സംസ്ഥാന സമ്മേളനം വരാനിരിക്കെ കൊല്ലത്തെ സി.പി.എമ്മിൽ ശീതയുദ്ധം

കൊല്ലം: സംസ്ഥാന സമ്മേളനത്തിന്റെ വേദിയായ കൊല്ലം ജില്ലയിലെ വിഭാഗീയത ഏറ്റുമുട്ടലിലേക്കും തെരുവിലിറങ്ങിയുള്ള പ്രതിഷേധത്തിലേക്കും നീണ്ടത് പാർട്ടിക്ക് തലവേദനയായി. വി.എസ് പിണറായി ഗ്രൂപ്പുകൾ ശക്തമായിരുന്ന കാലത്ത് പോലും ഉണ്ടാകാത്ത പ്രശ്നങ്ങളാണ് കൊല്ലത്ത്,പ്രത്യേകിച്ച് കരുനാഗപ്പള്ളിയിൽ. ജില്ലാ നേതൃത്വത്തിലുള്ളവർക്കിടയിലെ ശീതയുദ്ധമാണ് കമ്മിറ്റികൾ പിടിച്ചെടുക്കാനുള്ള മത്സരങ്ങളിലേക്ക് നീണ്ടത്. നേതൃത്വത്തിലെ ചേരികളുടെ രഹസ്യപിന്തുണയിലാണ് പല ലോക്കൽ സമ്മേളനങ്ങളിലും മത്സര ശ്രമം ഉണ്ടായത്.

കൊല്ലത്ത് ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള കരുനാഗപ്പള്ളിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടിയുടേയും സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ പി.ആർ. വസന്തന്റേയും നേതൃത്വത്തിൽ രണ്ട് ചേരികളാണുള്ളത്. ഇതിൽ സൂസൻകോടിയുടെ ചേരിക്ക് സി.പി.എം ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദിന്റെയും പിന്തുണയുണ്ടെന്ന് മറുപക്ഷം ആരോപിക്കുന്നു. വസന്തൻ പക്ഷത്തെ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. രാജഗോപാലും മറ്റൊരു മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗവും പിന്തുണയ്ക്കുന്നുവെന്നും ആരോപണമുണ്ട്.

കരുനാഗപ്പള്ളിയിൽ പത്ത് ലോക്കൽ കമ്മിറ്റികളാണുള്ളത്. ഇതിൽ ഏഴ് ലോക്കൽ സമ്മേളനങ്ങളിൽ പുതിയ കമ്മിറ്റിയിലേക്ക് മത്സരം രൂപപ്പെട്ടതോടെ നിറുത്തിവച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദിനായിരുന്നു സമ്മേളന നടത്തിപ്പിന്റെ ചുമതല. പിന്നീട് ജില്ലാ സെക്രട്ടറി, എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. രാജഗോപാൽ,കെ. വരദരാജൻ,ജെ. മേഴ്സിക്കുട്ടിഅമ്മ,സൂസൻകോടി എന്നിവർ പങ്കെടുത്ത് കഴി‌ഞ്ഞ ദിവസങ്ങളിൽ നിറുത്തിവച്ച സമ്മേളനങ്ങൾ പുനരാരംഭിച്ചു. തൊടിയൂർ ലോക്കൽ സമ്മേളനത്തിൽ ഉണ്ടായ തർക്കത്തിനിടെ പ്രതിനിധി മിനുട്സ് തട്ടിയെടുത്ത് പുറത്തേക്ക് ഓടി.

കഴിഞ്ഞ ദിവസം കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിനിടെ സംസ്ഥാനകമ്മിറ്റി അംഗങ്ങളെയും പ്രതിനിധികളെയും ഒരുവിഭാഗം ഹാളിനുള്ളിൽ പൂട്ടിയിട്ടതിനു പിന്നാലെ പുറത്തിറങ്ങിയ കെ. രാജഗോപാലിന്റെ കാർ ഒരു വിഭാഗം തടഞ്ഞു. പി.ആർ. വസന്തന്റെ കാറിന്റെ ചില്ല് തകർത്തു. ഈ കാർ ഓടിച്ചിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകന് മർദ്ദനമേറ്റു. കുലശേഖരപുരം സൗത്ത് സമ്മേളനത്തിൽ 15 അംഗ ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരത്തിന് ഒരുങ്ങിയ 19 പേർ അനുനയത്തിന് വഴങ്ങാഞ്ഞതോടെ വീണ്ടും നിറുത്തിവച്ചു. ഇന്നലെ ഒരുവിഭാഗം പ്രവർത്തകർ സേവ് സി.പി.എം എന്ന പേരിൽ പി.ആർ. വസന്തനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പ്രകടനവും നടത്തി. ഡിസംബർ 9 മുതൽ 13 വരെയാണ് ജില്ലാസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. കരുനാഗപ്പള്ളി ഏരിയാ സമ്മേളനം ഇതിന് മുൻപേ പൂർത്തിയാക്കാനാകുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

സമ്മേളനങ്ങളിൽ മത്സരം അനുവദിക്കരുതെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശംഅവഗണിച്ച് ഈ സമ്മേളനകാലയളവിൽ സംസ്ഥാനത്ത് ആദ്യമായി ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം നടന്നത് കൊല്ലത്തെ ചാത്തന്നൂർ ലോക്കൽ സമ്മേളനത്തിലാണ്. ഇതെ തുടർന്ന് ഈ സമ്മേളനം ആദ്യം നിറുത്തിവച്ചിരുന്നു. വീണ്ടും നടത്തിയപ്പോഴും മത്സരത്തിന് ഒരുങ്ങിയവർ വഴങ്ങാഞ്ഞതിന് പുറമേ ജാതീയമായ ചേരിതിരിവ് രൂപപ്പെട്ടതോടെ മത്സരം അനുവദിക്കുകയായിരുന്നു. മത്സരത്തിൽ പാനൽ അവതരിപ്പിച്ച സെക്രട്ടറി പരാജയപ്പെട്ടു. വേളമാനൂരിൽ ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നു. ലോക്കൽ സമ്മേളനത്തിന് മുന്നോടിയായി ജില്ലയിൽ പലയിടങ്ങളിലും ഗ്രൂപ്പ് യോഗങ്ങൾ ചേർന്നതായും ആരോപണമുണ്ട്.ജില്ലയിലെ വിഭാഗീയതയ്ക്കിടയിൽ

സംസ്ഥാന സമ്മേളന നടപടികൾ സുഗമമാക്കാൻ പാർട്ടി പെടാപ്പാടുപെടുകയാണ്. മാർച്ചിലാണ് സംസ്ഥാന സമ്മേളനം


Source link
Exit mobile version