സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനം വീടിന് തൊട്ടടുത്ത്; ജി സുധാകരന് ക്ഷണമില്ല, പൊതുസമ്മേളനത്തിലും ഒഴിവാക്കി
അമ്പലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി സുധാകരനെ ഒഴിവാക്കി ഏരിയ സമ്മേളനം നടത്താൻ സിപിഎം. അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ നിന്നാണ് സുധാകരനെ ഒഴിവാക്കിയത്. ഉദ്ഘാടന ചടങ്ങിലേക്കും പൊതുസമ്മേളനത്തിലേക്കും അദ്ദേഹത്തെ ക്ഷണിച്ചില്ല. ജി സുധാകരന്റെ പറവൂരിലെ വീടിന് തൊട്ടടുത്താണ് സിപിഎം ഏരിയ സമ്മേളനം നടക്കുന്നത്.
അടുത്തിടെ പാർട്ടിക്കെതിരെയുള്ള വിമർശനങ്ങൾ ജി സുധാകരന്റെ ഭാഗത്ത് നിന്ന് വന്നിരുന്നു. സിപിഎമ്മിലെ ആലപ്പുഴയിലെ യുവനേതാവായിരുന്ന ടിജെ ആഞ്ചലോസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് കള്ളറിപ്പോർട്ട് ഉണ്ടാക്കിയാണെന്ന ജി സുധാകരന്റെ പ്രസ്താവന വലിയ ചർച്ചയായിരുന്നു. സിപിഐയുടെ വേദിയിൽ വച്ച് സിപിഐ നേതാവ് മുല്ലക്കര രത്നാകരന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഈ പ്രസ്താവന.
കൂടാതെ സിപിഎമ്മിലെ പ്രായപരിധി നിബന്ധനയ്‌ക്കെതിരെയും ജി സുധാകരൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ചട്ടം കൊണ്ടുവന്നവർക്ക് അത് മാറ്റിക്കൂടെയെന്നും ഈ ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. 75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ സിപിഎമ്മിന് പ്രയോജനകരമാണോയെന്നും ജി സുധാകരൻ ചോദിച്ചു.
‘പ്രത്യേക സാഹചര്യത്തിൽ നിബന്ധന കൊണ്ടുവന്നു. ഞങ്ങളെല്ലാം അംഗീകരിച്ചു. പക്ഷേ, ഇഎംഎസിന്റെയും എകെജിയുടെയും കാലത്തായിരുന്നുവെങ്കിൽ എന്തായിരുന്നു സ്ഥിതി. അവർ എന്നേ റിട്ടയർ ചെയ്തുപോകേണ്ടി വന്നേനെ. പിണറായി സഖാവിന് 75 കഴിഞ്ഞാൽ മുഖ്യമന്ത്രിയാകാൻ വേറെ ആളുവേണ്ടത് കൊണ്ട് അദ്ദേഹത്തിന് ഇളവ് കൊടുത്തു. പാർട്ടി പരിപാടിയിൽ ഇല്ലാത്ത ഒരു ചട്ടമാണ് വിരമിക്കൽ’- ജി സുധാകരൻ അന്ന് പറഞ്ഞു.
Source link