സംഭൽ മസ്ജിദ്: വേണ്ടത് സമാധാനം എന്ന് സുപ്രീം കോടതി
സംഭൽ മസ്ജിദ്: വേണ്ടത് സമാധാനം എന്ന് സുപ്രീം കോടതി – Supreme Court Halts Sambhal Mosque Survey, Calls for Peace | India News | Malayalam News | Manorama Online | Manorama News
സംഭൽ മസ്ജിദ്: വേണ്ടത് സമാധാനം എന്ന് സുപ്രീം കോടതി
മനോരമ ലേഖകൻ
Published: November 30 , 2024 01:22 AM IST
1 minute Read
അഭിഭാഷക സർവേയിലെ വിവരങ്ങൾ പുറത്തുവിടരുത്
മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കണം
യുപി സർക്കാർ സമാധാനസമിതി രൂപീകരിക്കണം
സംഭലിലെ ഷാഹി ജുമാ ജുമാ മസ്ജിദിനു മുന്നിൽ കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ. ചിത്രം: പിടിഐ
ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ സംഭൽ ജില്ലയിലെ ചന്ദൗസിയിലുള്ള ഷാഹി ജുമാ മസ്ജിദിൽ അവകാശവാദമുന്നയിച്ചുള്ള ഹർജികളിൽ തുടർനടപടികൾ കൈക്കൊള്ളുന്നതിൽനിന്നു ജില്ലാ കോടതിയെ സുപ്രീം കോടതി വിലക്കി. ഇപ്പോഴത്തേതു പോലെയുള്ള സംഭവങ്ങളല്ല, സമാധാനാന്തരീക്ഷവും സാഹോദര്യവുമാണ് ഉറപ്പാക്കേണ്ടതെന്നു യുപി സർക്കാരിനെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഓർമിപ്പിച്ചു. ജില്ലാ കോടതിയുടെ ഉത്തരവുപ്രകാരം കഴിഞ്ഞയാഴ്ച മസ്ജിദിൽ നടത്തിയ അഭിഭാഷക സർവേയിലെ വിവരങ്ങൾ പുറത്തുവിടുന്നതും തടഞ്ഞു. സർവേയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് 10 ദിവസത്തിനകം സമർപ്പിക്കാൻ ജില്ലാ കോടതി നിർദേശിച്ചതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടികൾ വിലക്കിയത്.
1526 ൽ മുഗൾ ചക്രവർത്തി ബാബറിന്റെ കാലത്ത് ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമിച്ചതെന്ന ഹിന്ദുവിഭാഗത്തിന്റെ അവകാശവാദത്തെത്തുടർന്നായിരുന്നു അഭിഭാഷക സർവേ. ഞായറാഴ്ച ഇതിനെതിരായ പ്രതിഷേധത്തെത്തുടർന്നുള്ള വെടിവയ്പിൽ 4 പേർ (അനൗദ്യോഗിക കണക്കുപ്രകാരം 5 പേർ) കൊല്ലപ്പെട്ടതിനു പിന്നാലെ മസ്ജിദ് കമ്മിറ്റിയാണു സുപ്രീം കോടതിയെ സമീപിച്ചത്. സർവേയ്ക്കെതിരെ അലഹാബാദ് ഹൈക്കോടതിയിൽ ഹർജി നൽകാൻ സുപ്രീം കോടതി നിർദേശിച്ചു. ലിസ്റ്റ് ചെയ്തു 3 ദിവസത്തിനകം ഹൈക്കോടതി വാദം കേൾക്കണം. സുപ്രീം കോടതിയിലെ ഹർജികൾ ജനുവരി ആറിനു പരിഗണിക്കാനായി മാറ്റി.
ഈ ഘട്ടത്തിൽ കേസിന്റെ വസ്തുതകളിലേക്കു കടക്കുന്നില്ലെന്നു ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസ് സഞ്ജയ് കുമാർ കൂടി ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. എല്ലാ വിഭാഗത്തിന്റെയും പ്രാതിനിധ്യവും നിഷ്പക്ഷ സ്വഭാവവുമുള്ള സമാധാനസമിതി രൂപീകരിച്ച് പ്രശ്നപരിഹാരത്തിനു മധ്യസ്ഥ ചർച്ച നടത്താൻ സർക്കാർ മുൻകയ്യെടുക്കണം. തങ്ങളുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായും തിരക്കിട്ടുമാണ് ജില്ലാ കോടതി സർവേയ്ക്ക് ഉത്തരവിട്ടതെന്നു മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഉത്തരവു വന്നു മണിക്കൂറുകൾക്കകം തന്നെ വൻ സുരക്ഷാ സന്നാഹത്തോടെ സർവേ തുടങ്ങുകയും ചെയ്തു. 1991 ലെ ആരാധനാലയ നിയമപ്രകാരം, സംഭലിലെ പള്ളി സംരക്ഷിത സ്വഭാവമുള്ളതാണെന്നും വാദിച്ചു.
English Summary:
Shahi Juma Masjid: Supreme Court intervenes in the Sambhal Mosque dispute, prioritizing peace and urging the formation of a peace committee
mo-educationncareer-government-order mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-news-common-uttar-pradesh-news 3lsmsj77agat6a4kkefn3d134b
Source link