ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ടം നാഷണൽ ഡാം സേഫ്റ്റി അതോറിറ്റിയെ(എൻ.ഡി.എസ്.എ) ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് അറിയിച്ചു.
മേൽനോട്ട സമിതിയുടെ മുഴുവൻ ഉത്തരവാദിത്വവും കാലക്രമേണ നാഷണൽ ഡാം സേഫ്റ്റി അതോറിറ്റിക്ക് നൽകുമെന്ന് 2022 ഏപ്രിൽ എട്ടിന്റെ വിധിയിൽ സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതു പ്രകാരം അണക്കെട്ടിന്റെ സുരക്ഷ, നിരീക്ഷണം, നിയന്ത്രണ നിർവ്വഹണം, അറ്റകുറ്റപണികൾ എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും, ഡാം സേഫ്റ്റി ആക്ട് പ്രകാരം നിയമിതമാകുന്ന എൻ.ഡി.എസ്.എയിൽ നിക്ഷിപ്തമായിരിക്കും.
എന്നാൽ ഡാം സേഫ്റ്റി അതോറിറ്റിക്ക് മറ്റൊരു സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള അണക്കെട്ടിൻമേൽ അധികാരം ഉപയോഗപ്പെടുത്താൻ സാധ്യമല്ലെന്നാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചത്. അണക്കെട്ടിന്റെ സുരക്ഷാ സംബന്ധമായ ആശങ്കകൾ നിലനിൽക്കെ മേൽനോട്ട സമിതിയുടെ ഇടപെടലുകളിൽ കേരളത്തിന് പരാതിയുണ്ടെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
Source link