മലപ്പുറം: കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡ് നായാടിപ്പാറയിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന 42 പേരിൽ 38 പേരും അനർഹരെന്ന് കണ്ടെത്തിയതോടെ വിജിലൻസ് അന്വേഷണത്തിന് ധനവകുപ്പ് ഉത്തരവിട്ടു. മിക്കവരുടെയും വീട് 2,000 ചതുരശ്രയടി തറ വിസ്തൃതിയിലും കൂടുതൽ വലുപ്പമുള്ളതാണ്. ഭാര്യയോ ഭർത്താവോ സർവീസ് പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ടെന്നും കണ്ടെത്തി.
പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ച ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നടപടി സ്വീകരിക്കാൻ അതത് വകുപ്പുകൾക്കാണ് നിർദ്ദേശമേകിയത്.
കോട്ടക്കലിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച് 2022ൽ മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായിരിക്കും വിജിലൻസ് അന്വേഷണം. അന്ന് 63 പേർ അനർഹമായി പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. കൂടുതൽ പേരും ഏഴാം വാർഡിലായിരുന്നു. 56 പേർ സാമൂഹ്യ സുരക്ഷാ പെൻഷനും ആറുപേർ വിധവാ പെൻഷനും ഒരാൾ വികലാംഗ പെൻഷനുമാണ് വാങ്ങിയിരുന്നത്. ഇതുപ്രകാരം ചിലരുടെ പെൻഷൻ നിറുത്തലാക്കിയെന്നാണ് നഗരസഭയുടെ വാദം. അനർഹരെന്ന് കണ്ടെത്തിയ ഗുണഭോക്താക്കളുടെ അപേക്ഷകളും അനുബന്ധ രേഖകളും ഹാജരാക്കാൻ ധനവകുപ്പ് പരിശോധനാ വിഭാഗം ആവശ്യപ്പെട്ടെങ്കിലും 14 അപേക്ഷകൾ മാത്രമാണ് കൈമാറിയത്. നഗരസഭ ഓഫീസിന്റെ അറ്റകുറ്റപ്പണി നടത്തിയപ്പോൾ സെക്‌ഷനിൽ നിന്ന് ഈ ഫയലുകൾ മാറ്റിയതിനാൽ സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ അധികൃതർ ധനവകുപ്പിന് കത്ത് നൽകി. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ കോട്ടക്കൽ നഗരസഭയിൽ ക്ഷേമ പെൻഷൻ വാങ്ങുന്ന 5,400ഓളം ഗുണഭോക്താക്കളുടെയും വിവരങ്ങൾ പരിശോധിക്കാനാണ് ധനവകുപ്പിന്റെ തീരുമാനം.
വീഴ്ച ഉദ്യോഗസ്ഥരുടേതെന്ന്
അനർഹർ കടന്നുകൂടിയത് ഉദ്യോഗസ്ഥ തലത്തിലെ പിഴവാണെന്ന് കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ. ഹനീഷ ആരോപിച്ചു. അവരുടെ നിർദ്ദേശ പ്രകാരമാണ് കൗൺസിൽ പെൻഷൻ പട്ടിക അംഗീകരിക്കുന്നത്. എന്തുകൊണ്ട് പാളിച്ച വന്നുവെന്ന് പരിശോധിക്കും. ചിലപ്പോൾ പെൻഷൻ അപേക്ഷിക്കുന്ന സമയത്ത് വീട് വളരെ ചെറുതായിരിക്കാം. പിന്നീട് വലുതാക്കിയതാവാം.
ക്ഷേമ പെൻഷന് മൂന്ന് ലക്ഷം രൂപയെന്ന പരിധി നിശ്ചയിച്ച സമയത്ത് പട്ടികയിൽ ഇടംപിടിച്ചവരാണ് അനർഹരെന്ന് കണ്ടെത്തിയവരിൽ ഭൂരിഭാഗവുമെന്ന് ഏഴാം വാർഡ് മെമ്പർ ഗോപിനാഥൻ കോട്ടുപറമ്പിൽ പറഞ്ഞു. പെൻഷൻ വാങ്ങുന്നവർ സാമ്പത്തികമായി വലിയ അഭിവൃദ്ധിയുള്ളവരല്ല. മക്കൾക്ക് കാർ ഉണ്ടെന്നത് അനർഹരാക്കുന്നതിന് മാനദണ്ഡമല്ല. ഒരുവാർഡിന്റെ കാര്യത്തിൽ മാത്രം പരാതി നൽകിയതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഗോപിനാഥൻ പറഞ്ഞു. ക്ഷേമപെൻഷൻ വാങ്ങുന്നയാളല്ല, മകനാണ് ബി.എം.ഡബ്ലിയു കാറിന്റെ ഉടമയെന്നാണ് വിവരം.
Source link