KERALAM

ഇൻസ്റ്റഗ്രാം റീൽ വൈറലായത് ഇഷ്‌ടപ്പെട്ടില്ല; കോഴിക്കോട്ട് പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്

കോഴിക്കോട്: സ്‌കൂളിലുണ്ടായ സംഘർഷത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ല് പോയി. കുറ്റ്യാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. ജൂനിയർ – സീനിയർ വിദ്യാർത്ഥികൾ തമ്മിലായിരുന്നു സംഘർഷം. സംഭവത്തിൽ 12 പ്ലസ് ‌ടു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

കഴിഞ്ഞ ചൊവ്വാഴ്‌ച സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയിൽ ഇരുപതോളം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് തന്നെ മർദിച്ചെന്നാരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥി ഹിഷാമാണ് പരാതി നൽകിയത്. കുന്നുമ്മേൽ ഉപജില്ലാ സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോൽക്കളിയിൽ മത്സരിച്ച പ്ലസ് വൺ വിദ്യാർത്ഥികൾ അവരുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ റീലായി പോസ്റ്റ് ചെയ്‌തതാണ് അക്രമത്തിലേക്ക് നയിച്ചത്.

ജൂനിയർ വിദ്യാർത്ഥികൾ അവരുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌ത റീലിന് കാഴ്‌ചക്കാർ കൂടിയതോടെ ഇത് പിൻവലിക്കാൻ സീനിയർ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇതോടെയാണ് തർക്കം സംഘർഷത്തിലേക്ക് നീങ്ങിയത്. രണ്ട് ദിവസം മുമ്പ് ഇതിന്റെ പേരിൽ വിദ്യാർത്ഥികൾ സ്‌കൂൾ ഗ്രൗണ്ടിൽ ഏറ്റുമുട്ടിയിരുന്നു. അദ്ധ്യാപകർ ഏറെ പരിശ്രമിച്ചാണ് അന്ന് സംഘർഷം ഒഴിവാക്കിയത്.

ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസത്തെ അക്രമം. പരിക്കേറ്റ ഇഷാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സംഘട്ടനവുമായി ബന്ധപ്പെട്ട് കുറ്റ്യാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ 14 വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി സ്‌കൂളിൽ നിന്ന് മാറ്റിനിർത്താനും തീരുമാനിച്ചിട്ടുണ്ട്. കുറ്റാരോപിതരുടെയും പരാതിക്കാരുടെയും രക്ഷിതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.


Source link

Related Articles

Back to top button