KERALAMLATEST NEWS

കാട്ടിൽ കുടുങ്ങിയ മൂന്ന് വീട്ടമ്മമാർ തിരിച്ചെത്തി

കോതമംഗലം: പശുവിനെ തേടിപ്പോയി കൊടുംകാട്ടിൽ കുടുങ്ങിയ മൂന്ന് വീട്ടമ്മമാർ 14 മണിക്കൂറിന് ശേഷം ഇന്നലെ രാവിലെ തിരിച്ചെത്തി. കോതമംഗലം കുട്ടമ്പുഴ അട്ടിക്കളം പന്ത്രപ്പയ്ക്ക് സമീപം കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ (64), ബന്ധു മാളികേക്കുടി മായ ജയൻ (46), പുത്തൻപുര ഡാർളി സ്റ്റീഫൻ (56) എന്നിവരെയാണ് കണ്ടെത്തിയത്. മായയുടെ പശുവിനെ തേടി വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് ഒന്നിനാണ് കോതമംഗലം കുട്ടംപുഴ കാട്ടിലേക്ക് മൂന്നംഗ സംഘം പോയത്. കാണാതായ പശു അന്ന് സന്ധ്യയ്ക്കുതന്നെ മായയുടെ വീട്ടിൽ തിരിച്ചെത്തിയിരുന്നു. എന്നാലിത് ഇവർ അറിഞ്ഞില്ല.

വഴിതെറ്റി കാട്ടിൽ ആറ് കിലോമീറ്റർ അകലെ കുടുങ്ങിയ സംഘം ആനകളോടി​ച്ചപ്പോൾ വലിയൊരു പാറയ്ക്ക് മുകളിൽ വലിഞ്ഞുകയറി. തുടർന്ന് രാത്രി മുഴുവൻ അവിടെ കഴിച്ചുകൂട്ടി. അറക്കമുത്തിയിലെ പാറയിലാണ് ഇവർ അഭയം തേടിയത്. പുലർച്ചെയാണ് അന്വേഷണ സംഘം ഇവരെ കണ്ടെത്തിയത്.

കാട്ടാനയെ കണ്ടതോടെ തങ്ങൾ ചിതറിയോടിയെന്ന് മായ ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ നാലുമണിയോടെ ഫോൺ ഓഫായി. രാത്രി ആറ് ആനകൾ പാറയ്ക്ക് സമീപം നിലയുറപ്പിച്ചിരുന്നതായി പാറുക്കുട്ടി പറഞ്ഞു. തെരച്ചിലിന് പോയ വനംവകുപ്പും ഫയർഫോഴ്സും സി​വി​ൽ ഡി​ഫൻസും നാട്ടുകാരുമുൾപ്പെട്ട മൂന്ന് സംഘങ്ങളിൽ രണ്ടുസംഘം പുലർച്ചെ രണ്ടി​ന് തി​രി​ച്ചെത്തി​. ഒരുസംഘം കാട്ടി​ൽ തുടർന്നു.

ഇവരുടെ മൊബൈൽ ഫോണിന്റെ ഏകദേശ ലൊക്കേഷൻ കണ്ടെത്തിയെങ്കിലും രാത്രിയായതിനാൽ രക്ഷാസംഘത്തിന് ഇവിടെയെത്താനായില്ല. പേരുവിളിക്കുന്നതും ഗുണ്ട് പൊട്ടിക്കുന്നതും കേട്ടെങ്കിലും വനംകൊള്ളക്കാരാണെന്ന് കരുതി വീട്ടമ്മമാർ പ്രതികരിച്ചില്ല. രാവി​ലെ 7.30നാണ് പാറയുടെ മുകളി​ൽ ഇവരെ കണ്ടെത്തി​യത്. പ്രമേഹവും രക്താതിസമ്മർദ്ദവുമുള്ള പാറുക്കുട്ടി അവശയായതൊഴിച്ചാൽ മറ്റ് രണ്ടുപേർക്കും ആരോഗ്യപ്രശ്നങ്ങളില്ല. മൂവരെയും കുട്ടമ്പുഴ ഗവ. ആശുപത്രിയിൽ പരിശോധിച്ചു.

പശുവിനെ കാണാതായത് ബുധനാഴ്ച

 മുന്നിപ്പാറയിലെ പഴയ മരുന്നുതോട്ടത്തിന് സമീപം മേയാൻപോയ പശുവിനെ കാണാതായത് ബുധനാഴ്ച

 പാറുക്കുട്ടിയും ഡാർളിയും മായയും ചേർന്ന് കാട്ടിൽ തെരച്ചിലിന് പോയത് വ്യാഴാഴ്ച ഉച്ചയ്‌ക്ക് 1ന്

 കാട്ടിൽ വഴിതെറ്റിയത് വൈകിട്ട് 4ന്

 മായ ഭർത്താവി​നെ ഫോണി​ൽ വി​ളി​ച്ചത് 4.15ന്

 വനംവകുപ്പ് സംഘം തെ​രച്ചി​ൽ ആരംഭി​ച്ചത് 5ന്

 അറക്കമുത്തി​യി​ലെ പാറയ്ക്ക് സമീപം ഇവരെ കണ്ടെത്തി​യത് ഇന്നലെ രാവി​ലെ 7.30ന്

 കുട്ടമ്പുഴയി​ൽ തി​രി​ച്ചെത്തി​ച്ചത് 8.30ന്

‘രാത്രി ഉറങ്ങിയില്ല. ഇരുട്ടിൽ പരസ്പരം കാണാൻപോലും കഴിഞ്ഞില്ല. പാറയിൽ ആന കയറില്ലെന്ന് ഉറപ്പായിരുന്നു. പുലർച്ചെ രണ്ടരവരെ ആന സമീപത്തുണ്ടായിരുന്നു. ഉപദ്രവിക്കാൻ ശ്രമിച്ചില്ല”.

– പാറുക്കുട്ടി


Source link

Related Articles

Back to top button