KERALAMLATEST NEWS

ഇനി ആന, പുലി, കടുവ തുടങ്ങിയ മൃഗങ്ങളിറങ്ങിയാൽ ഒട്ടും പേടി വേണ്ട, ആപ്പിലൊരു മെസേജ് നൽകിയാൽ മതി

കോഴിക്കോട്: കടുവയെ കണ്ടാൽ ഇനി പേടിക്കണ്ട, സർപ്പ ആപ്പിൽ വിവരമറിയിക്കാം. ജാഗ്രതാ നിർദ്ദേശം ഉടനെത്തും. പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി വനം വകുപ്പ് ആവിഷ്‌കരിച്ച സർപ്പ ആപ്ലിക്കേഷനിലാണ് വന്യജീവികളെയും ഉൾപ്പെടുത്തിയത്. പരിഷ്കരിച്ച ആപ്പ് ഡിസംബർ ആദ്യവാരമെത്തും.

ആപ്പ്​ ഡൗൺലോഡ്​ ചെയ്തവർക്ക്​ മൃഗങ്ങളുടെ നീക്കത്തെക്കുറിച്ച്​ ഉടൻ സന്ദേശമെത്തും. മനുഷ്യർക്ക്​ ഭീഷണിയാകുന്ന ആന, പുലി, കടുവ, കാട്ടുപോത്ത്, നാട്ടിൻപ്രദേശങ്ങളിൽ കാണപ്പെടുന്ന മുള്ളൻ പന്നി, മരപ്പട്ടി, കീരി, പന്നി എന്നിവയെക്കുറിച്ചും വിവരങ്ങൾ കെെമാറാം.

ആപ്പിലേക്ക് കെെമാറാൻ

വന്യമൃഗങ്ങളെ കണ്ടാൽ ഫോട്ടോയും സ്ഥലവും സംബന്ധിച്ച വിവരം ആപ്പിലേക്ക് കെെമാറാം. ഫോട്ടോ നിർബന്ധമല്ല. ജി.പി.എസ്​ മുഖേന പ്രവർത്തിക്കുന്ന ആപ്പിലൂടെ സന്ദേശങ്ങൾ ഫോറസ്റ്റ് ഓഫീസർമാർക്ക് ലഭിക്കും. ജാഗ്രതാ നിർദ്ദേശമനുസരിച്ച് മുൻകരുതലുകൾ സ്വീകരിക്കാം. വന്യമൃഗങ്ങൾ വീടിനടുത്തെത്തി നാശനഷ്ടങ്ങളുണ്ടാക്കുന്നതും തടയാം.

എവിടെയെല്ലാം വന്യജീവികളിറങ്ങി, എത്രയെണ്ണത്തെ തുരത്തി തുടങ്ങിയ വിവരങ്ങളും ലഭ്യമാകും. വനം വകുപ്പിന്റെ 36 ഡിവിഷനുകളിലെ ആളുകൾ 24 മണിക്കൂറും നിരീക്ഷിക്കും. സംസ്ഥാന തലത്തിൽ എമർജൻസി ഓപ്പറേറ്റിംഗ് സെന്ററുമുണ്ട്. ആപ്പിന്റെ ഡാഷ്ബോർഡിൽ സ്നേക്, ആനിമൽസ് തുടങ്ങി രണ്ട് ഓപ്ഷനുകളാണുള്ളത്.

വന്യജീവികൾ ജനവാസ കേ​ന്ദ്രങ്ങളിൽ ഇറങ്ങുന്നത്​ തടയാൻ ലക്ഷ്യമിട്ട് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വേലി​കൾ സ്ഥാപിക്കുന്ന പദ്ധതിയും പുരോഗമിക്കുന്നു. വന്യജീവികൾ വേലിക്കടുത്തെത്തുമ്പോൾ പ്രത്യേക ശബ്​ദം പുറപ്പെടുവിക്കുന്നതോടെ, ദ്രുത പ്രതികരണ സംഘത്തിന്​ സന്ദേശം ലഭിക്കും.

സർപ്പ ആപ്പ്

അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങൾ വർദ്ധിച്ചതിനെ തുടർന്നാണ് വനം വകുപ്പ് 2020 ൽ സർപ്പ ആപ്പ് തുടങ്ങിയത്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പ്രവർത്തനം. സംസ്ഥാനത്ത് ഇതുവരെ 47898 പാമ്പുകളുടെ വിവരം വന്നു.

പരിഷ്കരിച്ച ആപ്പ് വഴി വന്യജീവി-മനുഷ്യ അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്ന് സ്നേക് റെസ്‌ക്യൂവർ, നോഡൽ ഓഫീസർ മുഹമ്മദ് അൻവർ പറഞ്ഞു.


Source link

Related Articles

Back to top button