KERALAMLATEST NEWS

‘ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ എല്ലാം ചെയ്യും, ജനങ്ങൾക്ക്  ഏത്  സമയത്തും  പ്രശ്നങ്ങളുമായി  എന്റെ  അടുത്ത്  വരാം’; പ്രിയങ്ക  ഗാന്ധി 

കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ തന്റെ അധികാരപരിധിയിൽ വരുന്നതെല്ലാം ചെയ്യുമെന്ന് പ്രിയങ്ക ഗാന്ധി എംപി. വയനാട് ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധിയുടെ മണ്ഡലപര്യടന വേളയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാർലമെന്റിൽ താൻ ഉയർത്തുന്നത് വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങളും പ്രതിസന്ധികളുമായിരിക്കും. നിങ്ങൾ എന്ത് നൽകിയോ അതിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നുവെന്നും പ്രിയങ്ക ഗാന്ധി അറിയിച്ചു.

‘ദുരന്തം നേരിട്ട ആളുകളുടെ ധെെര്യത്തിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ദുരന്ത ബാധിതരെ സഹായിക്കാൻ നാട് മുഴുവൻ ഒരുമിച്ച് നിന്നത് രാജ്യം മുഴുവൻ നോക്കി പഠിക്കേണ്ടതാണ്. ദുരന്തത്തിന് ശേഷം വിനോദ സഞ്ചാരികൾ പോലും വയനാട്ടിലേക്ക് വരാൻ മടിക്കുന്നു. നമുക്ക് അത് മാറ്റിയെടുക്കണം. വയനാട്ടിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാക്കണം. അതിന് കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.

വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പാർലമെന്റിൽ ഇനിയുള്ള ദിവസം മുതൽ അവസാന ദിവസം വരെ ഞാൻ ശബ്ദം ഉയർത്തും. ബിജെപിയുടെ പെരുമാറ്റത്തിൽ യാതൊരുവിധ രാഷ്ട്രീയ മര്യാദയുമില്ല. വയനാട് മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിൽ അറിയാം. പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ പോരാടും. ജനങ്ങൾക്ക് ഏത് സമയത്തും അവരുടെ പ്രശ്നങ്ങളുമായി എന്റെ അടുത്ത് വരാം.

നമ്മൾ നടത്തുന്ന പോരാട്ടം രണ്ട് തലങ്ങളിലാണ്. ആദ്യത്തെ പോരാട്ടം ജനങ്ങളുടെ ഭാവിക്ക് വേണ്ടിയുള്ളതാണ്. ഇവിടുത്തെ ആരോഗ്യ സംവിധാനങ്ങളും വിദ്യാഭ്യാസ – സേവന സംവിധാനങ്ങളും അടക്കമുള്ളവ മെച്ചപ്പെടുത്താൻ വേണ്ടിയാണ്. റോഡുകളുടെ വികസനം, വിനോദ സഞ്ചാര മേഖലയുടെ പുരോഗതി, രാത്രി യാത്ര നിരോധനം, മനുഷ്യ- വന്യജീവി സംഘർഷം തുടങ്ങി നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നതൊക്കെ ചെയ്യുക എന്നത് എന്റെ ദൗത്യമാണ്. ഞാനിപ്പോൾ ഇന്ത്യൻ പാർലമെന്റിൽ നിങ്ങളെ ഓരോരുത്തരെയുമാണ് പ്രതിനിധീകരിക്കുന്നത്. ഈ രാജ്യം മുഴുവൻ ഇന്ത്യൻ ഭരണഘടനയ്ക്ക് വേണ്ടി പോരാടുകയാണ്. ഈ രാജ്യത്തിന്റെ മൂല്യങ്ങൾ വീണ്ടെടുക്കുന്നതിന് വേണ്ടി പോരാടുകയാണ്. അതാണ് രണ്ടാമത്തെ പോരാട്ടം. ഭരണഘടന മൂല്യങ്ങളെ ബഹുമാനിക്കാത്ത ബിജെപിക്കെതിരെയാണ് നമ്മൾ പോരാടുന്നത്’,- പ്രിയങ്ക വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ വിജയിച്ച സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം വോട്ടർമാർക്ക് നന്ദിയർപ്പിക്കാൻ രാഹുൽ ഗാന്ധിയും എത്തിയിരുന്നു. മുണ്ടെക്കെെ ചൂരൽമല ദുരന്ത ബാധിതർക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് രാഹുൽ പ്രസംഗം തുടങ്ങിയത്. നൂറുകണക്കിന് പേരാണ് രാഹുലിനെയും പ്രിയങ്കയെയും കാണാൻ എത്തിയത്. മുക്കത്തെ യോഗത്തിന് ശേഷം രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങി. പ്രിയങ്ക ഇന്നും നാളെയും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന സ്വീകരണ യോഗങ്ങളിൽ പങ്കെടുത്ത ശേഷം നാളെ വെെകിട്ട് ഡൽഹിയിലേക്ക് മടങ്ങും.


Source link

Related Articles

Back to top button