അനർഹമായി പെൻഷൻ കൈപ്പറ്റിയവരെക്കൊണ്ട് പലിശ സഹിതം തിരിച്ചടപ്പിക്കും; വാർഷിക മസ്റ്ററിങ്ങ് നിർബന്ധമാക്കും
തിരുവനന്തപുരം: അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് പ്രത്യേക യോഗം ചേർന്നിരുന്നെന്നും അനർഹമായി പെൻഷൻ കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടികയിൽ അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. അനർഹമായി പെൻഷൻ വാങ്ങുന്ന ജീവനക്കാർ അല്ലാത്തവർക്കെതിരെയും നടപടിയുണ്ടാകും. മരണപ്പെട്ടവരെ അതത് സമയത്ത് കൺകറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റിൽ നിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർഷിക മസ്റ്ററിങ്ങ് നിർബന്ധമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി ഫെയ്സ് ഓതന്റിക്കേഷൻ സംവിധാനം ഏർപ്പെടുത്തും. വരുമാന സർട്ടിഫിക്കറ്റ്, ആധാർ സീഡിങ്ങ് എന്നിവ നിർബന്ധമാക്കും. സർക്കാർ സർവീസിൽ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ല. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ക്ഷേമപെൻഷൻകാരുടെ അർഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാവപ്പെട്ടവർക്കുള്ള 1600 രൂപയുടെ പ്രതിമാസ സാമൂഹ്യ സുരക്ഷാ പെൻഷൻ സർക്കാർ ജീവനക്കാരും സർവീസ് പെൻഷൻകാരും നാട്ടിലെ സമ്പന്നരും അടക്കം തട്ടിയെടുക്കുന്നതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൂടുതൽ ക്രമക്കേട് കണ്ടെത്തിയ കോട്ടയ്ക്കൽ നഗരസഭയിൽ ഉത്തരവാദികൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അത് ആ നഗരസഭയിൽ മാത്രമായി പരിമിതപ്പെടുത്തിയെന്ന് ആക്ഷേപം ഉയർന്നിരുന്നു.
സംസ്ഥാന വ്യാപകമായി അന്വേഷണം ശുപാർശ ചെയ്തും അഴിമതിക്കും സാമ്പത്തിക കുറ്റകൃത്യത്തിനും നടപടി നിർദേശിച്ചും വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഉദ്യോഗസ്ഥരുടെ സ്വത്ത് കണ്ടുകെട്ടാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Source link