കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ കളക്ടർ അരുൺ കെ.വിജയന് കേന്ദ്രപരിശീലനത്തിനു പോകാൻ അനുമതി നൽകി സർക്കാർ. നാളെ മുതൽ 27 വരെയാണ് ഐ.എ.എസ് ഉദ്യോഗസ്ഥർക്കായി കേന്ദ്ര പേഴ്സണൽ മന്ത്രാലയം നടത്തുന്ന പരിശീലന പരിപാടി. സെക്രട്ടറി തലത്തിലേക്ക് പ്രൊമോഷൻ ലഭിക്കുന്നതിനുള്ള മൂന്നാംഘട്ട പരിശീലന പരിപാടിയാണിത്.സംസ്ഥാനത്തെ ആറ് ജില്ലാ കളക്ടർമാർക്കാണ് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായുള്ള കേന്ദ്ര സർക്കാർ പരിശീലനം.
നവീൻ ബാബുവിന്റെ മരണത്തിൽ സംശയനിഴലിലുള്ള കളക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കളക്ടറേറ്റിനു മുന്നിൽ യു.ഡി.എഫ് അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നതിനിടെയാണ് പരിശീലനത്തിന്റെ പേരിൽ അരുൺ കെ.വിജയനെ ഒരു മാസത്തോളം ജില്ലയിൽനിന്ന് മാറ്റിനിറുത്തുന്നതെന്നും സൂചനയുണ്ട്.
കളക്ടറെ മാറ്റണമെന്ന് യു.ഡി.എഫും സി.പി.ഐയുടെ സർവീസ് സംഘടന ജോയിന്റ് കൗൺസിലും നവീൻബാബുവിന്റെ കുടുംബവും പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നടപടിയെടുത്തിരുന്നില്ല.’ഒരു തെറ്റുപറ്റി’ എന്ന് എ.ഡി.എം തന്നോടു പറഞ്ഞിരുന്നതായി അരുൺ കെ.വിജയൻ അന്വേഷണ സംഘത്തിനു മൊഴി നൽകിയതും വിവാദമായിരുന്നു. ഇതിനെതിരെ നവീൻബാബുവിന്റെ കുടുബം രംഗത്തെത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അന്വേഷണസംഘം കഴിഞ്ഞദിവസം വീണ്ടും കളക്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.അപ്പോഴും മൊഴിയിൽ ഉറച്ചുനിൽക്കുകയായിരുന്നു അരുൺ കെ.വിജയൻ. പരിശീലനത്തിനുശേഷം അരുൺ കെ.വിജയനെ മറ്റേതെങ്കിലും ജില്ലയിലേക്കു മാറ്റാൻ സാദ്ധ്യതയുണ്ട്.
Source link