ്കം ഉൾപ്പെടെ നടന്നെങ്കിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും പ്രചാരണത്തിനും മേൽനോട്ടം വഹിക്കാൻ പ്രത്യേക സ്ഥിരം വിഭാഗം എന്ന ആശയം നടപ്പായിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഒരുക്കം എന്നതിനു പകരം പാർട്ടിയെ സ്ഥിരമായി സജ്ജമാക്കുകയായിരുന്നു ലക്ഷ്യമായി നിശ്ചയിച്ചത്. യുപിയുടെ ചുമതലയൊഴിഞ്ഞ പ്രിയങ്ക ഗാന്ധി ഇതിനു ചുക്കാൻ പിടിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. മാത്രമല്ല, നാളുകളായി പ്രത്യേക ചുമതലകളില്ലാത്ത ജനറൽ സെക്രട്ടറിയായി തുടരുകയാണു പ്രിയങ്ക.
ഭാരവാഹികളുടെ പ്രകടനം വിലയിരുത്തുമെന്ന് ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും അതിനും സ്ഥിരം സമിതിയായില്ല. ഈയിടെ ചേർന്ന എഐസിസി സെക്രട്ടറിമാരുടെ യോഗത്തിൽ പ്രതിമാസ റിപ്പോർട്ട് വേണമെന്നു നിർദേശം നൽകിയിരുന്നു. കേരളമാതൃകയിൽ എല്ലാ സംസ്ഥാനത്തും രാഷ്ട്രീയകാര്യസമിതി രൂപീകരിച്ചിട്ടില്ല. 5 വർഷം ഒരേ പദവിയിൽ തുടരുന്നവർക്ക് 3 വർഷത്തെ ഇടവേള നൽകൽ, ഒരാൾക്ക് ഒരു പദവി തുടങ്ങിയവയും നടപ്പായില്ല.
ജനമനസ്സ് തിരിച്ചറിയാനുള്ള സംഘം രൂപീകരിക്കണമെന്നു നിർദേശിച്ചെങ്കിലും ഭാവി വെല്ലുവിളികൾ കണ്ടെത്താനുള്ള പഴയ കമ്മിറ്റിയെക്കുറിച്ചാണ് ഇപ്പോഴും എഐസിസി വെബ്സൈറ്റിൽ പരാമർശിക്കുന്നത്. സജീവരാഷ്ട്രീയം അവസാനിപ്പിച്ച വയലാർ രവി ഉൾപ്പെടെ ഈ സമിതിയിൽ അംഗങ്ങളാണ്.
പാർട്ടി അധ്യക്ഷനു വേണ്ടി ഏകോപനസമിതി വന്നെങ്കിലും പ്രവർത്തകസമിതി അംഗങ്ങളുടെ ഉന്നത ഉപദേശകസമിതിയുണ്ടായില്ല. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിനോട് അനുബന്ധിച്ച് പാർട്ടി പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന ദേശീയ കേന്ദ്രത്തിനും നിർദേശമുണ്ടായിരുന്നു.
English Summary:
Congress Stalls on Reforms: Udaipur Chintan Shivir promises remain unfulfilled
mo-news-common-malayalamnews mo-news-common-newdelhinews rubin-joseph 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-priyankagandhi 5ssrt3vdigo4iq9u08df16i0ea mo-politics-parties-congress
Source link