കാസർകോട്: വടക്കേ മലബാറിലെ വിശ്വാസി സമൂഹത്തിൽ നിന്ന് വ്യാപകമായ പ്രതിഷേധം ക്ഷണിച്ചു വരുത്തിയ ‘ഗൾഫ് കളിയാട്ട മഹോത്സവം’ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. തെയ്യംകെട്ടിനായി പിന്നിൽ പ്രവർത്തിച്ചത് മുഴുവൻ കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണ് എന്നാണ് വിവരം. അജ്‌മാനിൽ തെയ്യങ്ങൾ കെട്ടിയാടിയത് കച്ചവട താല്പര്യം മുൻ നിർത്തിയാണെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
അജ്‌മാനിലെ ക്ലബ് പരിസരത്ത് കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്ഷേത്രങ്ങളിലും കാവുകളിലും കെട്ടിയാടുന്ന തെയ്യങ്ങളെ കെട്ടിയാടിക്കാൻ ചരടുവലിച്ചത് യൂട്യൂബ് ബ്ലോഗർ ആണെന്ന പ്രധാന വിവരവും അറിവായിട്ടുണ്ട്.
ഗൾഫിലെ തെയ്യം എന്ന പേരിൽ പുതുമയുള്ള ദൃശ്യങ്ങൾ പകർത്തി ലക്ഷങ്ങൾ സമ്പാദിക്കാനുള്ള ബ്ലോഗറുടെ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് നാട്ടിലെ തെയ്യങ്ങളെ ക്ലബ്ബിൽ എത്തിച്ചത് എന്നാണ് പറയുന്നത്. ഗൾഫിൽ വ്യാപാര വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്ന പലരും കളിയാട്ട മഹോത്സവത്തിന് സാമ്പത്തിക സഹായവും നൽകിയിട്ടുണ്ട്.
ക്ഷേത്രവും പള്ളിയറകളും ഇല്ലെങ്കിലും മൂന്ന് മാസം മുമ്പ് രാശി നോക്കി എല്ലാ ആചാര മര്യാദകളും പാലിച്ചുകൊണ്ടാണ് തെയ്യങ്ങൾ കെട്ടിയാടിച്ചതെന്നാണ് സംഘാടകരുടെ വാദം. പതിനായിരത്തോളം പേർ തെയ്യം കാണാൻ എത്തിയതായും ഇതിലും അധികം ആളുകൾ അന്നദാനത്തിൽ പങ്കെടുത്തതായും സംഘാടകർ വിശദീകരിക്കുന്നു.
അതേസമയം ഒറ്റ ദിവസം കെട്ടിയാടിയ തെയ്യങ്ങൾ പലതും വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങൾ ഉള്ളതാണെന്നും ഇവയെല്ലാം ഒരിടത്ത് വന്നുചേരില്ലെന്നും ഇതിനെതിരെ പ്രതിഷേധിക്കുന്നവർ പറയുന്നു. ഏത് ‘ജ്യോതിഷ പണ്ഡിതൻ’ ആണ് രാശി വെച്ച് ഈ തെയ്യങ്ങൾ ഒരുമിച്ചു കെട്ടിയാടിക്കാം എന്ന് പറഞ്ഞതെന്ന് വെളിപ്പെടുത്താനും ഇവർ ആവശ്യപ്പെടുന്നുണ്ട്.
അജ്‌മാനിലെ ക്ലബിൽ തെയ്യങ്ങളെ കെട്ടിയടിച്ചത് അങ്ങേയറ്റം അപലപനീയമാണ്. തെയ്യങ്ങൾ സാധാരണയായി കെട്ടിയാടുന്നത് തറവാടുകളിലും കാവുകളിലും ക്ഷേത്രങ്ങളിലുമാണ്. എല്ലാ തെയ്യങ്ങൾക്കും അതിന്റെതായ ഭൂമികയുണ്ട്. ആ ഇടത്തിൽ നിന്നുകൊണ്ട് തെയ്യങ്ങൾ പുറപ്പാടായാൽ മാത്രമേ അത് പൂർണ്ണമാവുകയുള്ളൂ. തെയ്യങ്ങളെ പോറ്റിയുണർത്തുകയാണ്. സാഹചര്യം മാറിയാൽ തെയ്യങ്ങൾ ഉണരില്ല. ക്ലബ്ബുകളിലും റോഡുകളിലും മൈതാനങ്ങളിലും തെയ്യങ്ങളെ പറിച്ചുനടുന്നത് ആഭാസകരമാണ്.- പി.സി വിശ്വംഭരൻ പണിക്കർ, (തീയ്യ മഹാസഭ കാസർകോട് ജില്ലാ പ്രസിഡന്റ്)
തെയ്യം എന്ന അനുഷ്ഠാനത്തെ കാത്തുസൂക്ഷിക്കേണ്ടവർ തന്നെ തത്ക്കാലിക സാമ്പത്തിക ലാഭത്തിനും സ്വാർത്ഥ താല്പര്യങ്ങൾക്കും വേണ്ടി ഗൾഫിൽ കെട്ടിയാടിയത് ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റാണ്. ഓരോ തെയ്യങ്ങൾക്കും അതിന്റെതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്രതങ്ങളുമുണ്ട്. സങ്കടങ്ങളും ആവലാതികളും ഉള്ളുതുറന്നു പറഞ്ഞു കരയുമ്പോൾ മഞ്ഞൾകുറി പ്രസാദം നല്കി നമ്മെ സാന്ത്വനിപ്പിക്കുന്ന പ്രത്യക്ഷ ദൈവങ്ങളെ വെറും കെട്ടുകാഴ്ചയാക്കി ഭക്തരുടെ മനസ്സ് വേദനിപ്പിച്ചവർ വിശ്വാസി സമൂഹത്തോട് മാപ്പ് പറയണം.
വിശ്വനാഥൻ മലയാക്കോൾ, (ശ്രീ മുളവിന്നൂർ ഭഗവതി ക്ഷേത്ര കഴകം പ്രസിഡന്റ്, യാദവസഭ സംസ്ഥാന സെക്രട്ടറി).
Source link