KERALAMLATEST NEWS

ബിഎംഡബ്ല്യു   കാറും മണിമാളികയും ഉള്ളവർക്കും സാമൂഹ്യ  സുരക്ഷാപെൻഷൻ, വെളിപ്പെടാൻ ഇനിയും കൂടുതൽ കാര്യങ്ങൾ

തിരുവനന്തപുരം: ബിഎംഡബ്ല്യു കാറും കൂറ്റൻ മണിമാളികകളും ഉള്ളവർക്കുപോലും സാമൂഹ്യ സുരക്ഷാപെൻഷൻ ലഭിച്ചിരുന്നു എന്ന് കണ്ടെത്തിയതോടെ കടുത്ത നടപടികളിലേക്ക് ധനകാര്യവകുപ്പ്. കോട്ടക്കൽ നഗരസഭയിൽ പെൻഷൻ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദ്ദേശം നൽകിക്കഴിഞ്ഞു.

പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് നൽകിയ റവന്യൂ ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചുനൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടർ നടപടികൾ ഉടൻ റിപ്പോർട്ടുചെയ്യാനും ധനവകുപ്പിന്റെ നിർദ്ദേശമുണ്ട്. മാത്രമല്ല അന്വേഷണ പുരോഗതി ഓരോമാസവും വിലയിരുത്തുകയും ചെയ്യും.

മലപ്പുറം ജില്ലയിലെ കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയിൽ 42 ഗുണഭോക്താക്കളിൽ 38 പേരും അനർഹരാണെന്നാണ് കണ്ടെത്തിയത്. ബിഎംഡബ്ള്യു കാർ ഉടമകൾ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നും കണ്ടെത്തിയിരുന്നു. ചില ക്ഷേമ പെൻഷൻകാരുടെ വീടുകളിൽ എയർ കണ്ടിഷണർ ഉൾപ്പെടെ സുഖ സൗകര്യങ്ങളുമുണ്ട്,.ഭാര്യയോ ഭർത്താവോ സർവീസ് പെൻഷൻ പ​റ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നു.

മിക്കവരുടെയും വീട് 2000 ചതുരശ്ര അടി തറ വിസ്തൃതിയിലും കൂടുതൽ വലുപ്പമുള്ളതാണെന്നും കണ്ടെത്തി.ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനുപിന്നിൽ അഴിമതിയും ഗുഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ് ധന വകുപ്പ് പരിശോധനാ വിഭാഗം റിപ്പോർട്ട് ചെയ്തത്‌. മറ്റിടങ്ങളിൽ നടത്തുന്ന പരിശോധനയിൽ കൂടുതൽ തട്ടിപ്പ് വെളിപ്പെടുമെന്നാണ് കരുതുന്നത്.

സാമൂഹ്യസുരക്ഷാപെൻഷൻ തട്ടിയെടുത്ത സർക്കാർ ജീവനക്കാർ പതിനായിരം കടക്കും എന്നാണ് കരുതുന്നത്. ഇതുവഴി 50കോടിയാണ് ഖജനാവിന് നഷ്‌ടം.ഇൻഫർമേഷൻ കേരള മിഷന്റെ പരിശോധനയിലാണ് 1458 ജീവനക്കാരുടെ തരികിട വെളിപ്പെട്ടത്. മൂന്നു വർഷത്തിനിടെ ഇവർ 8.40കോടി രൂപയാണ് കൈപ്പറ്റിയത്.


Source link

Related Articles

Back to top button