KERALAMLATEST NEWS

ഫ്ലാറ്റ് തട്ടിപ്പ്: ധന്യാമേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

കൊച്ചി: ഫ്ലാറ്റ് തട്ടിപ്പുകേസിൽ സിനിമാനടി ധന്യാ മേരി വർഗീസിന്റെയും ഭർതൃകുടുംബത്തിന്റെയും സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടി. തിരുവനന്തപുരം പട്ടത്തും പേരൂർക്കടയിലുമുള്ള 13 വസ്തുവകകൾ, ഫ്ലാറ്റുകൾ എന്നിവയുൾപ്പെടെ 1.56കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി കൊച്ചി യൂണിറ്റ് കണ്ടുകെട്ടിയത്.

ധന്യയുടെ ഭർതൃപിതാവിന്റെ സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് ഫ്ലാറ്റുകൾ നിർമ്മിച്ചുനൽകാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിലാണ് നടപടി. 2011ൽ തുടങ്ങിയതാണ് തട്ടിപ്പ്. നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്ളാറ്റുകളും 20 വില്ലകളും രണ്ട് വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കി നൽകാമെന്നു വാഗ്ദാനം നൽകി പലരിൽനിന്നായി 100 കോടിരൂപ തട്ടിച്ചു. അമിതപലിശ നൽകാമെന്ന് പറഞ്ഞ് 30കോടിയോളം രൂപ കബളിപ്പിച്ചെന്നും കേസുണ്ട്.

2016ൽ ധന്യയേയും ഭർത്താവ് സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് ഡയറക്ടറും നടനുമായ ജോണിനേയും സഹോരൻ സാമുവലിനേയും പൊലീസ് അറസ്റ്റുചെയ്തിരുന്നു. കേസിൽ ധന്യയുടെ ഭർതൃപിതാവ് ജേക്കബ് സാംസൺ ഇവർക്ക് മുമ്പേ അറസ്റ്റിലായിരുന്നു. കമ്പനിയുടെ മാർക്കറ്റിംഗ് വിഭാഗം മേധാവിയായിരുന്നു ധന്യ.

വിവിധ ഇടങ്ങളിൽ ഒളിവിൽക്കഴിഞ്ഞ മൂവരേയും നാഗർകോവിലിൽ നിന്നാണ് അന്ന് പിടികൂടിയത്. കന്റോൺമെന്റ്, പേരൂർക്കട പൊലീസ് സ്റ്റേഷൻ പരിധികളിലായി രജിസ്റ്റർചെയ്ത കേസ് ഇ.ഡി ഏറ്റെടുക്കുകയായിരുന്നു.


Source link

Related Articles

Back to top button